ടിപ്പുസുല്‍ത്താന്റെ വാള്‍ ലണ്ടനില്‍ ലേലത്തിന്; കത്താറയില്‍ ഇന്നുകൂടി പ്രദര്‍ശിപ്പിക്കും

പതിനെട്ടാം നൂറ്റാണ്ടില്‍ മൈസൂര്‍ കടുവ ടിപ്പുസുല്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ വാള്‍ ലേലത്തില്‍. ഒക്‌ടോബര്‍ ഒന്‍പതിന് ലണ്ടനിലാണ് വാള്‍ ലേലം ചെയ്യുന്നത്. കത്താറയില്‍ നടക്കുന്ന സോത്ബിസ് എക്‌സിബിഷനിലാണ് ലണ്ടനില്‍ ലേലത്തിന് വെക്കാനുള്ള മൂല്യവത്തായ പൗരാണിക വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചത്. 
 
ആര്‍ട്ട് ഓഫ് ദി ഇസ്‌ലാമിക് വേള്‍ഡ് എന്നും ആര്‍ട്ട് ഓഫ് ഇംപീരിയല്‍ ഇന്ത്യ എന്നും പേരിട്ടിട്ടുള്ള പ്രദര്‍ശനത്തില്‍ മധ്യപൂര്‍വ്വേഷ്യയിലേയും ഒട്ടോമന്‍ സാമ്രാജ്യത്തിന്റേയും ചരിത്ര സ്മാരകങ്ങള്‍ ലേലം ചെയ്യുന്ന സോത്ത്ബീയില്‍ ഇന്ത്യന്‍ വിഭാഗത്തിന്റെ പ്രത്യേക ലേലമാണ് ഒരുക്കുന്നത്. 
 
കടുവയുടെ മുഖത്തോടെ പിടിയുള്ള വാളിന് എണ്‍പതിനായിരം മുതല്‍ ഒരുലക്ഷത്തി ഇരുപതിനായിരം പൗണ്ട് വരെയാണ് വില നല്‍കിയിരിക്കുന്നത്. ഏകദേശം എണ്‍പത് ലക്ഷം ഇന്ത്യന്‍ രൂപ മുതല്‍ ഒരു കോടി ഇരുപത് ലക്ഷം രൂപ വരെയാകും വാളിന്റെ വില. ഉരുക്കും വെങ്കലവും ചേര്‍ത്തുണ്ടാക്കിയ വാളിന് 103.2 സെന്റീമീറ്റര്‍ നീളമാണുള്ളത്. 
 
ടിപ്പുസുല്‍ത്താന്റെ വാളിന് പുറമേ ഉയര്‍ന്ന നിലവാരവും മനോഹരവുമായ മുഗള്‍ പെയിന്റിംഗുകള്‍, വസ്തുക്കള്‍, വസ്ത്രങ്ങള്‍, ആയുധങ്ങള്‍, ആഡംബര വസ്തുക്കള്‍, പഹാരി പെയിന്റിംഗ് (നിമ്‌നോന്നതമായ ചിത്രകലാ ശൈലി) തുടങ്ങിയവയാണ് ഇന്ത്യന്‍ വിഭാഗത്തില്‍ ഒരുക്കിയിട്ടുള്ളത്. 
 
അപൂര്‍വ്വമായ വൈരക്കല്ലുകളും സ്വര്‍ണ്ണവും ചേര്‍ത്തുണ്ടാക്കിയ തളിക അടങ്ങിയ ആഭരണപ്പെട്ടി തുടങ്ങിയവയാണ് ഇന്ത്യന്‍ വിഭാഗത്തിലുള്ളത്. വൈരവും സ്വര്‍ണ്ണവും ചേര്‍ന്ന തളിക അടങ്ങുന്ന പെട്ടിക്ക് രണ്ടു ലക്ഷം മുതല്‍ മൂന്ന് ലക്ഷം പൗണ്ട് വരെയാണ് വില ഇട്ടിരിക്കുന്നത്. ഇന്ത്യന്‍ രൂപയില്‍ ഏകദേശം രണ്ടു കോടി രൂപ മുതല്‍ മൂന്ന് കോടി വരെയാണ് ഇതിന് പ്രാഥമിക വില നല്‍കിയിരിക്കുന്നത്. 
 
ശ്രീരാമനും സീതയും കൊട്ടാരത്തിലെ ജനങ്ങളെ അഭിമുഖീകരിക്കുന്ന 1830- 40കളിലെ രാമായണ ചിത്രം ഇന്ത്യന്‍ വിഭാഗത്തിലെ മറ്റൊരു ആകര്‍ഷണീയതയാണ്. ചിത്രത്തില്‍ ഹനുമാനും നിലയുറപ്പിച്ചിട്ടുണ്ട്. സ്വര്‍ണ്ണം ചേര്‍ത്ത കടലാസില്‍ വരച്ചിട്ടുള്ള ചിത്രത്തിന് 45 സെന്റിമീറ്റര്‍ നീളവും 37.5 സെന്റീമീറ്റര്‍ വീതിയുമുണ്ട്. സോത്ത്‌ബേയുടെ ഖത്തറിലെ പ്രദര്‍ശനം ഇന്ന് സമാപിക്കും.

Search site