ജാഗ്വര്‍ എഫ്‌ടൈപ്പ് സ്‌പോര്‍ട്‌സ് കാര്‍ ഇന്ത്യന്‍ വിപണിയില്‍

ടാറ്റാ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വറിന്റെ പുതിയ സ്‌പോര്‍ട്‌സ് കാര്‍ ഇന്ത്യന്‍ വിപണിയിലെത്തി. എഫ്‌ടൈപ്പ് കാറിന് 1.61 കോടി രൂപയാണ് മുംബൈയില്‍ എക്‌സ് ഷോറൂം വില. 
 
രണ്ട് വ്യത്യസ്ത മോഡലുകളില്‍ ആയാണ് കാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആദ്യത്തേത് എഫ് ടൈപ്പ് ആണ്. വി8എസ് 5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന്റെ പ്രത്യേകത. 1.61 കോടി രൂപ വിലവരുന്നത് ഈ കാറിനാണ്. എഫ്‌ടൈപ്പ് എസ് ആണ് മറ്റൊന്ന്. 
 
വി6 മൂന്ന് ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ സ്ഥാപിച്ചിരിക്കുന്ന ഈ കാറിന് മുംബൈയില്‍ എക്‌സ് ഷോറൂം വില 1.37 കോടി രൂപയാണ്.
ജാഗ്വര്‍ ബ്രാന്‍ഡിനെ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ പരിചയപ്പെടുത്തുകയും ഉപഭോക്താക്കളെ ആകര്‍ഷിക്കുകയുമാണ് പുതിയ കാറുകള്‍ വിപണിയില്‍ എത്തിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ജാഗ്വര്‍ ലാന്റ് റോവര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് രോഹിത് സൂരി പറഞ്ഞു.
 
സ്‌പോര്‍ട് കാറുകള്‍ക്ക് ഇന്ത്യയില്‍ വിപണി കുറവാണ്. അതുകൊണ്ടുതന്നെ വലിയ തോതിലുള്ള ഉത്പാദനം ലക്ഷ്യമിട്ടല്ല എഫ്‌ടൈപ്പ് കാറുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ജാഗ്വറിന്റെ ഉത്പാദന മികവും പുത്തന്‍ സാങ്കേതിക വിദ്യയുടെ സമ്മേളനവും പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിച്ചാണിത്. 
 
അതേസമയം ജാഗ്വറിന്റെ ആഢംബര കാറുകളായ ലാന്റ്‌റോവവര്‍ ഫ്രീലാന്‍ഡര്‍ 2, ജാഗ്വര്‍ എക്‌സ്എഫ് സെദാന്‍ തുടങ്ങിയവയില്‍ കൂടുതല്‍ മോഡലുകള്‍ പ്രതീക്ഷിക്കാമെന്ന് സൂരി വ്യക്തമാക്കി.

Search site