തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ പണിമുടക്ക്

ഡോക്ടര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തതില്‍ പ്രതിഷേധിച്ച്തി രൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. വെള്ളിയാഴ്ച ഉച്ചവരെയാണ് സമരം നടത്തിയത്. ഇതെ തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചു. പേപ്പട്ടി വിഷബാധക്കെതിരെയുള്ള വാക്‌സിനെടുക്കാനായി കുട്ടിയെയുമായെത്തിയ യുവതിയോട് അസഭ്യം പറയുകയും ചികില്‍സ നിഷേധിക്കുകയും ചെയ്തതായി കാണിച്ച് തിരൂരങ്ങാടി പോലീസാണ് സൈക്യാട്രിസ്റ്റ് ഡോ. മുഹമ്മദ് മുസ്തഫക്കെതിരെ കേസെടുത്തത്. കരിപറമ്പ് സ്വദേശി ഹരീഫയാണ് പരാതിക്കാരി. മരുന്ന് തീര്‍ന്നതിനാലാണ് കുത്തിവെപ്പ് നല്‍കാതിരുന്നതെന്നും മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചിരുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കേസെടുത്തതിനെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ് ദന്തഡോക്ടറായ ലിഷയെ ഒരു സ്ത്രീ അടിക്കാനോങ്ങകുകയും അസഭ്യം പറയുകയും ചെയ്തതായുള്ള ആക്ഷേപം ഉയര്‍ന്നത്. ഇതോടെ ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്ക് ആരംഭിച്ചു. ഒ പി ടിക്കറ്റ് എടുത്തവരടക്കമുള്ള രോഗികള്‍ വലഞ്ഞു. ഉച്ചയോടെ സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് വി പി അഹമ്മദ് കുട്ടി ഹാജി ഡോക്ടര്‍മാരുമായി സംസാരിച്ചു. പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനായി പരാതിക്കാരുമായി ചര്‍ച്ച നടത്താമെന്നും വ്യക്തമാക്കി. ഇതോടെ സമരം നിര്‍ത്തി പരാതിക്കാരുമായി സംസാരിച്ചുവെന്നും ശനിയാഴ്ച രാവിലെ പരാതി പിന്‍വലിക്കുന്നതിനുള്ള നടപടിയെടുക്കാന്‍ പോലീസിനെ സമീപിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വി പി അഹമ്മദ്കുട്ടി ഹാജി പറഞ്ഞു.

എന്നാല്‍ വെള്ളിയാഴ്ച വൈകിട്ടു തന്നെ കേസ് പിന്‍വലിക്കുമെന്നാണ് തങ്ങളെ അറിയിച്ചിരിക്കുന്നതെന്നും ശനിയാഴ്ച രാവിലെ മുതല്‍ അതുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. തീരുമാനമായില്ലെങ്കില്‍ ശനിയാഴ്ച മുതല്‍ സമരം നടത്തുമെന്ന് കാണിച്ച് സൂപ്രണ്ടിന് ഡോക്ടര്‍മാര്‍ കത്തും നല്‍കിയിട്ടുണ്ട്

Search site