ഗൂഗിള്‍ സെര്‍ച്ച് പരിഷ്‌ക്കരിച്ചു; ഇനി 'ഹമ്മിങ്‌ബേര്‍ഡ്' ആല്‍ഗരിതം

സങ്കീര്‍ണമായ നിര്‍ദേശങ്ങള്‍ കൈകാര്യം ചെയ്യത്തക്കവിധം ഗൂഗിള്‍ അതിന്റെ സെര്‍ച്ച് സാങ്കേതികവിദ്യ പരിഷ്‌ക്കരിച്ചു. ഗൂഗിള്‍ സെര്‍ച്ചിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നാണിത്. പതിനഞ്ചാം പിറന്നാളിന് തലേന്നാണ് സെര്‍ച്ച് വിദ്യയില്‍ പുതിയ മാറ്റം എത്തിയ കാര്യം ഗൂഗിള്‍ വെളിപ്പെടുത്തിയത്.
 
 തിരച്ചില്‍ പ്രവര്‍ത്തനത്തില്‍ 90 ശതമാനത്തെയും ബാധിക്കുംവിധമാണ് ഗൂഗിള്‍ അതിന്റെ സെര്‍ച്ച് ആല്‍ഗരിതം പുതുക്കിയത്. മൂന്നുവര്‍ഷം മുമ്പ് അവതരിപ്പിച്ച 'കഫെയ്ന്‍ ' ( Caffeine ) ആല്‍ഗരിതത്തിന് പകരം, 'ഹമ്മിങ്‌ബേര്‍ഡ്' എന്ന് കോഡുനാമം നല്‍കിയിട്ടുള്ള ആല്‍ഗരിതമായിരിക്കും ഇനി ഗൂഗിള്‍ സെര്‍ച്ചിന്റെ നട്ടെല്ല്.
 
 മൊബൈല്‍ ഉപകരണങ്ങളിലും സ്മാര്‍ട്ട് വാച്ച് പോലുള്ള ഗാഡ്ജറ്റുകളിലും ഗൂഗിള്‍ ഗ്ലാസിലും പരമ്പരാഗത സെര്‍ച്ചിന് പകരം ശബ്ദനിര്‍ദേശങ്ങള്‍ വഴി വിവരങ്ങള്‍ തേടുന്നവരുടെ സംഖ്യ വര്‍ധിച്ചു വരികയാണ്. ഇത്തരം സാഹചര്യംകൂടി പരിഗണിച്ചാണ് ഗൂഗിളിന്റെ സെര്‍ച്ച് പരിഷ്‌ക്കരണം. 
 
 'പേജ്‌റാങ്ക്' ( PageRank ) എന്ന ആല്‍ഗരിതമായിരുന്നു തുടക്കം മുതല്‍ ഗൂഗിള്‍ സെര്‍ച്ചിന്റെ തുറുപ്പുശീട്ട്. പരസ്പരം യോജിപ്പുള്ള കീവേര്‍ഡുകളെ ആശ്രയിച്ചാണ് പരമ്പരാഗതമായി ഗൂഗിള്‍ സെര്‍ച്ച് പ്രവര്‍ത്തിച്ചുപോന്നത്. പുതിയ സെര്‍ച്ചില്‍ ആ സമീപനം പാടെ മാറി. കീവേഡ് മാച്ചിങിന് പകരം അര്‍ഥങ്ങളും ബന്ധങ്ങളും വിശകലനം ചെയ്യുന്ന രീതിയാണ് പുതിയ സെര്‍ച്ചില്‍ സ്വീകരിച്ചിട്ടുള്ളത്. കൂടുതല്‍ സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഗൂഗിള്‍ സെര്‍ച്ചിന് ഇതുവഴി കഴിയും.
 
 ദൈര്‍ഘ്യമേറിയ, സങ്കീര്‍ണമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന യൂസര്‍മാരുടെ എണ്ണം പെരുകുകയാണ്. ഒപ്പം മൊബൈല്‍ ഫോണുകളില്‍ വോയ്‌സ് സെര്‍ച്ച് ഉപയോഗിക്കുന്നവരുടെ സംഖ്യയും ഏറുന്നു - പുതിയ മാറ്റങ്ങള്‍ വിവരിച്ചുകൊണ്ട് ഗൂഗിള്‍ എക്‌സിക്യുട്ടീവ് പറഞ്ഞു. 
 
 2010 ല്‍ ഗൂഗിള്‍ സെര്‍ച്ച് അവതരിപ്പിച്ച 'കഫെയ്ന്‍ അപ്‌ഡേറ്റ്' വലിയൊരു മാറ്റമായിരുന്നു. എന്നാല്‍ , മികച്ച രീതിയില്‍ വിവരങ്ങള്‍ തേടാന്‍ (അഥവാ ഇന്‍ടെക്‌സ് ചെയ്യാന്‍) ഗൂഗിളിനെ സഹായിക്കുക എന്നതായിരുന്നു മുഖ്യമായും അതിന്റെ ഉദ്ദേശം. ഹമ്മിങ്‌ബേര്‍ഡില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. 
 
 ഗൂഗിളിന്റെ നട്ടെല്ലായിരുന്ന 'പേജ്‌റാങ്ക്' ഹമ്മിങ്‌ബേര്‍ഡില്‍നിന്ന് ഒഴിവാക്കിയിട്ടില്ല. ഒരു വെബ്ബ്‌പേജിലേക്കുള്ള, അല്ലെങ്കില്‍ പേജിലെ ലിങ്കുകളുടെ പ്രാധാന്യം നോക്കി പേജിന്റെ പ്രാധാന്യം നിശ്ചയിക്കാന്‍ സഹായിക്കുന്ന പേജ്‌റാങ്ക് ഇനിമുതല്‍ ഹമ്മിങ്‌ബേര്‍ഡിന്റെ ഇരുന്നൂറിലേറ മുഖ്യചേരുവകയില്‍ ഒന്നായിരിക്കുമെന്ന് 'സെര്‍ച്ച് എഞ്ചിന്‍ ലാന്‍ഡ്' പറയുന്നു. 
 
 വാക്കുകള്‍പ്പറുത്ത് പ്രയോഗങ്ങളുടെയും ബന്ധങ്ങളുടെയും അര്‍ഥം മനസിലാക്കാന്‍ സഹായിക്കുകയാണ് ഹമ്മിങ്‌ബേര്‍ഡ് ആല്‍ഗരിതം ചെയ്യുക. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ അവതരിപ്പിച്ച 'നോളേജ് ഗ്രാഫി' ( Knowledge Graph ) ന്റെ തുടര്‍ച്ചയാണ് ഒരര്‍ഥത്തില്‍ പുതിയ സെര്‍ച്ച് ആല്‍ഗരിതം. മാത്രമല്ല, ശബ്ദനിര്‍ദേശങ്ങള്‍ മനസിലാക്കി വിശകലനം ചെയ്ത് ഉത്തരം നല്‍കാനും അതിന് കഴിവുണ്ട്. 
 
 ലോഗോ മുതല്‍ ടൂള്‍ബാര്‍ വരെ ഒട്ടേറെ സംഗതികളില്‍ ഗൂഗിള്‍ പരിഷ്‌ക്കരണം വരുത്തുന്ന സമയമാണിത്. അതിനൊപ്പമാണ് പുതിയ സെര്‍ച്ച് സാങ്കേതികവിദ്യയും അവതരിപ്പിച്ചിരിക്കുന്നത്. 
 
 പതിനഞ്ചാം പിറന്നാളിന്റെ തലേദിവസം, പതിനഞ്ച് വര്‍ഷംമുമ്പ് ഗൂഗിള്‍ ആരംഭിച്ച സിലിക്കണ്‍ വാലിയിലെ ഗാരേജിലാണ് പുതിയ സെര്‍ച്ച് ടെക്‌നോളജി സംബന്ധിച്ച വാര്‍ത്താസമ്മേളനം നടന്നത്. യഥാര്‍ഥത്തില്‍ ഒരുമാസമായി പുതിയ സെര്‍ച്ച് വിദ്യ ഗൂഗിളില്‍ ലഭ്യമാണെന്ന് വാര്‍ത്തസമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചു. 
 
 പതിനഞ്ചാം പിറന്നാളിന്റെ ഗൂഗിള്‍ ഡൂഡില്‍ 
 
 
പിറന്നത് സപ്തംബര്‍ നാലിന്; പിറന്നാള്‍ സപ്തംബര്‍ 27 ന് !
 സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ പി.എച്ച്.ഡി.വിദ്യാര്‍ഥികളായിരുന്ന ലാറി പേജും സെര്‍ജി ബ്രിന്നും ചേര്‍ന്ന് സ്ഥാപിച്ച ഗൂഗിള്‍ കമ്പനി നിലവില്‍ വന്നത് 1998 സപ്തംബര്‍ നാലിനാണ്. എന്നാല്‍ കമ്പനിയുടെ പിറന്നാളായി ആഘോഷിക്കപ്പെടുന്നത് സപ്തംബര്‍ 27 ഉം !
 
 സപ്തംബര്‍ 27 ഗൂഗിള്‍ പിറന്നാളായി ആഘോഷിക്കാന്‍ തുടങ്ങിയത് 2005 ലാണ്. ഗൂഗിള്‍ ഇന്‍ഡെക്‌സ് ചെയ്ത വെബ്ബ്‌പേജുകളുടെ എണ്ണം റിക്കോര്‍ഡിട്ടതിനെ തുടര്‍ന്നാണ് ആ തീയതി പിറന്നാളായി കണക്കാക്കാന്‍ തുടങ്ങിയത്.
 
 പിറന്നാള്‍ ദിനത്തില്‍ പ്രത്യേക ഡൂഡില്‍ അവതരിപ്പിക്കുന്ന രീതി ഗൂഗിള്‍ ആരംഭിച്ചത് 2002 ലാണ്. ഇത്തവണ ഒരു ഇന്ററാക്ടീവ് ഡൂഡിലാണ് പിറന്നാളിന് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

Search site