ജോലി വാഗ്ദാനം ചെയ്ത് ഗള്‍ഫില്‍ പെണ്‍വാണിഭം; മൂന്നുപേര്‍ അറസ്റ്റില്‍

ഒമാനിലെ മസ്‌കറ്റില്‍ വീട്ടുജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയ യുവതിയെ പെണ്‍വാണിഭസംഘത്തിന് കൈമാറിയ കേസില്‍ രണ്ടുസ്ത്രീകളടക്കം മൂന്നുപേരെ കിളികൊല്ലൂര്‍ പോലീസ് അറസ്റ്റു ചെയ്തു. പേരൂര്‍ കുറ്റിച്ചിറ സ്വദേശിനികളായ റഹിയാനത്ത് മന്‍സിലില്‍ റഹിയാനത്ത്(35), സൗഹാര്‍ദ്ദ നഗറില്‍ വരാലുവിള ചിറയില്‍വീട്ടില്‍ രമാവതി(40), കണ്ണൂര്‍ തളിപ്പറമ്പ് ക്യാറ്റൂര്‍ക്കാരന്‍ വീട്ടില്‍ അസനാ മന്‍സിലില്‍ അഷറഫ്(50) എന്നിവരാണ് അറസ്റ്റിലായത്. ചാത്തിനാംകുളം സ്വദേശിയായ യുവതിയെയാണ് ആഗസ്ത് 30 ന് മസ്‌കറ്റില്‍ എത്തിച്ച് പെണ്‍വാണിഭസംഘത്തിന് കൈമാറിയത്.
 
 സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതിക്ക് 13000 രൂപ അങ്ങോട്ടു കൊടുത്ത് 32000 രൂപയ്ക്കുള്ള വിമാനടിക്കറ്റും നല്‍കിയാണ് മസ്‌കറ്റില്‍ എത്തിച്ചത്. പണം എത്തിച്ചതും ടിക്കറ്റ് എടുത്ത് നല്‍കിയതും രണ്ടാം പ്രതിയായ രമാദേവിയാണെന്ന് പോലീസ് പറഞ്ഞു. ആഗസ്ത് 30 ന് മസ്‌കറ്റില്‍ എത്തിച്ച യുവതിയെ അന്നുരാത്രി അഷറഫും റഹിയാനത്തും താമസിക്കുന്ന ഫ്ലാറ്റില്‍ പാര്‍പ്പിച്ചു. അടുത്തദിവസം രാവിലെ ജോലിക്കാണെന്നു പറഞ്ഞ് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി പെണ്‍വാണിഭസംഘത്തിന് കൈമാറുകയായിരുന്നു. എന്നാല്‍ ആപത്ത് മനസ്സിലാക്കിയ യുവതി അവരില്‍നിന്ന് രക്ഷപ്പെട്ട് ഒരു മലയാളിയുടെ സഹായത്തോടെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി. അവിടെനിന്ന് സപ്തംബര്‍ 10 ന് തിരിച്ച് 11 ന് നാട്ടില്‍ എത്തി.
 
 യുവതി വിവരം ഭര്‍ത്താവിനെയും ബന്ധുക്കളെയും അറിയിച്ചു. ഇവരുടെ മക്കള്‍ സിറ്റിപോലീസ് കമ്മീഷണര്‍ ദേബേഷ് കുമാര്‍ ബഹ്‌റയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കിളികൊല്ലൂര്‍ പോലീസ് കേസന്വേഷണം ആരംഭിച്ചത്.
 
 റഹിയാനത്ത് വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമാണ്. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് 2009 ല്‍ മരിച്ചു. തുടര്‍ന്ന് മസ്‌കറ്റില്‍ എത്തിയ റഹിയാനത്ത് അവിടെ ജോലി ചെയ്തിരുന്ന അഷറഫിനെ പരിചയപ്പെടുകയും ഭാര്യയെന്ന പേരില്‍ ഇയാളോടൊപ്പം അഞ്ചുവര്‍ഷമായി കഴിഞ്ഞുവരികയുമായിരുന്നു. അഷറഫിന് തളിപ്പറമ്പില്‍ ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. റഹിയാനത്തും അഷറഫും നാട്ടിലെത്തിയ വിവരമറിഞ്ഞ് പോലീസ് ഇവരെ പിടികൂടുകയായിരുന്നു.
 
 മറ്റു പല സ്ത്രീകളെയും ഇവര്‍ ഗള്‍ഫില്‍ എത്തിച്ച് ചതിച്ചിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു. കല്ലുംതാഴം, ചാമ്പക്കുളം തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് സ്ത്രീകളെ കൊണ്ടുപോയിട്ടുണ്ടെന്നാണ് കരുതുന്നത്. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. ചുരുങ്ങിയ കാലംകൊണ്ട് റഹിയാനത്ത് വലിയ സാമ്പത്തിക വളര്‍ച്ചയാണ് നേടിയതെന്ന് പോലീസ് പറഞ്ഞു. നാട്ടുകാരില്‍ ഇത് സംശയം ജനിപ്പിച്ചിരുന്നു. ഗള്‍ഫില്‍ പ്രത്യേകിച്ച് ജോലിയൊന്നുമില്ലെന്നാണ് ഇവര്‍ പോലീസിനോടു പറഞ്ഞത്. എന്നാല്‍ തന്റെ സാമ്പത്തിക സ്രോതസ്സിനെപ്പറ്റി വ്യക്തമായ മറുപടി നല്‍കാന്‍ ഇവര്‍ക്കായില്ല.
 
 കൊല്ലം എ.സി.പി. ബി.കൃഷ്ണകുമാറിന്റെ നിര്‍ദ്ദേശാനുസരണം കിളികൊല്ലൂര്‍ സി.ഐ. എസ്.അമ്മിണിക്കുട്ടന്റെ നേതൃത്വത്തില്‍ എസ്.ഐ. എസ്.ജയകൃഷ്ണന്‍, അഡീഷണല്‍ എസ്.ഐ. എം.ഷഹീര്‍, ഗ്രേഡ് എസ്.ഐ. ചന്ദ്രബാബു, എ.എസ്.ഐ. വിജയന്‍പിള്ള, സി.പി.ഒ.മാരായ മനു, ഷിഹാബ്, അനിത, സജീല എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Search site