ഖാദിം വിസക്കാര്‍ക്ക് ഷൂണ്‍ വിസയിലേക്ക് മാറാന്‍ അനുമതി

രാജ്യത്ത് സ്വദേശി സ്പോണ്‍സര്‍ഷിപ്പില്‍ വീടുകളുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തുവരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഉപാധികളോടെ വിസാമാറ്റത്തിന് അനുവാദം. ഡ്രൈവര്‍മാര്‍, വേലക്കാര്‍, പാചകക്കാര്‍ തുടങ്ങിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്വന്തം സ്പോണ്‍സറുടെയോ സ്പോണ്‍സറുടെ അടുത്ത ബന്ധുക്കളുടെയോ കീഴിലുള്ള വാണിജ്യ, തൊഴില്‍ വിസകളിലേക്ക് മാറാന്‍ അനുവാദം നല്‍കുന്ന ഉത്തരവ് തൊഴില്‍-സാമൂഹിക മന്ത്രാലയം ഉടന്‍ പുറപ്പെടുവിക്കുമെന്ന് അണ്ടര്‍ സെക്രടറി അബ്ദുല്‍ മുഹ്സിന്‍ അല്‍ മുതൈരി അറിയിച്ചു.
 രണ്ട് മാസത്തേക്കാണ് വിസാ മാറ്റത്തിന് അനുവാദം നല്‍കുക. ഉത്തരവ് ഒൗദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നത് മുതലുള്ള രണ്ടു മാസമാണ് വിസാ മാറ്റത്തിനുള്ള കാലാവധി. തൊഴില്‍ മന്ത്രാലയത്തിന്‍െറ 222/2013 നമ്പര്‍ ഉത്തരവ് പ്രകാരമാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
 എല്ലാ വര്‍ഷവും നിശ്ചിതകാലത്തേക്ക് ഇത്തരത്തില്‍ വിസാ മാറ്റത്തിന് അനുമതി നല്‍കാറുണ്ട്. എല്ലാ വര്‍ഷവും ജൂണ്‍ ഒന്ന് മുതല്‍ നവംബര്‍ 30 വരെയാണ് വിസാ മാറ്റം അനുവദിക്കാറുള്ളത്. എന്നാല്‍, ഇത്തവണ ഏറെ വൈകിയാണ് പ്രഖ്യാപനം. വിസ മാറുന്നതിനുള്ള അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് സാമൂഹിക, തൊഴില്‍ മന്ത്രാലയം മേയില്‍ നല്‍കിയ അപേക്ഷ ആഭ്യന്തര മന്ത്രാലയം തള്ളുകയായിരുന്നു. രാജ്യത്ത് വിദേശ തൊഴിലാളികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമാവുന്നു, സ്പോണ്‍സറുടെ അടുത്തുള്ള തൊഴില്‍ ഉപേക്ഷിച്ച് ഗാര്‍ഹിക തൊഴിലാളികളുടെ ഒളിച്ചോട്ടം വര്‍ധിക്കാന്‍ ഇടയാക്കുന്നു, തങ്ങളുടെ കീഴിലുള്ള ഗാര്‍ഹിക തൊഴിലാളികള്‍ ശുഊന്‍ വിസയിലേക്ക് മാറുന്നതോടെ സ്പോണ്‍സര്‍ക്ക് പുതിയ ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരേണ്ടിവരുന്നു, ഇതിന് ചെലവ് ഏറെ വരുന്നതായി സ്വദേശികള്‍ പരാതി പറയുന്നു തുടങ്ങിയ കാരണങ്ങളാണ് വിസ മാറ്റത്തിന് അനുമതി തള്ളാനുള്ള കാരണങ്ങളായി ആഭ്യന്തര മന്ത്രാലയം പറഞ്ഞിരുന്നത്.
 എന്നാല്‍, അടുത്തിടെ ശക്തമാക്കിയ റെയ്ഡുകളിലൂടെയും മറ്റും നിരവധി വിദേശികളെ നാടുകടത്തുകയും നിയമപരമായ പരിരക്ഷയില്ലാത്ത പലരും ജോലി വിടുകയും ചെയ്തതോടെ രാജ്യത്ത് തൊഴിലാളി ക്ഷാമം ഏറെയുണ്ട്. ഈ സാഹചര്യത്തിലാണ് രണ്ടു മാസത്തേക്ക് വിസാ മാറ്റത്തിന് അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്തെ തൊഴില്‍ വിപണിയിലേക്ക് പുതുതായി ആവശ്യം വരുന്ന തൊഴിലാളികളെ പുറത്തുനിന്ന് പുതുതായി കൊണ്ടുവരുന്നതിന് പകരം നിലവില്‍ രാജ്യത്തുള്ളവരെ തന്നെ ഉപയോഗപ്പെടുത്തുകയാണ് വിസ മാറ്റം നടപടിയിലൂടെ തൊഴില്‍ വകുപ്പ് ലക്ഷ്യമിടുന്നത്. വിദേശത്തു നിന്നുള്ള റിക്രൂട്ട്മെന്‍റ് ഇല്ലാതെ തന്നെ ജോലിക്കാരെ കണ്ടത്തൊന്‍ സ്ഥാപനങ്ങള്‍ക്ക് കഴിയും എന്നതിനാല്‍ തൊഴിലുടമകളും ഇത് സ്വാഗതം ചെയ്യുന്നു.
 വിസാ മാറ്റ അനുവാദം പ്രാബല്യത്തിലാവുന്നതോടെ മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഗുണകരമാവുമെന്നാണ് പ്രതീക്ഷ. എല്ലാ വര്‍ഷവും നിരവധി പേര്‍ ഈ അവസരം ഉപയോഗപ്പെടുത്താറുണ്ടെങ്കിലും ഇത്തവണ അടുത്തിടെ അധികൃതര്‍ ശക്തമാക്കിയ പരിശോധനകളില്‍ ഖാദിം വിസയില്‍ പുറത്തുജോലി ചെയ്യുന്ന അനവധി പേര്‍ പിടിക്കപ്പെട്ട പശ്ചാത്തലത്തില്‍ വിസ മാറുന്നതിനുള്ള വാതില്‍ തുറക്കുന്നത് കാത്തുനില്‍ക്കുകയായിരുന്നു ഒട്ടേറെ പേര്‍.

Search site