ഗര്‍ഭകാലത്ത് വ്യായാമം ചെയ്യൂ; സിസേറിയന്‍ ഒഴിവാക്കാം

ഗര്‍ഭകാലത്ത് ലഘുവ്യായാമം പതിവാക്കിയാല്‍ അടിയന്തര സിസേറിയന്‍ സാധ്യത കുറക്കാമെന്ന് കണ്ടെത്തല്‍ . യു.കെയിലെ ആരോഗ്യ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍ ആണിത് പ്രസിദ്ധീകരിച്ചത്.
 
ഗര്‍ഭിണി ആഴ്ചയില്‍ മൂന്നു തവണയെങ്കിലും നടത്തവും ശ്വസന വ്യായാമവും കൈകാലുകള്‍ വിടര്‍ത്തിയുള്ള വ്യായാമയും ചെയ്താല്‍ പ്രസവിക്കുന്ന കുട്ടിയുടെ ഭാരം സാധാരണ നിലയിലായിരിക്കും. കുട്ടി ഭാരക്കൂടുതല്‍ ഉണ്ടാകുമ്പോഴാണ് സാധാരണ ഗതിയില്‍ സിസേറിയന്‍ ആവശ്യമായി വരുന്നത്. സിസേറിയന്‍ പ്രസവങ്ങളുടെ എണ്ണം വികസിത രാജ്യങ്ങളില്‍ മൂന്നു പതിറ്റാണ്ടിനിടെ ഇരട്ടിയായിട്ടുണ്ട്.
 
ഗര്‍ഭിണികളെ മാത്രം പിടികൂടുന്ന ഒരുതരം പ്രമേഹത്തില്‍ നിന്ന് രക്ഷപ്പെടാനും വ്യായാമം ഉപകരിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. സിസേറിയന്‍ വഴിയുണ്ടാകുന്ന കുട്ടികളില്‍ പൊണ്ണത്തടിക്കും അണുബാധക്കുമുള്ള സാധ്യത കൂടുതലാണ്. ഇത്തരം കുട്ടികളില്‍ ആസ്ത്മ, ചിലതരം പെരുമാറ്റ വൈകല്യങ്ങള്‍ എന്നിവയും ഉണ്ടാകാം. പ്രമേഹ സാധ്യതയും ഇവരില്‍ അധികമായിരിക്കും.
 
ഗര്‍ഭിണികളായ 510 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ മസില്‍ പുഷ്ടീകരണത്തിനും ശ്വസനത്തിനും മറ്റുമുള്ള വ്യായാമം ചെയ്ത 55 പേരില്‍, ശിശുവിന്റെ ഭാരം 4 കിലോഗ്രാമില്‍ കൂടുതല്‍ ആയിരിക്കാനുള്ള സാധ്യത 58 ശതമാനം കുറഞ്ഞതായി കണ്ടെത്തി. സിസേറിയന്‍ സാധ്യത 34 ശതമാനവും കുറഞ്ഞു.
 
തടി കൂടുതലുള്ള ഗര്‍ഭിണികളുടെ രക്തം കട്ടപിടിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് സിസേറിയനിലേക്ക് നയിച്ചേക്കാമെന്നും പഠനത്തില്‍ പങ്കെടുത്ത ഡോ. ജൊനാതന്‍ റൂയിസ് പറയുന്നു.

Search site