ഡസ്റ്റന്‍ തിരിച്ചുവരുന്നു, വില നാലു ലക്ഷം

നിസാന്റെ ബജറ്റ് കാറായ ഡസ്റ്റന്‍ മൂന്നു പതിറ്റാണ്ടിന്റെ ഇടവേളക്കുശേഷം വിപണിയില്‍ തിരിച്ചെത്തുന്നു. ആഢംബര കാറുകളുടെ രൂപഭംഗിയും ബജറ്റ് കാറിന്റെ വിലയുമുള്ള ഡസ്റ്റന്‍ ഒട്ടേറെ സവിശേഷതകളോടെയാണ് വീണ്ടും വിപണി കീഴടക്കാനെത്തുന്നത്. 
 
പ്രധാനമായും ഇന്ത്യന്‍ വിപണിയെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന കാറിന് 'ഡസ്റ്റന്‍ ഗോ' എന്നാണ് പേരിട്ടിരിക്കുന്നത്. നാലു ലക്ഷം രൂപയില്‍ താഴെയായിരിക്കും ഷോറൂം വില. 2014 ആദ്യം മുതല്‍ കാര്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങുമെന്ന് നിസാന്‍ മോട്ടോര്‍ കമ്പനി പ്രസിഡന്റും സി.ഇ.ഒയുമായ കാര്‍ലോസ് ഗോസന്‍ പറഞ്ഞു.
 
ഇന്ന് നിസാന്റെ ചരിത്രത്തില്‍ ഞങ്ങള്‍ പുതിയൊരു അധ്യായം തുടങ്ങുകയാണ്. ഡസ്റ്റന്‍ തിരിച്ചുവരുന്നു. അടുത്തവര്‍ഷമാദ്യം കാര്‍ ഇന്ത്യയില്‍ വില്‍പനക്കെത്തും. തുടര്‍ന്ന് ഇന്തൊനീഷ്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ വിപണികളിലും കാര്‍ വില്‍പ്പനക്കെത്തും- കാര്‍ലോസ് ഗോസന്‍ പറഞ്ഞു.
 
ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തിപ്പെടുത്തുക കൂടിയാണ് ബജറ്റു കാറുമായുള്ള രംഗപ്രവേശത്തിനു പിന്നില്‍ നിസാന്റെ തന്ത്രം. നിലവില്‍ ഇന്ത്യന്‍ കാര്‍ വിപണിയുടെ 1.2 ശതമാനം മാത്രമാണ് നിസാനിനുള്ളത്. 2016 മധ്യത്തോടെ ഇത് 10 ശതമാനമായി ഉയര്‍ത്തുകയാണ് കമ്പനി ലക്ഷ്യമെന്ന് ഗോസന്‍ കൂട്ടിച്ചേര്‍ത്തു.
 
2011ല്‍ 30 ലക്ഷം കാറുകളാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റുപോയത്. 2014ല്‍ ഇത് നാല്‍പതു ലക്ഷം കവിയുമെന്നാണ് കണക്കുകൂട്ടല്‍. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലുള്ള കാറിന്റെ രൂപകല്‍പ്പനയും അസംബ്ലിംഗും പൂര്‍ണമായും ഇന്ത്യയില്‍ തന്നെയാണ് നടക്കുന്നത്. അടുത്തിടെ പ്രവര്‍ത്തനം തുടങ്ങിയ ചെന്നൈയിലെ നിസാന്‍ പ്ലാന്റിലായിരിക്കും ഡസ്റ്റന്‍ പുനര്‍ജനിക്കുക.
 
വികസ്വര രാജ്യങ്ങളായ ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവയിലാണ് നിസാന്‍ കണ്ണുവെക്കുന്നത്. 2014 അവസാനത്തോടെ ഈ രാജ്യങ്ങളില്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്ന നിസാന്റെ അനേകം മോഡലുകളില്‍ ആദ്യത്തേതാകും ഡസ്റ്റന്‍ ഗോ എന്ന് ഗോസന്‍ പറഞ്ഞു.
 
1986ലാണ് നിസാന്‍ ഡസ്റ്റന്‍ ബ്രാന്റിന്റെ നിര്‍മാണം നിര്‍ത്തിവെച്ചത്. അന്ന് 190 രാജ്യങ്ങളില്‍ വിപണിയുണ്ടായിരുന്നു ഡസ്റ്റന്. ഇന്ത്യന്‍ വാഹന നിര്‍മാണ കമ്പനിയായ ബജാജുമായി സഹകരിച്ച് 2,500 യു.എസ് ഡോളര്‍(ഒന്നര ലക്ഷംരൂപ) വില വരുന്ന ചെറുകാര്‍ വിപണിയില്‍ എത്തിക്കാന്‍ നേരത്തെ നിസാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഇത് വിജയിച്ചിരുന്നില്ല.
 
2015-16 കാലയളവിലായി ലോക വിപണിയില്‍ 51 പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നതായി നിസാന്‍ അവകാശപ്പെട്ടു. ഇന്ത്യയില്‍ ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ചെന്നൈയിലെ പ്ലാന്റിനു പുറമെ പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ആലോചനയാണ് നടക്കുന്നത്. 
 
ഇന്ത്യയില്‍ മാത്രം 2016നുള്ളില്‍ 10 പുതിയ മോഡലുകള്‍ അവതരിപ്പിക്കും. കമ്പനിയുടെ മൊത്തം വിപണിയുടെ 60 ശതമാനവും വികസ്വര രാജ്യങ്ങളില്‍ നിന്നാക്കണമെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗോസന്‍ വിശദീകരിച്ചു.

Search site