താനൂര്‍ ബസ്സപകടം: കാരണം അമിതവേഗംതന്നെയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

താനൂര്‍ മുക്കോലയില്‍ ബസ് ഓട്ടോയിലിടിച്ച് എട്ടുപേര്‍ മരിക്കാനിടയായ അപകടത്തിന് കാരണം ബസ്സിന്റെ അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയുമായിരുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്.
 
കഴിഞ്ഞമാസം 30നാണ് താനൂരില്‍ ബസ് ഓട്ടോയിലിടിച്ച് ഓട്ടോറിക്ഷയിലുണ്ടായിരുന്ന എട്ടുപേര്‍ മരിച്ചത്.
 
താനൂര്‍ ബസ്സപകടത്തില്‍ മരണസംഖ്യ കൂടാനുണ്ടായ പ്രധാന കാരണം അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷയില്‍ കൂടുതല്‍ ആളുകളെ കയറ്റിയതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രൈവര്‍ അടക്കം നാലുപേര്‍ക്ക് മാത്രം യാത്രചെയ്യാവുന്ന ഓട്ടോറിക്ഷയില്‍ പത്തുപേരുണ്ടായിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് രണ്ടുപേര്‍ വഴിയിലിറങ്ങി. അപകടം നടക്കുമ്പോള്‍ ഓട്ടോയില്‍ ഉണ്ടായിരുന്ന എട്ടുപേരും മരിച്ചു. അതുകൊണ്ട് ഈ ദുരന്തത്തില്‍നിന്ന് ഓട്ടോഡ്രൈവറും കുറ്റവിമുക്തനല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമിതവേഗത്തിലും അശ്രദ്ധയോടുംകൂടി വന്ന ബസ് ഓട്ടോയിലിടിക്കുകയും കുറച്ചുദൂരം ഓട്ടോയെ വലിച്ചുകൊണ്ടുപോവുകയുംചെയ്തുവെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
 
ബസ്സിന്റെ യഥാര്‍ഥ ഉടമസ്ഥനെ കണ്ടെത്താനോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും പെര്‍മിറ്റും കസ്റ്റഡിയിലെടുക്കാനോ ഇതുവരെയും സാധിച്ചിട്ടില്ല. അതുകൊണ്ട് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അധികാരമുപയോഗിച്ച് ബസ്സിന്റെ പെര്‍മിറ്റും ഫിറ്റ്‌നസും റദ്ദാക്കാനുള്ള നടപടികളാരംഭിച്ചിട്ടുണ്ട്.
 
ഇതിനുപുറമെ അപകടത്തില്‍പ്പെട്ട ബസ്സിന് ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ കവറിങ്‌നോട്ട് മാത്രമാണ് കണ്ടെടുക്കാനായത്. ഇന്‍ഷുറന്‍സ് പോളിസി അനുവദിക്കുന്നതിനുമുമ്പ് കിട്ടുന്നതാണ് കവറിങ്‌നോട്ട്. എന്നാല്‍ ഈ കവറിങ്‌നോട്ടിന് സാധുതയില്ലെന്നാണ് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞത്. അതോടെ ഫലത്തില്‍ ബസ്സിന് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെന്നാണ് തെളിഞ്ഞിരിക്കുന്നതെന്ന് ആര്‍.ടി.ഒ അജിത്കുമാര്‍ പറഞ്ഞു.

Search site