ഖുര്‍ആനിക അത്ഭുതങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ദുബൈ 'ഹോളി ഖുര്‍ആന്‍ പാര്‍ക്ക്' 2014-ല്‍ പൂര്‍ത്തിയാവും

മതകീയ തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് ദുബൈയില്‍ 'ഹോളി ഖുര്‍ആന്‍ പാര്‍ക്ക്' നിര്‍മിക്കുന്നു. വിശുദ്ധ ഖുര്‍ആനിലെ അത്ഭുതങ്ങളും മറ്റും ഉള്‍ക്കൊള്ളുന്ന പാര്‍ക്ക് അല്‍ ഖവാനീജില്‍ നിര്‍മിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി ജനറല്‍ പ്രൊജക്ട് ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനിച്ചു. 2014 സെപ്തംബറില്‍ പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയാവുമെന്ന് പ്രൊജക്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മുഹമ്മദ് നൂര്‍ മഷ്‌റൂം പറഞ്ഞു. 
 
60 ഹെക്ടറിലായി സ്ഥാപിക്കുന്ന പാര്‍ക്കില്‍ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട വൃക്ഷങ്ങള്‍ , ആകര്‍ഷകമായ പ്രധാന കവാടം, ഇസ്‌ലാമിക ഗാര്‍ഡന്‍ , കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഉംറ കോര്‍ണര്‍ , ഔട്ട്‌ഡോര്‍ തിയേറ്റര്‍ , ഖുര്‍ആനിലെ അത്ഭുതങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ഥലം, ജലധാരകള്‍ , ബാത്ത്‌റൂമുകള്‍ , ഗ്ലാസ് കെട്ടിടം, മരുഭൂ പുന്തോട്ടം, മരുപ്പച്ച, തടാകം, റണ്ണിംഗ് ട്രാക്ക്, സൈക്ലിംഗ് ട്രാക്ക്, നടപ്പാത തുടങ്ങിയവ ഉണ്ടായിരിക്കും.
 
ഖുര്‍ആനില്‍ പേരു പരാമര്‍ശിക്കപ്പെട്ട അത്തി, ഒലിവ്, ചോളം, ഉള്ളി, വെള്ളുള്ളി, പയര്‍ , ബാര്‍ലി, ഗോതമ്പ്, ഇഞ്ചി, മത്തന്‍ , തണ്ണിമത്തന്‍, പുളി, മുന്തിരി, വാഴപ്പഴം, വെള്ളരിക്ക, തുളസി തുടങ്ങിയ 54 വൃക്ഷലതാതികളാണ് പാര്‍ക്കില്‍ ഉണ്ടാവുകയെന്ന് പ്രൊജക്ട് ഡിപ്പാര്‍ട്ട്‌മെന്റ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഗ്ലാസ് കെട്ടിടത്തിനുള്ളില്‍ 15 ഇനം ചെടികള്‍ ഉണ്ടാവും. ഖുര്‍ആനില്‍ ഇവയുടെ പേര് വരാനുള്ള കാരണം സഞ്ചാരികളെ ബോധ്യപ്പെടുത്താനുള്ള സൗകര്യവും ഉണ്ടായിരിക്കും. 
എയര്‍കണ്ടീഷന്‍ ചെയ്ത തുരങ്കത്തിലാണ് ഖുര്‍ആനിക അത്ഭുതങ്ങള്‍ സ്ഥാപിക്കുക.
 
നിലവിലെ ടെന്‍ഡര്‍ പ്രകാരം 27 ദശലക്ഷം ദിര്‍ഹമാണ് പാര്‍ക്ക് നിര്‍മാണത്തിന്റെ ചെലവായി പ്രതീക്ഷിക്കുന്നത്. ജോലി പൂര്‍ത്തിയാകുമ്പോള്‍ ഇതില്‍ കുറവോ കൂടുതലോ ഉണ്ടായേക്കാം. ഇതിനായുള്ള പ്രാഥമിക ഒരുക്കങ്ങളും മറ്റും തുടങ്ങിക്കഴിഞ്ഞെന്ന് മുഹമ്മദ് നൂര്‍ മഷ്‌റൂം പറഞ്ഞു. ഈ വര്‍ഷം ജൂലൈയില്‍ തുടങ്ങി അടുത്ത ജൂലൈയില്‍ അവസാനിക്കും വിധമാണ് നിര്‍മാണ പ്രവൃത്തികളുടെ ക്രമീകരണം.

Search site