ഡ്രൈവര്‍ ഓടിച്ചു; ഗൂഗ്ള്‍ കാര്‍ ഇടിച്ചു

മനുഷ്യസഹായമില്ലാതെ ഓടുന്ന ഗൂഗ്ളിന്‍െറ സ്വയം നിയന്ത്രിത കാര്‍ അപകടത്തില്‍. ജകാര്‍ത്തയിലെ തിരക്കേറിയ നഗരത്തിലാണ് അപകടം. അപകട സമയം കാറിനുള്ളില്‍ ഡ്രൈവര്‍ ഉണ്ടായിരുന്നു. ഡ്രൈവറുടെ സഹായമില്ലാതെ 30,000ത്തോളം കിലോമീറ്റര്‍ സഞ്ചരിച്ച് ഖ്യാതി നേടിയ കാര്‍ ഡ്രൈവറുടെ സാന്നിധ്യത്തില്‍ അപകടത്തിലായത് ഗൂഗ്ളിനെ ആശങ്കയിലാക്കി. കഴിഞ്ഞ ദിവസം രാവിലെ രണ്ട് ബസിലും ഒരു ട്രക്കിലുമാണ് കാര്‍ ഇടിച്ചത്. അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റോയെന്ന് അറിവായിട്ടില്ല.
 ഗൂഗ്ള്‍ കാര്‍ ഒരു ബസിന്‍െറ വശത്ത് തട്ടിയതിനെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ കാര്‍ ഡ്രൈവറോട് ക്ഷുഭിതനായി. ഇതോടെ കാര്‍ ഡ്രൈവര്‍ അസ്വസ്ഥനാവുകയും കാറിന്‍െറ നിയന്ത്രണം വിട്ട് മറ്റൊരു ബസിലും ട്രക്കിലും ചെന്ന് ഇടിക്കുകയുമായിരുന്നെന്ന് ദൃക്സാക്ഷി പറഞ്ഞു.
 സംഭവത്തെ തങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും അപകടത്തെക്കുറിച്ച് പ്രാദേശിക അധികൃതരുമായി ചര്‍ച്ച ചെയ്യുകയാണെന്നും ഗൂഗ്ള്‍ കാറിന്‍െറ ഇന്തോനേഷ്യയിലെ കമ്യൂണിക്കേഷന്‍സ് തലവന്‍ വിഷ്്ണു മഹ്മൂദ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
 ഗൂഗ്ള്‍ മാപ്പിങ്ങിന് കൂടി സഹായകരമാകുന്ന തരത്തിലാണ് ആളില്ലാ കാര്‍ ഗൂഗ്ള്‍ വികസിപ്പിച്ചെടുത്തത്. കാര്‍ കടന്നുപോകുന്ന വഴികളും സ്ഥലങ്ങളുമെല്ലാം കാറിന് മുകളില്‍ ഘടിപ്പിച്ച കാമറ പകര്‍ത്തും. 2011ല്‍ അമേരിക്കയിലെ നെവാഡ പട്ടണത്തിലാണ് ആദ്യമായി ഗൂഗ്ള്‍ കാര്‍ ഓടിയത്. തുടര്‍ന്ന് ഫ്ളോറിഡ, കാലിഫോര്‍ണിയ എന്നിവിടങ്ങളിലും പരീക്ഷിച്ചു. കാറിന്‍െറ പരീക്ഷണ ഓട്ടം വിജയകരമായതോടെ മറ്റു രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുകയായിരുന്നു. ലോകത്ത് ആദ്യമായി ആളില്ലാ കാറിനുള്ള ലൈസന്‍സ് സ്വന്തമാക്കിയതും ഗൂഗ്ളാണ്.
 ഹെയര്‍പിന്‍ വളവുകളിലും മലയോര പ്രദേശങ്ങളിലും വിജയകരമായി സവാരി നടത്തിയ കാര്‍ നഗരത്തില്‍ അപകടത്തിലായത് ഗൂഗ്ളിനെ ഞെട്ടിച്ചിരിക്കുകയാണ്.

Search site