ജര്‍മനി ഞായറാഴ്ച പോളിംഗ് ബൂത്തിലേയ്ക്ക്

 ജര്‍മനിയിലെ പൊതുതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 22 ഞായറാഴ്ച നടക്കും. യൂറോപ്യന്‍ യൂണിയനിലെ പ്രബല സാമ്പത്തിക രാജ്യമെന്ന നിലയില്‍ ജര്‍മനിയിലെ തെരഞ്ഞെടുപ്പിന് ആഗോളപ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ലോകജനതയുടെ കണ്ണുകള്‍ ജര്‍മനിയിലേയ്ക്കാണ് ഉറ്റുനോക്കുന്നത്. ലോകത്തിലെ വ്യക്തിപ്രഭാവത്തില്‍ ഏറ്റവും മുന്നില്‍ തിളങ്ങിനില്‍ക്കുന്ന ഡോ.അംഗലാ മെര്‍ക്കല്‍(59) മൂന്നാമൂഴവും ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനത്തേയ്ക്കു മല്‍സരിയ്ക്കുമ്പോള്‍ മെര്‍ക്കലിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായി സോഷ്യലിസ്റ്റ് ഡമോക്രാറ്റിക് പാര്‍ട്ടി (എസ്പിഡി) ശക്തനായ നേതാവ് പീയര്‍ സ്റ്റൈന്‍ബ്രുക്കിനെയാണ് ഗോദയിലിറക്കിയിരിയ്ക്കുന്നത്. അവസാനത്തെ ട്രെന്‍ഡില്‍ മെര്‍ക്കലിന്റെ പാര്‍ട്ടി ക്രിസ്റ്റ്യന്‍ ഡമോക്രാറ്റിക് യൂണിയന്‍ (സിഡിയു) 39 മുതല്‍ 41 വരെ ശതമാനം ജനസമ്മതി നേടിയിട്ടുണ്ട്. എന്നാല്‍ സ്റ്റൈന്‍ബ്രുക്കിന്റെ എസ്പിഡി 29 മുതല്‍ 33 ശതമാനത്തിലാണ് നിലയുറപ്പിച്ചിരിയ്ക്കുന്നത്. ഇത്തവണയും മെര്‍ക്കല്‍ നയിക്കുന്ന മുന്നണിയില്‍ ഫ്രീ ഡമോക്രാറ്റിക്കുകള്‍ പങ്കാളികളാണ്. എസ്പിഡി കൂട്ടുകെട്ടില്‍ പരിസ്ഥിതി വാദികളായ ഗ്രീന്‍ പാര്‍ട്ടിയും ഉള്‍പ്പെടുന്നു. കഴിഞ്ഞ ഞായറാഴ്ച നടന്ന ബവേറിയന്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ മെര്‍ക്കലിന്റെ സാഹോദര പാര്‍ട്ടി സിഎസ്‌യു വന്‍ ഭൂരിപക്ഷംനേടി അധികാരം നിലനിര്‍ത്തിയത് മെര്‍ക്കലിന്റെ കക്ഷിയ്ക്ക് വീണ്ടും വിജയം നേടിക്കൊടുക്കുമെന്ന പ്രതീക്ഷ വര്‍ദ്ധിപ്പിയ്ക്കുന്നു. എന്നാല്‍ കഴിഞ്ഞ മാസം നടന്ന സാക്‌സണ്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ മെര്‍ക്കല്‍ പാര്‍ട്ടിയ്ക്ക് നേരിയ വ്യത്യാസത്തിനാണ് സംസ്ഥാന ഭരണം നഷ്ടമായത്. മെര്‍ക്കലിന്റെ കഴിഞ്ഞ നാലു വര്‍ഷത്തെ (2009/13) ഭരണത്തിനിടയില്‍ മൂന്നു പ്രസിഡന്റുമാരെ അവരോധിയ്‌ക്കേണ്ടി വന്നു. അതില്‍ അധികാര ദുര്‍വിനിയോഗത്തിന്റെ പേരില്‍ രാജിവെച്ചൊഴിയേണ്ടി വന്നത് സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള രണ്ട് പ്രസിഡന്റ് നോമിനിയെയാണ്. ആഗോള സാമ്പത്തിക മാന്ദ്യവും സാമ്പത്തിക തകര്‍ച്ചയും, കെടുകാര്യസ്ഥതയും മൂലം ഗ്രീസിനെയും പോര്‍ച്ചുഗലിനെയും സ്‌പെയിനിനെയും ഇറ്റലിയെയും, അയര്‍ലണ്ടിനെയും ഒക്കെ കടക്കെണി ഗ്രസിച്ചപ്പോള്‍ യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക ആസ്തിത്വത്തെയും യൂറോയുടെ നിലനില്‍പ്പിനെയും ഇവയൊക്കെ ബാധിച്ചുവെങ്കിലും ചാന്‍സലര്‍ അംഗലാ മെര്‍ക്കലിന്റെ കര്‍ശനവും പ്രായോഗിക ഗണിത ശാസ്ത്രവുമാണ് യൂണിയനെ ഇത്രത്തോളം പിടിച്ചു നിര്‍ത്തിയത്. അതിന് ജര്‍മനിയുടെ സാമ്പത്തിക ഭണ്ഡാരത്തില്‍ നിന്നുതന്നെ കൈയ്യയച്ചു സഹായിക്കേണ്ടിയും വന്നു. ആരോഗ്യം, വിദ്യാഭ്യാസം, വാര്‍ധക്യ പരിചരണം എന്നീ മേഖലകളില്‍ തന്റെ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളാണ് തെരഞ്ഞെടുപ്പ് പ്രസംഗത്തിലും സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള വാഗ്‌വാദത്തിലും മെര്‍ക്കല്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചത്. തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടത്തിയ തിരക്കിട്ട പ്രചാരണ പരിപാടികളില്‍ മെര്‍ക്കലിന് മാത്രമല്ല സ്റ്റൈന്‍ബ്രുക്കിനും ജനാവലി കൂട്ടായിരുന്നു. അമ്മ എന്നര്‍ഥമുള്ള 'മുട്ടി', ചെല്ലപ്പേരായ 'ആഞ്ജി' എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകളാണ് മെര്‍ക്കലിന്റെ പാര്‍ട്ടി യോഗങ്ങളില്‍ അനുയായികള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നത്. സാമ്പത്തിക അച്ചടക്കം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും മെര്‍ക്കല്‍ എടുത്തുപറയുന്നു കടം വാങ്ങിയ പണം കൊണ്ടുള്ള വികസനം അസാധ്യമാണ്. യൂറോപ്പിന് എന്താണു സംഭവിച്ചതെന്നു നമ്മള്‍ കണ്ടതുമാണ്- അവര്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ മെര്‍ക്കല്‍ അനായാസം അധികാരം നിലനിര്‍ത്തുമെന്ന് അഭിപ്രായ സര്‍വേകളില്‍ വ്യക്തമാകുന്നത്. തുടരെ മൂന്നാം വട്ടമാണ് അവര്‍ ചാന്‍സലര്‍ സ്ഥാനത്തേക്കു മത്സരിക്കുന്നത്. ലോകത്തെ ഏറ്റവും ശക്തയായ വനിതായി ഫോര്‍ബ്‌സ് മാഗസിന്‍ തെരഞ്ഞെടുത്തതും മെര്‍ക്കലിനെത്തന്നെയാണ്. മെര്‍ക്കല്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി അന്നറ്റെ ഷാവന്‍ കോപ്പിയടിച്ചു നേടി ഡോക്ടറേറ്റ് ഡ്യൂസ്സല്‍ഡോര്‍ഫ് യൂണിവേഴ്‌സിറ്റി റദ്ദാക്കിയത് മെര്‍ക്കല്‍ ഭരണത്തിന്റെ പ്രതിഛായ്ക്ക് അല്‍പ്പം മങ്ങലേല്‍പ്പിച്ചിരുന്നെങ്കിലും അതൊക്കെ പഴങ്കഥകള്‍ എന്ന മട്ടിലാണ് മെര്‍ക്കലിന്റെ മുന്നേറ്റം. മന്ത്രിയുടെ കോപ്പിയടി പ്രശ്‌നം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാതിരിയ്ക്കാതെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയി എന്നു വേണം പറയാന്‍. മെര്‍ക്കലിന്റെ ഏറ്റവും വിശ്വസ്തരില്‍ ഒരാളാായിരുന്നു മുന്‍മന്ത്രി ഷാവന്‍ . ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 39/1 വ്യവസ്ഥ ചെയ്യുന്ന പ്രകാരം ജര്‍മനി ഫെഡറല്‍ റിപ്പബ്‌ളിക് ആയതിനു ശേഷം നടക്കുന്ന 18 ാമത്തെ പാര്‍ലമെന്റ് (ബുണ്ടസ്ടാഗ്) തെരഞ്ഞെടുപ്പാണ് സെപ്റ്റംബര്‍ 22 ന് നടക്കുന്നത്. ജര്‍മന്‍ ഭരണഘടനയുടെ 39ാം വകുപ്പിന്‍ പ്രകാരം ഒരാള്‍ക്ക് രണ്ട് വോട്ട് എന്ന രീതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 299 അംഗങ്ങളെ നേരിട്ടും ബാക്കിവരുന്ന 299 അംഗങ്ങളെ സംസ്ഥാന തലത്തിലും തെരഞ്ഞെടുത്താണ് പാര്‍ലമെന്റിലേയ്ക്ക് അയക്കുന്നത്. ആകെയുള്ള 598 അംഗങ്ങളെ കൂടാതെ 22 അംഗങ്ങളെ നോമിനേറ്റു ചെയ്ത് 620 അംഗങ്ങളാണ് പാര്‍ലമെന്റിലുള്ളത്. നാലുവര്‍ഷമാണ് പാര്‍ലമെന്റിന്റെ കാലാവധി. 18 വയസ് തികഞ്ഞവരും ജര്‍മന്‍ പൗരത്വവും തെരഞ്ഞെടുപ്പു തീയതിയ്ക്ക് മുമ്പ് കുറഞ്ഞപക്ഷം 3 മാസം ജര്‍മനിയില്‍ ഉള്ളവര്‍ക്കാണ് തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. 64,2 മില്യന്‍ വോട്ടറന്മാര്‍ക്കാണ് ഇത്തവണ പോളിംഗില്‍ അര്‍ഹതയുള്ളത്. ജര്‍മനിയിലെ ജനസംഖ്യനിരക്ക് ഈ വര്‍ഷം ഏകദേശം 1% വര്‍ദ്ധിച്ചിട്ടുണ്ട്. പതിനാറു സംസ്ഥാനങ്ങളിലായി 81,89 മില്യന്‍ ജനങ്ങളാണ് രാജ്യത്ത് വസിക്കുന്നത്. ഇതില്‍ വോട്ടവകാശം ഉള്ളവരില്‍ 33,2 മില്യന്‍ സ്ത്രീകളും 31,1 മില്യന്‍ പുരുഷന്മാരും ഉള്‍പ്പെടുന്നു. ജര്‍മന്‍ പൗരത്വം സ്വീകരിച്ച വിദേശികളും ഇതില്‍പ്പെടും. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16 അനുസരിച്ച് ഞായറാഴ്ചയോ, അവധി ദിവസമോ മാത്രമേ തെരഞ്ഞെടുപ്പ് ദിവസം ആകാവു എന്നു നിബന്ധനയുണ്ട്. ആകെയുള്ള 34 രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും സ്വതന്ത്രന്മാരുമടക്കം ഈ തെരഞ്ഞെടുപ്പില്‍ രാജ്യത്താകെമാനം 4451 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതില്‍ എസ്പിഡിയുടെ സ്ഥാനാര്‍ത്ഥിയായ സെബാസ്റ്റ്യന്‍ ഇടാത്തിയും ഗ്രീന്‍ പാര്‍ട്ടിയുടെ ജോസഫ് വിംഗ്‌ളറും ഉള്‍പ്പെടുന്നു. രണ്ടുപേരും മലയാളി വംശജരാണ്. ഇടാത്തി നാലാമൂഴം മല്‍സരിയ്ക്കുമ്പോള്‍ വിംഗളര്‍ മൂന്നാമൂഴമാണ് ജനവിധി ന്നേത്. ജര്‍മനിയിലെ ശമ്പള വ്യവസ്ഥ മത്സരക്ഷമത ഉറപ്പാക്കും വിധം ഉയര്‍ത്തണമെന്ന് ഫ്രഞ്ച് ഇക്കോണമി മിനിസ്റ്റര്‍ ബെനോ ഹാമന്റെ പ്രസ്താവന ജര്‍മനിയിലെ പ്രതിപക്ഷം ഏറ്റുപിടിച്ചിരിയ്ക്കയാണ്. ശമ്പളം കൃത്രിമമായി താഴ്ത്തി നിര്‍ത്തുക വഴി മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു മേല്‍ അന്യായ അപ്രമാദിത്വം പുലര്‍ത്താനാണ് ജര്‍മനി ശ്രമിക്കുന്നതെന്നുള്ള ആരോപണം അവസാന നിമിഷത്തില്‍ മെര്‍ക്കലിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി വിഷയമാക്കിയിരുന്നു. ജര്‍മന്‍ പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള ഈ പരാമര്‍ശം വളരെ ശ്രദ്ധേയമായി. അതുകൊണ്ടുതന്നെ ജര്‍മനിയിലെ അടുത്ത സര്‍ക്കാരെങ്കിലും ശമ്പളക്കാര്യത്തില്‍ ന്യായം നടപ്പാക്കണമെന്നും ആവശ്യം ഉയരുന്നു. ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ പ്രധാന എതിരാളി പിയര്‍ സ്റ്റൈന്‍ബ്രൂക്കിന് ഗുണകരമാണ് ഹാമണിന്റെ പരാമര്‍ശം. സ്റ്റൈന്‍ബ്രൂക്കിന്റെയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് രാജ്യത്ത് മിനിമം വേജസ് സമ്പ്രദായം നടപ്പാക്കുമെന്നതാണ്. എന്നാല്‍, ഈ രീതി ആവശ്യമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മെര്‍ക്കലും അവരുടെ പാര്‍ട്ടിയായ സിഡിയുവും.22 ലെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പെട്ടെന്ന് വഴിത്തിരിവ് സൃഷ്ടിക്കാന്‍ ഫ്രഞ്ച് മന്ത്രിയുടെ പ്രസ്താവനയ്ക്കു സാധിച്ചു എന്നതും ഒരു വസ്തുതയാണ്. അവസാനവട്ട പ്രചാരണത്തില്‍ മെര്‍ക്കലും സ്റ്റൈന്‍ബ്രൂക്കും പരമാവധി നേര്‍ക്കുവരാതെ ശ്രദ്ധിച്ചിരുന്നു. ഇരുവരും അവരവരുടെ ശക്തികേന്ദ്രങ്ങളിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവസാന വട്ടത്തില്‍ പ്രാധാന്യം നല്‍കിയത്. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്ന നിലയില്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നതാണ് ജര്‍മന്‍ തെരഞ്ഞെടുപ്പ്. വിദേശികള്‍ക്ക് അഭിപ്രായമറിയിക്കാന്‍ ഒരു ഫെയ്‌സ്ബുക്ക് പേജ് തന്നെ ഇതിനിടെ തുറന്നിട്ടുമുണ്ട്. ജര്‍മനിയിലെ ദേശീയ പാതകളില്‍ വാഹനമോടിക്കുന്നതിന് വിദേശികളില്‍നിന്ന് നികുതി ഈടാക്കാനുള്ള നിര്‍ദേശം, യൂറോപ്യന്‍ യൂണിയന്റെ ഭാവി പരിപാടികള്‍ , യുഎസും ജര്‍മനിയും തമ്മിലുള്ള ബന്ധത്തില്‍ സമീപകാലത്തെ സംഭവവികാസങ്ങള്‍ , ഇരട്ട പൗരത്വം തുടങ്ങിയ വിഷയങ്ങള്‍ കാരണം വിദേശ രാജ്യങ്ങളും തെരഞ്ഞെടുപ്പിനെ ഉറ്റുനോക്കുന്നു. ഇതിനിടെ യൂറോവിരുദ്ധ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ പ്രവേശനം ഉറപ്പാക്കാന്‍ ഈ തെരഞ്ഞെടുപ്പോടെ സാധിക്കുമെന്നും പ്രവചനങ്ങള്‍ വരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മറപിടിച്ച് നിയോ നാസി പാര്‍ട്ടിയും തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിനെതിരേ പോലീസ് ശക്തമായ നടപടികളും സ്വീകരിച്ചുവരുന്നു. സിഡിയു, സിഎസ്‌യു, എസ്പിഡി, എഫ്ഡിപി, ഗ്രീന്‍ , ദ ലിങ്ക്, പിരാറ്റന്‍ തുടങ്ങിയവരാണ് തെരഞ്ഞെടുപ്പിലെ പ്രമുഖ പാര്‍ട്ടികള്‍ . രാവിലെ എട്ടുമണിമുതല്‍ വൈകിട്ട് ആറുമണിവരെയാണ് പോളിംഗ് സമയം. വൈകിട്ട് ഏഴുമണിയോടെ തെഞ്ഞെടുപ്പ് ഫലം പുറത്തുവരും. കക്ഷികളുടെ വിജയ നിലയും ആരായിരിയ്ക്കും ചാന്‍സലര്‍ എന്നും ഞായറാഴച രാത്രിയോടെ പ്രഖ്യാപിയ്ക്കും. 

Search site