ചേളാരി പ്ലാന്റില്‍ ബുള്ളറ്റ് ടാങ്കര്‍ മതിലിടിച്ച് തകര്‍ത്ത് പുറത്തേക്കിറങ്ങി

ചേളാരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പാചകവാതക പ്ലാന്റ് വളപ്പിനുള്ളില്‍ ബുള്ളറ്റ് ടാങ്കര്‍ മതിലിടിച്ച് തകര്‍ത്ത് പുറത്തേക്കിറങ്ങി. പാചക വാതകം നിറച്ച ടാങ്കറിന് ചോര്‍ച്ചയുണ്ടാകാതിരുന്നതിനാല്‍ മാത്രം വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ ടാങ്കറിന്റെ പ്രഷര്‍ഗേജ് പൊട്ടി. വാതകം നേരിയ തോതില്‍ ഇതുവഴി ചോര്‍ന്നെങ്കിലും പിന്നീട് എറാള്‍ഡെറ്റ് പശ ഉപയോഗിച്ച് അടയ്ക്കുകയായിരുന്നു.
 
 ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. മംഗലാപുരത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പ്ലാന്റില്‍നിന്ന് പാചകവാതകവുമായി എത്തിയതാണ് ലോറി. ഐ.ഒ.സി പ്ലാന്റിനോട് ചേര്‍ന്ന് പിന്‍വശത്തുള്ള പാര്‍ക്കിങ് യാഡില്‍ നിര്‍ത്തിയിടുന്നതിനിടെ കൂറ്റന്‍ കരിങ്കല്‍ മതില്‍ക്കെട്ട് തകര്‍ത്ത് പിന്നോട്ടിറങ്ങുകയായിരുന്നു.
 
 സംഭവം നടക്കുമ്പോള്‍ പാര്‍ക്കിങ് യാര്‍ഡില്‍ 46 ബുള്ളറ്റ് ടാങ്കറുകളുണ്ടായിരുന്നു. വാതക ചോര്‍ച്ചയുണ്ടായിരുന്നെങ്കില്‍ പ്രദേശം ഒന്നാകെ ഇല്ലാതാകുമെന്നതായിരുന്നു അവസ്ഥ. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോലീസും ഫയര്‍ഫോഴ്‌സും എത്താത്തതിലും ഐ.ഒ.സിയുടെ സുരക്ഷാ ക്രമീകരണങ്ങളിലെ അനാസ്ഥയും ചൂണ്ടിക്കാട്ടി നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടി. സംഭവിച്ചത് കനത്ത സുരക്ഷാ പാളിച്ചയാണെന്നാരോപിച്ച് പ്ലാന്റ് മാനേജരെ തടഞ്ഞു വെച്ചു. ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്നും മേലില്‍ ഇത്തരം സംഭവങ്ങളുണ്ടാകില്ലെന്ന് ഉറപ്പുവേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അതിന് ശേഷമേ അപകടത്തില്‍പ്പെട്ട വാഹനം മാറ്റാന്‍ അനുവദിക്കൂ എന്നും നാട്ടുകാര്‍ പറഞ്ഞു.
 
 ഏഴുമണിക്കൂറിനുശേഷം പോലീസ് ഇടപെട്ട് നാട്ടുകാരെ അനുനയിപ്പിച്ച് ടാങ്കര്‍ മാറ്റുകയായിരുന്നു. രണ്ട് ക്രെയിനുകളുടെ സഹായത്തോടെയാണ് ലോറി ഉയര്‍ത്തിയത്.

Search site