ഗൂഗിള്‍ - മൈക്രോസോഫ്റ്റ് പോര് ; യൂട്യൂബ് ആപിന്റെ പേരില്‍

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണിനുള്ള യൂട്യൂബ് ആപ് ഗൂഗിള്‍ വീണ്ടും തടഞ്ഞതിനെ തുടര്‍ന്ന് ഇരുകമ്പനികളും തമ്മില്‍ ചേരിപ്പോര് രൂക്ഷമായി.

 മൈക്രോസോഫ്റ്റ് പുറത്തിറക്കിയ യൂട്യൂബ് ആപ് തങ്ങളുടെ വ്യവസ്ഥകള്‍ ലംഘിക്കുന്നുവെന്നതാണ് ഗൂഗിളിന്റെ ആരോപണം. എന്നാല്‍ , ആപ് തടയാന്‍ ഗൂഗിള്‍ മനപ്പൂര്‍വ്വമായി കാരണങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് തിരിച്ചടിക്കുന്നു.

 യൂട്യൂബ് ആപ്ലിക്കേഷന്‍ കഴിഞ്ഞ മെയ് മാസത്തില്‍ വിന്‍ഡോസ് ഫോണ്‍ സ്‌റ്റോറില്‍ നിന്ന് മൈക്രോസോഫ്റ്റ് ഒഴിവാക്കിയിരുന്നു. ഫോണുകളിലേക്ക് അനധികൃതമായി വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കുന്നുവെന്നും, വീഡിയോ പരസ്യങ്ങളെ ആപ് തടയുന്നവെന്നും ഗൂഗിള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് അന്നത് മൈക്രോസോഫ്റ്റിന് മാറ്റേണ്ടി വന്നത്.

 വിന്‍ഡോസ് ഫോണിനായി യൂട്യൂബ് ആപ് വീണ്ടും പുറത്തിറക്കിയത് ഈയാഴ്ചയാണ്. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഗൂഗിള്‍ അത് തടയുകയായിരുന്നു.

 എച്ച്ടിഎംഎല്‍ 5 ( HTML5 ) ലാംഗ്വേജില്‍ യൂട്യൂബ് ആപ് തയ്യാറാക്കാനാണ് മൈക്രോസോഫ്റ്റിനോട് ഗൂഗിള്‍ അഭ്യര്‍ഥിച്ചിരുന്നത്. എന്നാല്‍ , തങ്ങള്‍ക്കതിന് കഴിയില്ലെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.

'ദി ലിമിറ്റ്‌സ് ഓഫ് ഗൂഗിള്‍ ഓപ്പണ്‍നെസ്സ്' എന്ന പേരില്‍ പ്രസിദ്ധീകരിച്ച ബ്ലോഗ് പോസ്റ്റില്‍ , മൈക്രോസോഫ്റ്റിന്റെ അഭിഭാഷകന്‍ ഡേവിഡ് ഹൊവാര്‍ഡ് ഗൂഗിളിനോട് അതിന്റെ തീരുമാനം പിന്‍വലിക്കാന്‍ അഭ്യര്‍ഥിച്ചു.

കൃത്രിമമായുണ്ടാക്കിയ കാരണങ്ങളാലാണ് വിന്‍ഡോസ് ഫോണിന്റെ യൂട്യൂബ് ആപ് തടഞ്ഞതെന്ന് ആരോപിച്ച ഹൊവാര്‍ഡ്, ഇത് ഗൂഗിളിന്റെ പറയപ്പെടുന്ന സുതാര്യതയ്ക്ക് കോട്ടമുണ്ടാക്കുന്ന നടപടിയാണെന്ന് ആരോപിക്കുന്നു.

 ആപിന്റെ കാര്യത്തില്‍ ഇത്തരമൊരു നിലപാട് ആപ്പിളിനോട് ഗൂഗിള്‍ സ്വീകരിക്കാത്ത കാര്യം ബോഗ് പോസ്റ്റ് ചൂണ്ടിക്കാട്ടി. ആന്‍ഡ്രോയ്ഡ് ഫോണുകളും ഐഫോണും ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കുന്ന അതേ അനുഭവം വിന്‍ഡോസ് ഫോണ്‍ യൂസര്‍മാക്ക് നിഷേധിക്കുന്ന നീക്കമാണ് ഗൂഗിളിന്റേതെന്നും ഹൊവാര്‍ഡ് ആരോപിച്ചു.

 ആന്‍ഡ്രോയ്ഡിന്റെയോ ഐഫോണിന്റെയോ യൂട്യൂബ് ആപ് എച്ച്ടിഎംഎല്‍ 5 ല്‍ അല്ല രൂപപ്പെടുത്തിയിരിക്കുന്നത് എന്ന കാര്യവും മൈക്രോസോഫ്റ്റ് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

 അതേസമയം, പൂര്‍ണമായ ഫീച്ചറുകളോടുകൂടിയ യൂട്യൂബ് അനുഭവം ലഭ്യമാക്കുന്നതിന് പകരം, വ്യവസ്ഥകളും മാനദണ്ഡങ്ങളും ലംഘിക്കുന്ന മുന്‍ യൂട്യൂബ് ആപ് പുനര്‍ റിലീസ് ചെയ്യുക മാത്രമാണ് മൈക്രോസോഫ്റ്റ് ചെയ്തതെന്ന് ഗൂഗിള്‍ തിരിച്ചടിക്കുന്നു. അതുകൊണ്ടാണ് ആപ് തടഞ്ഞതെന്ന് ഗൂഗിളിന്റെ പ്രസ്താവന പറയുന്നു.

Search site