ഞാന്‍ പണ്ടേ സിഗരറ്റ് വലിച്ചിരുന്നു

തുറന്ന സമീപനങ്ങളിലൂടെ മലയാളി ഹൗസ് പ്രേക്ഷകരെ ഹരംപിടിപ്പിച്ച തിങ്കള്‍ബാലിന് പറയാനുള്ളത്...

എന്തൊക്കെയാണ് തിങ്കളിന്റെ കുടുംബവിശേഷങ്ങള്‍?

ഞങ്ങള്‍ അഞ്ചുപേരാണ്. പപ്പ, മമ്മി, ഞാന്‍, രണ്ടനുജത്തിമാര്‍. പപ്പ രാജ്ഘട്ട് സ്വദേശിയാണ്. മമ്മിയുടെ വീട് കട്ടപ്പന. മമ്മി ഡോക്ടറാണെങ്കിലും ഇപ്പോള്‍ പ്രാക്ടീസ് ചെയ്യുന്നില്ല. അവര്‍ രണ്ടുപേരും കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി ഡല്‍ഹിയില്‍ സോഷ്യല്‍വര്‍ക്ക് ചെയ്യുന്നു.ഞങ്ങള്‍ക്ക് ഡല്‍ഹിയില്‍ ആശ്രമമുണ്ടായിരുന്നു. ആരുമില്ലാത്ത ആളുകളെയാണ് അവിടെ ട്രീറ്റ് ചെയ്തിരുന്നത്. ഇപ്പോള്‍ കോട്ടയത്തെ എരുമേലിയില്‍ ആശ്രമം പണിയാനായി പുതിയ സ്ഥലം വാങ്ങി. എന്റെ പപ്പ വളരെ ബോള്‍ഡാണ്. ചെറുപ്പത്തില്‍ ഒന്നു വീണാല്‍ ആശ്വാസവാക്കുകള്‍ പറയുന്നതിനു പകരം മുമ്പോട്ടുനോക്കി നടക്കണമെന്നാണ് പപ്പ പറയുക. പത്തുരൂപപോലും പോക്കറ്റ്മണി തരാതിരിക്കുമ്പോള്‍ എന്തുകൊണ്ടാണ് പപ്പ ഇങ്ങനെയൊക്കെ പെരുമാറുന്നതെന്ന് ചിന്തിച്ചിരുന്നു. പക്ഷേ പപ്പ അന്ന് പഠിപ്പിക്കാന്‍ ട്രൈ ചെയ്തത് ഇപ്പോ എന്റെ ജീവിതത്തില്‍ വിലപ്പെട്ട പാഠങ്ങളായി. എത്ര വലിയ ആളുകള്‍ മുമ്പില്‍ നിന്നാലും പറയാനുള്ള കാര്യങ്ങള്‍ ഞാന്‍ തുറന്നുപറയും.

?പഠനമൊക്കെ എവിടെയായിരുന്നു. ഡല്‍ഹിയിലാണ് പഠിച്ചതും വളര്‍ന്നതും.

പ്ലസ് ടുവിന് കട്ടപ്പന ഓശാനം സ്‌കൂളിലാണ് പഠിച്ചത്. അതിനുശേഷം ഡല്‍ഹിയില്‍ ബി.എസ്.സിക്കു ചേര്‍ന്നു. സെക്കന്റ്ഇയര്‍ മുതല്‍ ഞാന്‍ ജോലിചെയ്തു തുടങ്ങി. അഞ്ചുവര്‍ഷമായി മോഡലിംഗും ആങ്കറിംഗും ചെയ്യുന്നു. ? സിനിമ അഭിനയത്തെക്കുറിച്ച്. ഇപ്പോള്‍ ചെയ്യുന്ന മലയാളസിനിമയുടെ പേര് ച്യൂയിംഗം. സണ്ണി വെയ്ന്‍ ആണ് നായകനായി അഭിനയിക്കുന്നത്.

? മലയാളി ഹൗസില്‍ വരുന്നതിനു മുന്‍പ് സൗന്ദര്യമത്സരത്തില്‍ പങ്കെടുത്തിരുന്നു...

2011-ല്‍ മിസ് സൗത്തിന്ത്യ ഫൈനലിസ്റ്റ് ആയിരുന്നു. ഞാനൊരു മോഡലായി സ്വയം കാണുന്നില്ല. മോഡലിംഗ് എന്നാല്‍ ഭയങ്കരമായി ബോഡി മെയിന്റൈന്‍ ചെയ്യുക, ഫുഡ് കണ്‍ട്രോള്‍ ചെയ്യുക, ഇതൊന്നും എന്നെക്കൊണ്ട് കഴിയില്ല.

? മലയാളി ഹൗസില്‍എത്തിപ്പെട്ടത് സിനിമ ചെയ്തതും, ആങ്കറിംഗ് ചെയ്തതുമാണ് സെലക്ട് ചെയ്യപ്പെടാന്‍ കാരണം.

എന്റെ ഗുരു ബാലുകൃഷ്ണദാസിനോട് ന്യൂഫെയ്‌സ് മോഡല്‍സ് ആരെങ്കിലുമുണ്ടോ എന്ന് ഷോയുടെ ആളുകള്‍ ചോദിച്ചു. അദ്ദേഹം എന്റെ പേര് പറഞ്ഞു. ഈ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നവര്‍ ജീവിക്കുകയാണ് ബുദ്ധിമുട്ടുണ്ടോ എന്നു ചോദിച്ചു. രണ്ടാഴ്ച നിന്നിട്ട് തിരികെ വരാം എന്നാണ് വിചാരിച്ചത്. ഒരിക്കലും നൂറ്റിനാലുദിവസങ്ങള്‍ അവിടെ ചിലവഴിക്കേണ്ടിവരുമെന്ന് വിചാരിച്ചില്ല .

? മലയാളി ഹൗസിനെക്കുറിച്ച്...

 പുറംലോകവുമായി യാതൊരു ബന്ധവുമില്ല. ഒന്നു കരയണമെന്നു തോന്നിയാല്‍ ഇരുന്നു കരയാനൊരു സ്ഥലമില്ല. ടോയ്‌ലറ്റ് ഒഴികെ എല്ലായിടത്തും ക്യാമറ. ഇന്റര്‍നെറ്റ്, ടെലിവിഷന്‍, ഫോണ്‍, പത്രം ഇതൊന്നുമില്ല. വിഷമങ്ങള്‍ എഴുതിത്തീര്‍ക്കാന്‍ പേപ്പര്‍ കൂടി ഉണ്ടായിരുന്നില്ല. തുച്ഛമായ ഭക്ഷണമായിരുന്നു കിട്ടിയിരുന്നത് . ചായയില്‍ ഒരാള്‍ കൂടുതല്‍ പഞ്ചസാരയിട്ടാല്‍ പോലും അത് വഴക്കാവും.

? അതൊക്കെ നിങ്ങള്‍ ശ്രദ്ധിക്കപ്പെടാന്‍വേണ്ടി ചെയ്തതല്ലേ.

ഒരിക്കലുമല്ല. സ്വാഭാവികമായി വരുന്നതാണ്. ഞങ്ങള്‍ തണുത്തവെള്ളത്തില്‍ കുളിക്കുമ്പോള്‍ ആകെയുള്ള ബക്കറ്റെടുത്ത് മറ്റൊരാള്‍ വെള്ളം ചൂടാക്കുമ്പോള്‍ ബാക്കിയുള്ള ആളുകള്‍ക്ക് കുളിക്കുവാനുള്ള സമയം പോകുകയാണ്.അതിനൊക്കെ വഴക്കാണ്. അവിടെയുള്ള പതിനാറ് പേരും പതിനാറ് സ്വഭാവക്കാരാണ്.

? പരസ്പരം വഴക്കടിക്കുമ്പോഴും, തെറിവിളിക്കുമ്പോഴും ആളുകള്‍ എന്തുവിചാരിക്കും എന്ന് ചിന്തിച്ചില്ലേ 24 മണിക്കൂറും നമുക്ക് മറ്റൊരാളായി അഭിനയിക്കാനാവില്ല. ആളുകള്‍ എന്തുവിചാരിക്കും എന്ന് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല. കുറേപ്പേര്‍ വെറുക്കുമായിരിക്കും. എന്നാല്‍ ഇഷ്ടപ്പെടുന്ന കുറച്ചാളുകള്‍ ഉണ്ട്. എനിക്കിപ്പോള്‍ ഇരുപത്തിയാറുവയസ്സായി. ഈ പ്രായത്തിനിടയില്‍ ഞാന്‍ എന്താണോ അങ്ങനെ തന്നെയാണ് ആ ഷോയിലും പെരുമാറിയിട്ടുള്ളത്.

? മലയാളി ഹൗസില്‍ തിങ്കള്‍ പരസ്യമായി സിഗരറ്റ് വലിച്ചിരുന്നു.

സിഗരറ്റ് വലിക്കുന്നത് ഇമേജിനെ ബാധിക്കുമെന്ന ഭയമൊന്നും എനിക്കില്ല. അതൊക്കെ ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. സിഗരറ്റ് വലിക്കുന്നത് തെറ്റാണെന്നും ആരോഗ്യത്തിന് ഹാനികരമാണെന്നും എനിക്കു മാത്രമല്ല ലോകത്തെല്ലാവര്‍ക്കും അറിയാം. നമ്മുടെ മനസ്സിലെ ചിന്തയാണ് സിഗരറ്റ് വലിച്ചാല്‍ ടെന്‍ഷന്‍ കുറയുമെന്ന്. അതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും എനിക്കറിയാം.

? ഷോയില്‍ വന്നതിനുശേഷമാണോ സിഗരറ്റ്‌വലി തുടങ്ങിയത്.

അല്ല. ഏകദേശം ഒരുവര്‍ഷം മുന്‍പേഞാന്‍ സിഗരറ്റ് ഉപയോഗിച്ചിരുന്നു. മലയാളിഹൗസില്‍ സിഗരറ്റ് ഉപയോഗിക്കേണ്ടിവരുമെന്ന് വിചാരിച്ചില്ല. പക്ഷേ അവിടെ ചെന്നപ്പോഴാണ് മനസ്സിലായത് മലയാളി ഹൗസിലാണ് അത് ഏറ്റവും കൂടുതല്‍ ആവശ്യം. നമ്മുടെ ഫീലിംഗുകള്‍ നമുക്ക് ആരോടും പറയാന്‍ പറ്റാത്ത അവസ്ഥ ഭയങ്കരമാണ്. അവിടെ ഒറ്റയ്ക്കു നില്‍ക്കാന്‍ പറ്റിയ സ്ഥലം ടോയ്‌ലറ്റ് മാത്രമേയുള്ളൂ. അതും എല്ലാവര്‍ക്കുംകൂടി ഒന്ന്. ടെന്‍ഷന്‍ കുറയ്ക്കാന്‍ ഒരു ചായ കിട്ടിയാലും മതി. പക്ഷേ അതും പരിമിതമാണ്. അറിയാതെ വലിച്ചുപോകുന്നതാണ്. ഞാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒറ്റയ്ക്കാണ് ജീവിക്കുന്നത്. ഇതൊരു മോശം ശീലമാണെന്ന് പറഞ്ഞുതരാന്‍ അടുത്താരും ഇല്ലായിരുന്നു. 

? മലയാളി ഹൗസില്‍ തിങ്കളിന് ഏറ്റവും അടുപ്പം തോന്നിയത് ആരോടാണ്.

എനിക്ക് ഏറ്റവും അടുപ്പം തോന്നിയ ആള്‍ സന്ദീപ് ആണ്. സന്ദീപ് വളരെ ഇന്റലിജന്റ് ആണ്.'സെന്‍സ് ഓഫ് ഹ്യൂമര്‍ ഹീ ഈസ് ദ ബെസ്റ്റ്' ഞങ്ങളുടെ കോമ്പിനേഷന്‍ എനിക്കു ഭയങ്കര ഇഷ്ടമായി. ഞങ്ങള്‍ രണ്ടുപേരും കൂടി ചേര്‍ന്നാല്‍ നാലും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികളാണ്.

? പ്രേക്ഷകര്‍ പറയുന്നത് തിങ്കളും സന്ദീപും തമ്മില്‍പ്രണയമുണ്ടെന്നാണ്.

ഞങ്ങളുടെയിടയില്‍ അടുപ്പമുണ്ട്. പക്ഷേ പ്രണയമല്ല. അവന്‍ എല്ലാ ഗേള്‍സുമായി ഫ്‌ളര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍പോലും ഞാനുമായി ഒരിക്കലും ഫ്‌ളര്‍ട്ട് ചെയ്തിട്ടില്ല. ചെയ്യാന്‍ പോകുന്നുമില്ല. എനിക്ക് പെണ്‍കുട്ടികളുമായി സൗഹൃദം കുറവാണ്. ഞാനൊരു ആണിനെപ്പോലെയാണ് ബിഹേവ് ചെയ്യുന്നത്. ആരെയും വിഷമിപ്പിക്കാത്ത നല്ല മനസ്സിനുടമയാണ് സന്ദീപ്. \

? ആണും പെണ്ണും തമ്മിലുള്ള കെട്ടിപ്പിടുത്തം മലയാളി ഉള്‍ക്കൊള്ളില്ല...

ആണ്‍, പെണ്‍ എന്നു വേറിട്ടു ചിന്തിക്കുന്നതാണ് തെറ്റ്. എല്ലാവരും മനുഷ്യരാണെന്ന് ചിന്തിച്ചാല്‍ മതി. ഞാന്‍ നാലുവയസ്സുള്ള കുട്ടിയെ കെട്ടിപ്പിടിക്കുന്നതുപോലെയാണ് നാല്‍പ്പതുവയസ്സുള്ള ആളെയും കെട്ടിപ്പിടിക്കുന്നത്. നമ്മുടെ മനസ്സിലാണ് വേണ്ടാത്ത ചിന്തകള്‍ ഇല്ലാതിരിക്കേണ്ടത്. ഒരാളോട് പ്രണയം തോന്നിയാല്‍ ആ വ്യക്തിയുമായി അഫയര്‍ ഉണ്ടാക്കിയാല്‍ പോരേ.. എന്തിനാണ് സുഹൃത്ത് എന്നു പറയുന്നത്. മലയാളി ഹൗസിലാരോടും എനിക്ക് പ്രണയമുണ്ടായിരുന്നില്ല. സുഹൃത്തുക്കളെ കെട്ടിപ്പിടിക്കുന്നത് ഒരു പ്രശ്‌നമായി എനിക്കു തോന്നിയിട്ടില്ല.

? മലയാളി ഹൗസിലെ സ്ത്രീസുഹൃത്ത് ആരായിരുന്നു.

സ്ത്രീകളുമായി എനിക്കു പൊരുത്തപ്പെടാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്. ആണുങ്ങള്‍ക്ക് ഒപ്പം ഇരിക്കുമ്പോള്‍ ഞാന്‍ അവരെപ്പോലെയാണ്. അവര്‍ പറയുന്ന തമാശകള്‍ ഞാനൊരിക്കലും നെഗറ്റീവ് മീനിംഗില്‍ എടുക്കാറില്ല. ? തിങ്കളിന് ശരിക്കും പ്രണയം തോന്നിയത് ആരോടാണ്. പ്രണയം തോന്നിയ ഒരാളുണ്ട്. പക്ഷേ ഇപ്പോ അങ്ങനെയൊരു അഫയര്‍ ഇല്ല. 'മലയാളി ഹൗസ്' കാരണം എല്ലാം പോയി. എന്നെ ഞാനായി സ്‌നേഹിക്കുന്ന ഒരാള്‍ വരുമായിരിക്കും.

? രാഹുല്‍- റോസിനുമായി പ്രണയത്തിലാണെന്നാണ് ആളുകള്‍ പറയുന്നത്. തിങ്കളിനെന്തു തോന്നി

പ്രണയമെന്നു ഞാന്‍ പറയില്ല, പക്ഷേ അതൊരു ഫ്രണ്ട്ഷിപ്പുമല്ല. അവര്‍ സ്‌കൂള്‍ ഡെയ്‌സിലൊക്കെയുള്ള പ്രണയത്തില്‍ കാണുന്നപോലെ പരസ്പരം കണ്ണുകളില്‍ നോക്കിയിരിക്കും. കണ്ണുകളിലൂടെയാണ് അവര്‍ സംസാരിക്കുന്നത്. റോസിനെപ്പറ്റി കുറെ മോശമായി ഫീഡ്ബാക്ക് വന്നപ്പോള്‍ ഞാന്‍ റോസിനോട് പറഞ്ഞിരുന്നു ആളുകള്‍ക്ക് സംശയമുണ്ടാകുന്ന രീതിയില്‍ ബിഹേവ് ചെയ്യരുതെന്ന്. ഫ്രണ്ട്ഷിപ്പിനേക്കാള്‍ കൂടുതല്‍ അടുപ്പം അവരുടെയിടയില്‍ ഉണ്ടെന്ന് ചില അവസരങ്ങളില്‍ എനിക്കു തോന്നി.എനിക്കൊരാളെപ്പറ്റി എന്തു തോന്നിയാലും ഞാനത് മുഖത്തു നോക്കിപ്പറയും പക്ഷേ റോസിന്‍ അങ്ങനെയല്ല.എനിക്ക് റോസിനെ ആ വീടിനുള്ളിലും ഇഷ്ടമല്ല, പുറത്തിറങ്ങിയിട്ടും ഇഷ്ടമല്ല.

? നീനകുറുപ്പ് തുടങ്ങിയ മുതിര്‍ന്ന ആളുകള്‍ക്കൊപ്പമായിരുന്നു നൂറ്റിനാലു ദിവസങ്ങള്‍.

47-ാം വയസ്സിലും ഇതുപോലെ സൗന്ദര്യമുള്ളയാളെ ആദ്യമായാണ് കാണുന്നത്. പക്ഷേ മനസ്സിന് സൗന്ദര്യമില്ലാത്തതുകൊണ്ട് എനിക്കവരെ ഇഷ്ടമല്ല. ? പുറത്തിറങ്ങിയ ശേഷം ആളുകളുടെ പ്രതികരണം എങ്ങനെയാണ്. ഫെയ്‌സ്ബുക്കിലൊക്കെ എന്നെ ഇഷ്ടപ്പെടുന്ന ആളുകളും,ഇഷ്ടമില്ലാത്ത ആളുകളും ഉണ്ട്. ഒരിക്കലെങ്കിലും മലയാളി ഹൗസ് കണ്ടിട്ടുള്ളവര്‍ക്ക് തിങ്കള്‍ബാലിനെക്കുറിച്ച് എന്തെങ്കിലുമൊക്കെ പറയാനുണ്ട്. എപ്പോള്‍ പുറത്തിറങ്ങിയാലും മിനിമം പത്തു ഫോട്ടോയ്‌ക്കെങ്കിലും ഞാന്‍ പോസു ചെയ്യുന്നുണ്ട്. പത്തു സിനിമ ചെയ്താല്‍പോലും ഇത്രയും പോപ്പുലാരിറ്റി കിട്ടില്ല. 

Search site