തിരൂര്‍ ഡയാലിസിസ് സെന്റര്‍: സി.പി.എം അക്രമത്തിനെതിരെ വന്‍പ്രതിഷേധം

ജില്ലാ ആസ്പത്രിയില്‍ സജ്ജീകരിച്ച ഡയാലിസിസ് സെന്ററിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന യോഗത്തിനിടെ അക്രമം അഴിച്ചുവിട്ട സി.പി.എം കാപാലികതക്കെതിരെ തിരൂരില്‍ പ്രതിഷേധം കത്തിയാളി. 
 
മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ വൈകുന്നേരം നടന്ന പ്രതിഷേധ റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പൂങ്ങോട്ടുകുളത്തു നിന്ന് തുടങ്ങിയ റാലി ബസ്സ്റ്റാന്റ് പരിസരത്ത് പൊതുസമ്മേളനത്തോടെ സമാപിച്ചു. 
ജനകീയ പങ്കാളിത്തത്തോടെ ജില്ലാ ആസ്പത്രിയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കാനുള്ള സി.പി.എം നീക്കത്തിനെതിരെ രാഷ്ട്രീയം മറന്ന് പൊതുജനങ്ങളുടെ പ്രതിഷേധമായി റാലി മാറി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള മാര്‍ക്‌സിസ്റ്റ് നയം അനുവദിക്കില്ലെന്ന് പ്രതിഷേധ റാലി മുന്നിറിയിപ്പ് നല്‍കി. ജനകീയ വികസന കൂട്ടായ്മകളില്‍ അക്രമം അഴിച്ചുവിട്ട് രക്തച്ചൊരിച്ചില്‍ നടത്താനുള്ള സി.പി.എം നീക്കം ഒറ്റക്കെട്ടായി പ്രതിരോധിക്കും. 
 
കഴിഞ്ഞ ദിവസം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സി.മമ്മൂട്ടി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തില്‍ തിരൂര്‍ ജി.എല്‍.പി സ്‌കൂളില്‍ നടന്ന ജനകീയ കണ്‍വന്‍ഷനിലാണ് സി.പി.എം ആക്രമം. അക്രമത്തില്‍ നിരവധി യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഡയാലിസിസുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍മ പദ്ധതി തയാറാക്കാനായിരുന്നു കണ്‍വന്‍ഷന്‍ ചേര്‍ന്നത്. നേതാക്കളെ കൈയേറ്റം ചെയ്യാന്‍ കസേരകൊണ്ട് പാഞ്ഞടുത്ത സി.പി.എമ്മുകാരെ പ്രതിരോധിക്കാനെത്തിയ യൂത്ത്‌ലീഗ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഡയാലിസിസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിലവിലെ പ്രയാസങ്ങള്‍ വിശദീകരിക്കുന്നത് തടസപ്പെടുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. വനിതാ പ്രവര്‍ത്തകരടക്കം നിരവധി പേരെ അക്രമത്തിന് സി.പി.എം സജ്ജമാക്കി നിര്‍ത്തുകയായിരുന്നു. നേതാക്കളുടെ അവസോരിചതമായ ഇടപെടലാണ് സംഘര്‍ഷം രൂക്ഷമാകാതെ മാറ്റിയത്. 
 
മേഖലയില്‍ സി.പി.എം നടത്തുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം ജനകീയ വികസന കണ്‍വന്‍ഷനിലും നടന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം അലയടിക്കുന്നതായിരുന്നു ഇന്നലെ മണ്ഡലം മുസ്‌ലിംലീഗിന്റെ പ്രതിഷേധ റാലി. ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് പി. സൈതലവി മാസ്റ്റര്‍, മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് സി. മുഹമ്മദലി, ജന.സെക്രട്ടറി വെട്ടം ആലിക്കോയ ട്രഷറര്‍ എം.പി കോയ, ഭാരവാഹികളായ പി.സി ഇസ്ഹാഖ്, ടി. ബീരാന്‍കുട്ടി, സി.പി ബഷീര്‍ മുനിസിപ്പല്‍ ഭാരവാഹികളായ കക്കോടി മൊയ്തീന്‍കുട്ടിഹാജി, കെ.പി ഹുസൈന്‍ മണ്ഡലം എസ്.ടി.യു സെക്രട്ടറി കല്‍പ ബാവ, ജില്ലാ യൂത്ത് ലീഗ് ട്രഷറര്‍ സി.കെ ഹമീദ് നിയാസ്, മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് ് അഡ്വ. വി.കെ ഫൈസല്‍ ബാബു, സെക്രട്ടറി പി.പി ശംസു മാസ്റ്റര്‍, വി.വി ഹെമിന്‍, ഉസ്മാന്‍ പറവണ്ണ, വി.ഇ ലത്തീഫ്, ഫൈസല്‍ എടശേരി, ഷാജഹാന്‍ തലക്കാട്, വി. മന്‍സൂറലി, പി.വി സമദ് നേതൃത്വം നല്‍കി.

Search site