ചതാരക്ക് അഞ്ചുവിക്കറ്റ് സിംബാബ്വെക്ക് ചരിത്രജയം

പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആതിഥേയരായ സിംബാബ്വെക്ക് ചരിത്രജയം. ഇതോടെ രണ്ട് മത്സരങ്ങളുള്ള പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലായി.  അവസാനദിവസത്തെ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ 24 റണ്‍സിനായിരുന്നു സിംബാബ്വെ പാകിസ്താനെ തകര്‍ത്തത്. 15 വര്‍ഷത്തെ ഇടവേളയില്‍ പാകിസ്താനെതിരെ ടെസ്റ്റില്‍ സിംബാബ്വെ നേടുന്ന ആദ്യജയം  കൂടിയായിരുന്നു ഇത്. 2001ല്‍ ബംഗ്ളാദേശിനെതിരെയായിരുന്നു ഏറ്റവും ഒടുവില്‍ സിംബാബ്്വെ ടെസ്റ്റ്  ജയം സ്വന്തമാക്കിയത്.  
 സ്കോര്‍: സിംബാബ്വെ 294, 199. പാകിസ്താന്‍ 230, 239.
 രണ്ടാം ഇന്നിങ്സില്‍ ജയിക്കാന്‍ 264 റണ്‍സ് വേണ്ടിയിരുന്ന പാകിസ്താന് വേണ്ടി ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖ് (79) അവസാനംവരെ പൊരുതിയെങ്കിലും കരിയറിലെ മികച്ച ബൗളിങ് പുറത്തെടുത്ത (61/5) പേസര്‍ തെന്തായ് ചതാര ആഞ്ഞടിച്ചതോടെ വിജയം സിബാംബ്വെക്കൊപ്പമത്തെി.
 നാടകീയത നിറഞ്ഞ മത്സരത്തിന്‍െറ അവസാനഘട്ടത്തില്‍ ഒരോവറില്‍ തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായതാണ് പാക് തോല്‍വി അനിവാര്യമാക്കിയത്. അഞ്ചിന് 158 റണ്‍സ് എന്ന നിലയില്‍ നാലാംദിനം കളിയവസാനിപ്പിക്കുമ്പോള്‍ സന്ദര്‍ശകര്‍ക്ക് ജയിക്കാന്‍   അഞ്ച് വിക്കറ്റ് കൈയിലിരിക്കെ 106 റണ്‍സ് കൂടി വേണ്ടിയിരുന്നു. 20 റണ്‍സെടുത്ത അദ്നാന്‍ അക്മലിനെ വിക്കറ്റിനുമുന്നില്‍ കുടുക്കി ക്കൊണ്ടാണ് അവസാനദിനം ചതാര വിക്കറ്റ് വേട്ട തുടങ്ങിയത്. തുടര്‍ന്നത്തെിയ അബ്ദുറഹീമുമൊത്ത് മിസ്ബാ 34 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും  വൈകാതെ ഈ സഖ്യം പൊളിക്കാന്‍ സിംബാബ്വെക്ക് കഴിഞ്ഞു. ബൗളിങ്ങില്‍ വീണ്ടുമത്തെിയ ചതാര  നിലയുറപ്പിക്കും മുമ്പേ സഈദ് അജ്മലിനെ (രണ്ട്) പുറത്താക്കിയതോടെ എതിരാളികള്‍ സമ്മര്‍ദത്തിലായി. 81ാം ഓവറില്‍ ചതാര ജുനൈദ് ഖാനെ (ഒന്ന്) പുറത്താക്കി. അതേഓവറിലെ അവസാന പന്തില്‍ റാഹത്ത് അലിയെ (എഴ്)  റണ്ണൗട്ടാക്കി സിംബാബ്വെ വിജയം ആഘോഷിച്ചു. ചതാരയാണ് കളിയിലെ കേമന്‍. പാക് ബാറ്റ്സ്മാന്‍ യൂനിസ്ഖാന്‍ പരമ്പരയുടെ താരമായി. ആദ്യടെസ്റ്റില്‍ 221 റണ്‍സിനായിരുന്നു പാക് ജയം.
 
ടെസ്റ്റ് റാങ്കിങ്ങിലും പാകിസ്താന് തിരിച്ചടി; ആറാം സ്ഥാനത്ത്
 ദുബൈ: സിംബാബ്വെക്കെതിരെ രണ്ടാം ടെസ്റ്റില്‍ അപ്രതീക്ഷിത  തോല്‍വി ഏറ്റുവാങ്ങിയ പാകിസ്താന്   ടെസ്റ്റ് റാങ്കിങ്ങിലും തിരിച്ചടി. നേരത്തേ  നാലാം സ്ഥാനത്തായിരുന്ന പാകിസ്താന്‍ ഇന്നലെ   പ്രഖ്യാപിച്ച പുതിയ പട്ടികയില്‍ ആറാം സ്ഥാനത്തേക്കാണ്  കൂപ്പുകുത്തിയത്. അതേസമയം, പട്ടികയില്‍ ഇടമില്ലാതിരുന്ന സിംബാബ്വെ വിജയത്തോടെ ഒമ്പതാം സ്ഥാനത്തേക്ക് തിരിച്ചുകയറി. 2006 ജനുവരിയില്‍ ടെസ്റ്റ് പദവി നഷ്ടമായിരുന്ന സിംബാബ്വെ 2011 ആഗസ്റ്റിലാണ് തിരിച്ചെടുത്തത്. എന്നാല്‍, നിലവില്‍ ടെസ്റ്റ് പദവിയുള്ള  രാജ്യങ്ങളുമായി കളിക്കാത്തതിനാല്‍ റാങ്കിങ് പട്ടികയിലേക്ക് സിംബാബ്വെ പരിഗണിക്കപ്പെട്ടിരുന്നില്ല.

Search site