ചേളാരി സ്‌കൂളില്‍ ഭീമന്‍ പൂക്കളം

നൂറ് കിലോ പൂക്കള്‍, നാല്പതടി വ്യാസം, നാലരമണിക്കൂര്‍കൊണ്ട് 150 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ചേളാരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഭീമന്‍ പൂക്കളം തീര്‍ത്തു.

 ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 150 പേരാണ് പൂക്കളം ഒരുക്കിയത്. വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്ക് തുടങ്ങിയ പൂവിടല്‍ ഉച്ചയ്ക്ക് ഒരു മണിവരെ നീണ്ടു.

 13,000ത്തോളം രൂപയ്ക്കാണ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പൂവാങ്ങിയത്. സ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. പ്രധാനാധ്യാപകന്‍ വി. ശശിധരന്‍, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ടി.പി. അബ്ദുള്‍ റസാഖ്, വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ സി. പ്രിയ, പി.ടി.എ. ഭാരവാഹി ഇ. ഗിരീഷ്, സ്റ്റാഫ് സെക്രട്ടറി, എം. അശോകന്‍, എ.വി. ബിന്ദു, കെ. റീത്ത, പ്രേമന്‍ പരുത്തിക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

 വിവിധ മത്സരങ്ങളും പായസവിതരണവും നടന്നു. ചടങ്ങിന് കൊഴുപ്പേകാന്‍ മാവേലിയുമെത്തി.

Search site