ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞ് കാര്‍ കത്തിനശിച്ചു

 വിനോദ യാത്രാ സംഘം സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു കത്തി. പൂര്‍ണമായി കത്തി നശിച്ച കാറില്‍ നിന്നും നാലംഗ സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു. ജില്ലാ അതിര്‍ത്തിയായ ഇടിമുഴിക്കലിനും രാമനാട്ടുകരക്കുമിടയിലുള്ള നിസരി ജങ്ഷനിലാണ് അപകടമുണ്ടായത്. 
 
തിങ്കളാഴ്ച രാത്രി 12 മണിക്കായിരുന്നു അപകടം. കുന്നംകുളത്ത് നിന്ന് കൊടകിലേക്കുള്ള വിനോദ യാത്രാ സംഘമായിരുന്നു കാറിലുണ്ടായിരുന്നത്. കുന്നംകുളം സ്വദേശികളായ സനൂപ്, ഉമ്മര്‍, നൗഷാദ്, ഷമീര്‍ എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഡിവൈഡറില്‍ തട്ടി സിഗ്നല്‍ പോസ്റ്റില്‍ ഇടിച്ച ശേഷം മറിയുകയായിരുന്നു. ഉടനെ തന്നെ കാര്‍ കത്തുകയും ചെയ്തു. 
 
മീഞ്ചന്തയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തും മുമ്പേ കാര്‍ പൂര്‍ണമായും കത്തിച്ചാമ്പലായി. വിനോദ യാത്രാ സംഘത്തിന്റെ കയ്യിലുണ്ടായിരുന്ന നാല് മൊബൈല്‍ ഫോണുകളും 15,000 രൂപയും കാറിന്റെ ഒറിജിനല്‍ ആര്‍.സി ബുക്കും കത്തി നശിച്ചു.

Search site