ടെന്‍ വോള്‍ട്‌സ് ഒട്ടാഗോ

ഇംഗ്ലണ്ടില്‍നിന്ന് ഹോളണ്ട് താരം റയാന്‍ ടെന്‍ ഡസ്‌കാറ്റെയുടെ ഇന്ത്യയിലേക്കുള്ള വരവ് മോശമായില്ല. ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ക്രിക്കറ്റില്‍ ന്യൂസീലന്‍ഡ് ടീം ഒട്ടാഗോ വോള്‍ട്‌സിന് അന്തിമഘട്ടത്തിലേക്ക് യോഗ്യത നേടിക്കൊടുത്തത് ഡസ്‌കാറ്റെയുടെ തകര്‍പ്പന്‍ ഒള്‍റൗണ്ട് പ്രകടനം. രണ്ടുവിക്കറ്റോടെ ശ്രീലങ്കന്‍ ടീം കാണ്ടുരാത മറൂണ്‍സിനെ കടിഞ്ഞാണിച്ച ഡച്ച് താരം 32 പന്തില്‍ 64 റണ്‍സോടെ ബാറ്റിങ്ങിലും വിജയശില്പിയായി. യോഗ്യതാറൗണ്ടില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഒട്ടാഗോ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടി.
 
 മറൂണ്‍സ് ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ഒട്ടാഗോയ്ക്ക് തുടക്കം അത്ര ഭദ്രമായിരുന്നില്ല. ഹമീഷ് റുഥര്‍ഫഡ് (20), ക്യാപ്റ്റന്‍ ബ്രെണ്ടന്‍ മെക്കല്ലം (8) എന്നിവര്‍ പുറത്തായതോടെ എട്ടാം ഓവറില്‍ രണ്ടിന് 45 എന്ന നിലയിലായിരുന്നു അവര്‍. മെന്‍ഡിസിനെയും സുരാജ് രണ്ടീവിനെയും പോലുള്ള സ്പിന്നര്‍മാര്‍ വരാനിരിക്കെ, കിവികളെ കുരുക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു മറൂണ്‍സ്.
 
 എന്നാല്‍, ഡസ്‌കാറ്റെ എതിരാളികളുടെ പ്രതീക്ഷ അപ്പാടെ തകര്‍ത്തു. ലോക്കുറാച്ചി എറിഞ്ഞ 11-ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളും സിക്‌സറിന് പറത്തി ഡസ്‌കാറ്റെ തന്റെ വരവ് അറിയിച്ചു. കൗണ്ടി ടീം എസ്സക്‌സില്‍നിന്ന് യഥാസമയം പോരാന്‍ കഴിയാതിരുന്നതിനാല്‍ കഴിഞ്ഞമത്സരത്തില്‍ ഡസ്‌കാറ്റെ കളിച്ചിരുന്നില്ല.
 
 32 പന്ത് നേരിട്ട ഡച്ച് താരം രണ്ട് ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം 64 റണ്‍സെടുത്ത് ടീമിനെ വിജയത്തോടടുപ്പിച്ചശേഷമാണ് മടങ്ങിയത്. നീല്‍ ബ്രൂം (25), ജയിംസ് നീഷാം (19 പന്തില്‍ 32 നോട്ടൗട്ട്) എന്നിവരാണ് ഒട്ടാഗോയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍.
 
 ലങ്കന്‍ ടീമിനെ കൃത്യതയാര്‍ന്ന ബൗളിങ്ങിലൂടെയാണ് ഒട്ടാഗോ നിയന്ത്രിച്ചുനിര്‍ത്തിയത്. ഓപ്പണര്‍ ഉപുല്‍ തരംഗ 76 റണ്‍സോടെ ടീമിന് കരുത്ത് പകര്‍ന്നെങ്കിലും മറ്റുള്ളവര്‍ക്കൊന്നും തിളങ്ങാനായില്ല. 56 പന്തില്‍ ആറ് ബൗണ്ടറിയും മൂന്ന് സിക്‌സറുമടങ്ങുന്നതായിരുന്നു തരംഗയുടെ പ്രകടനം. ദില്‍ഹാര ലോക്കുഹെത്തിഗെ (15), ക്യാപ്റ്റന്‍ ലാഹിരു തിരിമന്നെ (6) എന്നിവരെ പുറത്താക്കിയ ഡസ്‌കാറ്റെയാണ് ലങ്കന്‍ ടീമിനെ തകര്‍ത്തത്. 
 
 അവസാനഘട്ടത്തില്‍ ഇയാന്‍ ബട്ട്‌ലറും മറൂണ്‍സിന്റെ പ്രതീക്ഷ കെടുത്തി. ബട്‌ലര്‍ നാലോവറില്‍ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍, ഡസ്‌കാറ്റ് രണ്ടോവറില്‍ ഒമ്പതുറണ്‍സ് വിട്ടുകൊടുത്താണ് രണ്ടുപേരെ പുറത്താക്കിയത്. ഡസ്‌കാറ്റെയാണ് കളിയിലെ കേമന്‍.
 
 തുടരെ രണ്ട് മത്സരം തോറ്റതോടെ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടുകയെന്ന ലക്ഷ്യം മറൂണ്‍സില്‍നിന്ന് അകന്നു. വെള്ളിയാഴ്ച ഫൈസലാബാദ് വോള്‍വ്‌സാണ് അവരുടെ അടുത്ത എതിരാളികള്‍.

Search site