ജര്‍മനിയില്‍ മെര്‍ക്കലിന് മൂന്നാമൂഴം

ജര്‍മനിയില്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ മൂന്നാംവട്ടവും അധികാരത്തിലേക്ക്. പാര്‍ലമെന്റായ ബുണ്ടെസ്റ്റാഗയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മെര്‍ക്കലിന്റെ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (സി.ഡി.യു.) മികച്ച പ്രകടനം കാഴ്ചവെച്ചു. ഭൂരിപക്ഷത്തിന് അഞ്ച് സീറ്റ് മാത്രം കുറവുള്ള അവര്‍ മറ്റ് കക്ഷികളുടെ സഹായത്തോടെ അധികാരത്തിലെത്തും.
1990-ല്‍ രാജ്യത്തിന്റെ പുനരേകീകരണത്തിനുശേഷം സി.ഡി.യു.വിന്റെ വലിയ തിരഞ്ഞെടുപ്പ് വിജയമാണിത്. യൂറോപ്പിലെ ഏറ്റവും കരുത്തുറ്റ വനിതയായി മാറിയ മെര്‍ക്കലിന്റെ (59) വ്യക്തിപരമായ വിജയവും.
630 അംഗ പാര്‍ലമെന്റില്‍ സി.ഡി.യു.വിന് ലഭിച്ചത് 311 സീറ്റാണ്. മധ്യ- ഇടതുപക്ഷമായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് (എസ്.പി.ഡി.) 192-ഉം ഇടതുപാര്‍ട്ടികള്‍ക്ക് 64-ഉം ഗ്രീന്‍ പാര്‍ട്ടിക്ക് 63-ഉം സീറ്റുകള്‍ ലഭിച്ചു. പഴയ കൂട്ടാളികളായ എസ്.പി.ഡി.യുമായി മെര്‍ക്കല്‍ സഖ്യത്തിലാവും എന്നാണ് സൂചനകള്‍. മെര്‍ക്കല്‍ 2005-ല്‍ ആദ്യം ചാന്‍സലറായപ്പോള്‍ എസ്.പി.ഡി.യുമൊത്താണ് ഭരിച്ചത്.

Search site