ഗതാഗതക്കുരുക്ക്: വേങ്ങര ടൗണില്‍ ട്രാഫിക് നിയന്ത്രണം

വേങ്ങര ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കാന്‍ ഭരണസമിതിയുടെ നേതൃത്വത്തില്‍ വേങ്ങര പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തില്‍ തീരുമാനമായി. 
 
വേങ്ങര ടൗണ്‍ ഏരിയയില്‍പ്പെട്ട പുത്തന്‍പള്ളി, ഗാന്ധിദാസ്, സിനിമ ഹാള്‍ ജങ്ഷന്‍ എന്നിവിടങ്ങളിലല്ലാതെ ബസ്സുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കില്ല. വേങ്ങര ആയുര്‍വേദ ആസ്പത്രി മുതല്‍ എച്ച്. പി. ഗ്യാസ് വരെയുള്ള സ്ഥലങ്ങളില്‍ റോഡിന്റെ ഇരുഭാഗങ്ങളിലും സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ് പൂര്‍ണമായും നിരോധിച്ചു. ഇവിടെ ടാക്‌സി, ഓട്ടോറിക്ഷകള്‍ക്ക് മാത്രമായിരിക്കും പാര്‍ക്കിങ്. 
 
രാവിലെ 8 മുതല്‍ 10 മണി വരെ, വൈകീട്ട് 4 മുതല്‍ 7 മണി വരെയുള്ള സമയങ്ങളില്‍ ചരക്കുകള്‍ കയറ്റുന്നതും ഇറക്കുന്നതും പൂര്‍ണമായും ഒഴിവാക്കും. 
 
ബ്ലോക്ക് റോഡ്, മാര്‍ക്കറ്റ് റോഡ്, ചേറൂര്‍ റോഡ് എന്നിവിടങ്ങളില്‍ റോഡിന്റെ ഇരുഭാഗത്തും പാര്‍ക്കിങ് നിരോധിച്ചു. പണം ഈടാക്കിയുള്ള സ്വകാര്യ പാര്‍ക്കിങ് സംവിധാനം ഒരുക്കാനുമാണ് യോഗ തീരുമാനം.
 
വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസല്‍, വേങ്ങര എസ്.ഐ. ഹിദായത്തുല്ല മാമ്പ്ര, വി.കെ. കുഞ്ഞാലന്‍കുട്ടി, സി.പി. മുഹമ്മദ്, ടി.കെ. കുഞ്ഞീതു, വേങ്ങര ഗോപി, എ.കെ. വരദന്‍, എ.കെ.സി. മുഹമ്മദ്, കെ. അലി, ബാഹുലേയന്‍, പി. സാബു വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംസാരിച്ചു.

Search site