തിരുവോണം ചാരെ; ഒരുക്കങ്ങളുമായി പ്രവാസികളും

 മലയാളിയുടെ സ്വന്തം ആഘോഷമായ തിരുവോണം ചാരെയെത്തി. നാട്ടിലേതു പോലെ അത്ര വിപുല സൗകര്യങ്ങളോടെയല്ലെങ്കിലും പ്രവാസികളും ഫ്‌ളാറ്റുകളിലും താമസയിടങ്ങളിലും പൂക്കളമൊരുക്കിയും ഓണദ്യയോടെയും തങ്ങളാലാവും വിധത്തില്‍ തിരുവോണത്തെ ഹൃദയപൂര്‍വം വരവേല്‍ക്കാനൊരുങ്ങുകയാണ്. 
 
പ്രവൃത്തി ദിവസമായ തിങ്കളാഴ്ചയാണ് തിരുവോണമെന്നതിനാല്‍ ഭൂരിഭാഗം പേര്‍ക്കും ജോലിയില്‍ വ്യാപൃതരാവേണ്ടി വരും. ജോലിത്തിരക്കിനിടയില്‍ ഓണസദ്യ കഴിക്കേണ്ട സ്ഥിതിയാണ്. എന്നാല്‍, വാരാന്ത്യ അവധിയായ വെള്ളിയും ശനിയും വ്യാഴാഴ്ച വൈകുന്നേരവുമൊക്കെ ഓണാഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട് പല കുടുംബങ്ങളും കൂട്ടായ്മകളും.
 
 ഈ വര്‍ഷം ദുബൈയിലേതിനെക്കാള്‍ കൂടുതല്‍ കൂട്ടായ്മകളുടെ ആഘോഷം ഷാര്‍ജയിലും അബുദാബിയിലും മറ്റും നടക്കുമെന്നാണ് അറിയുന്നത്. സംഘടനാ സംബന്ധമായ ചില നിബന്ധനകളും മറ്റുമുള്ളതിനാലാണിതെന്നാണ് വിവരം. അതേസമയം, അംഗീകൃത സംഘടനകളുടെ പരിപാടികള്‍ ദുബൈയില്‍ തന്നെ നടക്കുകയും ചെയ്യും. 
 
അതോടൊപ്പം, അടുത്ത രണ്ടു മാസക്കാലത്തോളം ഓണാഘോഷം ഉണ്ടായിരിക്കുമെന്ന സവിശേഷത കൂടിയുണ്ട്. മറ്റൊരു സമൂഹത്തിന്റെയും ആഘോഷങ്ങള്‍ ഇത്ര നീണ്ട കാലയളവില്‍ പ്രവാസ ലോകത്ത് കൊണ്ടാടപ്പെടുന്നില്ലെന്നത് എടുത്തു പറയേണ്ടതാണ്.
ഹോട്ടലുകളും റെസ്‌റ്റോറന്റുകളും വിഭവ സമൃദ്ധമായ ഓണസദ്യയുമായി മല്‍സരിക്കുകയാണ്. മലയാളിയുടെ ഗൃഹാതുരതയെ പ്രലോഭിപ്പിക്കുന്ന തരത്തിലുള്ള സ്വാദിഷ്ഠമായ മെനുവാണ് പല റെസ്‌റ്റോറന്റുകളും തയാറാക്കിയിരിക്കുന്നത്. പല ഭക്ഷണശാലകളിലും ഓണം മെനു നേരത്തെ തന്നെ പ്രദര്‍ശിപ്പിച്ചു വരുന്നുണ്ട്.
രാജ്യത്തെ പച്ചക്കറി മാര്‍ക്കറ്റുകളില്‍ തൂശനിലയും പൂക്കളും പായസവും മറ്റു ഓണവിഭവങ്ങളും കേരളത്തില്‍ നിന്ന് എത്തിക്കഴിഞ്ഞിട്ടുണ്ട്. ലുലു അടക്കമുള്ള ഹൈപ്പര്‍-സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഓണവിഭവങ്ങള്‍ വിലപനക്ക് തയാറായി. 
 
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രത്യേക ഓണപരിപാടികള്‍ തന്നെ ആസൂത്രണം ചെയ്തിട്ടുണ്ട്. എട്ടു തരം പായസങ്ങള്‍ ഖിസൈസ് ലുലുവില്‍ തയാറാണ്. 
 
ഓണസ്മൃതികള്‍ തൊട്ടുണര്‍ത്തുന്ന നിരവധി പരിപാടികള്‍ പല എമിറേറ്റുകളിലും ഒരുക്കിയിട്ടുണ്ട്. ഈ ഓണക്കാലം ചൂട് കുറഞ്ഞ കാലാവസ്ഥയിലാണെന്നത് ആശ്വാസം പകരുന്നതാണ്.

Search site