ക്ഷുഭിത യൗവനത്തിന്റെ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍

സോഷ്യല്‍ മീഡിയയില്‍ ശക്തമായും സജീവമായും ഇടപെടുന്ന 'പ്രമുഖര്‍' മലയാളത്തില്‍ തുലോം കുറവാണ്. പാശ്ചാത്യ രാജ്യങ്ങളിലും ഇന്ത്യന്‍ തലത്തില്‍തന്നെയും രാഷ്ട്രീയക്കാരും എഴുത്തുകാരും വ്യവസായികളും മാധ്യമപ്രവര്‍ത്തകരും സംവിധായകരും അഭിനേതാക്കളും കളിക്കാരുമെല്ലാം ട്വിറ്റര്‍, ഫേസ്ബുക്ക്, ഗൂഗിള്‍ പ്ലസ് തുടങ്ങിയ 'നവ' മാധ്യമങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തുകയും അതുവഴി ജനങ്ങളിലേക്ക് / പ്രേക്ഷകരിലേക്ക് / ആരാധകരിലേക്ക് എത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ ചില 'യുവാക്ക'ളൊഴികെ, മേല്‍പ്പറഞ്ഞ ഗണത്തിലെ ലബ്ധപ്രതിഷ്ഠരായ മലയാളി വ്യക്തിത്വങ്ങള്‍ സോഷ്യല്‍ മീഡിയയെ കൂടുതലായി ഉപയോഗപ്പെടുത്തിക്കാണാറില്ല. പുതിയ കാലത്തെ നാട്ടുനടപ്പിനൊപ്പം നില്‍ക്കാനെന്ന പേരില്‍ ഫേസ്ബുക്കില്‍ പ്രൊഫൈല്‍ അല്ലെങ്കില്‍ പേജ് രൂപീകരിച്ച് സാന്നിധ്യമറിയിക്കുക എന്നതു മാത്രമാണ് ചിലരെങ്കിലും ചെയ്യുന്നത്.
 
സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്താത്തതു കൊണ്ട് നമ്മുടെ പ്രമുഖര്‍ക്ക് വല്ലതും നഷ്ടപ്പെടുന്നുണ്ടോ? ഇല്ലെന്നും ഫേസ്ബുക്കിലും മറ്റും ചടഞ്ഞുകൂടിയിരുന്ന് സമയം കളയരുതെന്നുമാണ് ഈയിടെ സാമാന്യം മുതിര്‍ന്ന ഒരു രാഷ്ട്രീയ നേതാവ് യുവനേതാക്കളെ ഉപദേശിച്ചത്. അതേസമയം, ഫേസ്ബുക്കിലെ സമര്‍ത്ഥമായ ഇടപെടല്‍ വഴി ജനങ്ങളുമായി കൂടുതല്‍ അടുക്കാന്‍ കഴിയുന്നുണ്ടെന്നും ആളുകളുടെ പ്രശ്‌നങ്ങള്‍ അടുത്തറിയാന്‍ ഈ കാലത്ത് ഏറ്റവും നല്ലത് സോഷ്യല്‍ മീഡിയ ആണെന്നും ചെറുപ്പക്കാരനായ മറ്റൊരു രാഷ്ട്രീയ നേതാവും പ്രസ്താവിച്ചുകണ്ടു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലുള്ള സെലിബ്രിറ്റികള്‍ വല്ലപ്പോഴെങ്കിലും ബ്ലോഗ് പോസ്റ്റുമായി തങ്ങളുടെ ഓണ്‍ലൈന്‍ സാന്നിധ്യം ഇടക്കിടെ അടയാളപ്പെടുത്താറുണ്ട്. പോസ്റ്റിട്ടതിനു ശേഷം അതിലേക്ക് തിരിഞ്ഞുനോക്കാന്‍ സൂപ്പര്‍ താരങ്ങള്‍ക്ക് കഴിയാറില്ലെന്നാണ് പൊതുവെയുള്ള ധാരണ. എങ്കിലും ഫാന്‍ പേജുകളിലൂടെയും കമ്മ്യൂണിറ്റികളിലൂടെയും അവര്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. 'പ്രാമുഖ്യ'ത്തില്‍ നിലയുറപ്പിച്ചു വരുന്ന പലരും വിവാദങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി മനപ്പൂര്‍വം സോഷ്യല്‍ മീഡിയയില്‍നിന്നു വിട്ടുനില്‍ക്കാറുണ്ടെന്നതും ശ്രദ്ധേയം.
 
കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഫേസ്ബുക്ക് ജീവിതം ശ്രദ്ധയാകര്‍ഷിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. മൂര്‍ച്ചയേറിയ വാക്കുകളും തീക്ഷ്ണ ബിംബങ്ങളുംകൊണ്ട് മലയാള കവിതയില്‍ 'ചുള്ളിക്കാട് കവിത'യെ പ്രതിഷ്ഠിച്ച 'ക്ഷുഭിത യൗവനത്തിന്റെ കവി' ഫേസ്ബുക്കില്‍ സജീവ സാന്നിധ്യമാണ്. അഭിപ്രായം രേഖപ്പെടുത്തിയ ശേഷം അതിനു കീഴെ വരുന്ന കമന്റുകള്‍ വായിച്ച് മറഞ്ഞിരിക്കുന്നതിനു പകരം വായനക്കാരുമായി സംസാരിക്കാനും സംവദിക്കാനും അദ്ദേഹം തയാറാവുന്നു. കവി, നടന്‍ എന്നീ മേലാപ്പുകള്‍ ഇല്ലാതെ തന്റെ അനുഭവങ്ങളും ജീവിതവും കവിതകളും അഭിപ്രായങ്ങളും വിയോജിപ്പുകളുമെല്ലാം രേഖപ്പെടുത്തുന്നു ചുള്ളിക്കാട് തന്റെ പ്രൊഫൈല്‍ വഴി. സുഹൃത്തുക്കളെ സ്വീകരിക്കാനുള്ള പരിധി കഴിഞ്ഞിട്ടും മറ്റുപലരെയും പോലെ 'പേജു'ണ്ടാക്കി ആരാധകരെ സൃഷ്ടിക്കാന്‍ മുതിരുന്നില്ല എന്നത് അദ്ദേഹത്തിന്റെ സത്യസന്ധതയുടെ ഒരടയാളം.
 
രണ്ടുവര്‍ഷത്തോളമായി ഫേസ്ബുക്കിലുള്ള ചുള്ളിക്കാട്, കഴിഞ്ഞ ജൂലൈ 31-ന് എറണാകുളം ജില്ലാ ട്രഷറിയില്‍ ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ചതടക്കമുള്ള ജീവിത സംഭവങ്ങളും 'ഏതു മാധ്യമത്തിലായാലും അഭിമുഖസംഭാഷണം എന്ന കലാപരിപാടി മേലാല്‍ വേണ്ട എന്നു തീരുമാനിച്ചു' എന്നിങ്ങനെയുള്ള തീരുമാനങ്ങളും 'മൂന്നുവര്‍ഷം ദുര്‍ഗുണ പരിഹാരപാഠശാലയില്‍ കഴിയാന്‍ തയ്യാറാണെങ്കില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഇന്ത്യയില്‍ എന്തുകുറ്റകൃത്യവും ചെയ്യാം. എത്രനല്ല രാജ്യം!' തുടങ്ങിയ പ്രതിഷേധങ്ങളും സുഹൃത്തുക്കളുമായി ഫോളോവേഴ്‌സുമായും പങ്കുവെക്കുന്നു. വായനക്കാരനെ ചുട്ടുപൊള്ളിച്ച കവിതയുടെയും ഗദ്യത്തിന്റെയും മൂര്‍ച്ച, ഏതു സാഹിത്യരൂപമെന്ന് വിളിക്കാന്‍ കഴിയാത്ത ഈ 'സ്റ്റാറ്റസ് അപ്‌ഡേറ്റു'കളിലുമുണ്ട്. 
 
ചുള്ളിക്കാടിന്റെ 'ടൈംലൈനി'ല്‍ നിന്നു പെറുക്കിയെടുത്ത ഏതാനും കുറിപ്പുകളിതാ:
 
:: സത്യം പറയുന്നവന്‍ ജനങ്ങളുടെ ശത്രുവാകും.അവനെ കള്ളനെന്നു മുദ്രകുത്താന്‍ ജനങ്ങള്‍ മത്സരിക്കും.അവനെ മാനസികമായി പീഡിപ്പിക്കുന്നതില്‍ ജനങ്ങള്‍ ആനന്ദിക്കും.അവസരം കിട്ടിയാല്‍ അവനെ ജനങ്ങള്‍ കൊല്ലും. എന്നാല്‍ എന്തു പച്ചക്കള്ളവും പറയാന്‍ മടിയില്ലാത്തവനും അഴിമതിക്കാരനും കുറ്റവാസനയുള്ളവനും സൂത്രശാലിയുമായവനെ ജനങ്ങള്‍ ഭരണാധികാരിയായി തിരഞ്ഞെടുത്തു വാഴിക്കും. ഇതാണ് എനിക്കു മനസ്സിലായ കാര്യം.
 
:: ഡി.സി.ബുക്‌സ് 2011ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ മൂന്നാം പതിപ്പ് ഇന്നു വന്നു! അടിവസ്ത്രം മുതല്‍ ആഹാരംവരെ എല്ലാ കാര്യത്തിലും പുതുമ മാനദണ്ഡമായ ഒരു സമൂഹത്തില്‍ ഈ പഴയ കവിയുടെ വാക്കുകള്‍ക്കും കുറച്ച് ആവശ്യക്കാരുണ്ടെന്നത് ഒരു സന്തോഷം തന്നെ.
 
:: സ്വന്തമായി കവിത എഴുതാതെ പരിഭാഷകള്‍ ചെയ്യുന്നത് എന്തുകൊണ്ട് എന്നു പല ഫേസ്ബുക്ക് സുഹൃത്തുക്കളും ചോദിക്കുന്നു. മരണംവരെ എന്നും നല്ല കവിതകള്‍ എഴുതിക്കൊണ്ടിരിക്കാന്‍ മഹാപ്രതിഭകള്‍ക്കേ കഴിയൂ. ഞാന്‍ ഒരു മഹാപ്രതിഭയല്ല. എന്നും എഴുതാന്‍ എനിക്കു കഴിവില്ല.വല്ലപ്പോഴും എഴുതിയാല്‍ത്തന്നെ നന്നാകണമെന്നുമില്ല. വായിക്കുന്ന അന്യഭാഷാകവിതകളില്‍ ചിലത് ചിലപ്പോള്‍ മനസ്സില്‍ക്കിടന്നു മലയാളമാകുന്നു. അത്രേയുള്ളു.
 
:: ഞാന്‍ അവാര്‍ഡുകള്‍ വാങ്ങാത്തത് എന്തുകൊണ്ടാണെന്ന് എഫ്.ബി.യിലെ അനേകം സുഹൃത്തുക്കള്‍ ചോദിക്കുന്നു. അവാര്‍ഡ് വാങ്ങാത്ത കവി എന്ന പ്രശസ്തി നേടാന്‍ വേണ്ടിയാണ് അവാര്‍ഡ് വാങ്ങാത്തത്. പോരെ?
 
:: ചലച്ചിത്ര സംവിധായകന്‍ സിദ്ദിക്കിന് ഇന്നു മഹാരാജാസ് കോളെജില്‍ അദ്ദേഹത്തിന്റെ സഹപാഠികള്‍ ഒരു സ്വീകരണം നല്‍കി.അദ്ദേഹം ഒരനുഭവം പറഞ്ഞു. ജില്ലാതലത്തില്‍ സമ്മാനം കിട്ടിയ മോണോ ആക്റ്റ് അദ്ദേഹം സ്‌ക്കൂളില്‍ അവതരിപ്പിച്ചു. സകലരും നിര്‍ത്താതെ കയടിച്ചു. ആ കരഘോഷമല്ല, അതിനിടയില്‍ ക്ലാസ്സ് ടീച്ചര്‍ പറഞ്ഞ ഒരു കമന്റാണു സിദ്ദിക്ക് കേട്ടത്. 'ഇത്തരം കോമാളിത്തം കാണിക്കാനല്ലാതെ മറ്റൊന്നിനും ഇവനെ കൊള്ളില്ല.' അതുകേട്ടപ്പോള്‍ ആ കുട്ടിയുടെ മനസ്സില്‍ ഉണ്ടായ വേദനയാണ് ഇന്നത്തെ സിദ്ദിക്കിനെ രൂപീകരിച്ചത്! ചില അദ്ധ്യാപകര്‍ അങ്ങനെയാണ്. ചില കുട്ടികളെ തിരഞ്ഞുപിടിച്ച് അവരെ മാനസികമായി പീഡിപ്പിച്ചു രസിക്കുന്ന പരമദ്രോഹികള്‍. പക്ഷേ, ചിലപ്പോള്‍ അവരറിയാതെ അവര്‍ ചിലര്‍ക്ക് ഇങ്ങനെ പ്രചോദനമാകും.
 
:: ഞാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കെ മാതൃഭൂമി ബാലപംക്തിയില്‍ ബാലചന്ദ്രന്‍ എന്ന പേരില്‍ എന്റെ ഒരു കവിത അച്ചടിച്ചുവന്നു. ഞാനതു വളരെ സന്തോഷത്തോടെ മലയാളം അദ്ധ്യാപകനെ കാണിച്ചു. അദ്ദേഹം: 'കള്ളാ. നുണ പറയുന്നോ. ഇതു നീയാണെന്ന് എന്താ ഒറപ്പ്? ലോകത്തില്‍ ഈ പേരില്‍ എത്രയോ പേരുണ്ട്.' എന്റെ തലയ്ക്ക് ആഞ്ഞു കിഴുക്കുകയും ചെയ്തു. അതില്‍പ്പിന്നെയാണ് ഞാന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന പേരില്‍ എഴുതാന്‍ തുടങ്ങിയത്.
 
:: ഇന്നു മഹാരാജാസ് കോളേജില്‍ പോയപ്പോള്‍ എന്നെ പരിചയപ്പെടാന്‍ വന്ന ചില വിദ്യാര്‍ത്ഥികളോടു ഞാന്‍ പറഞ്ഞത്:
'വ്യവസ്ഥിതിക്കു പാദസേവ ചെയ്യുന്ന ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിക്കുക.' സര്‍ക്കാര്‍ ഗസറ്റഡ് ഓഫീസറും സാഹിത്യനിരൂപകനുമായ ഒരു കോളേജ് അദ്ധ്യാപകന്‍ ഒരു ലേഖനത്തില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിയ ഉപദേശമാണിത്. പക്ഷേ ആ അദ്ധ്യാപകന്‍ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിക്കാതെ യു.ജി.സി.സ്‌കെയിലില്‍ പെന്‍ഷന്‍ പറ്റി സുഖമായി ജീവിക്കുന്നു. അദ്ദേഹത്തിന്റെ മക്കള്‍ ഔപചാരിക വിദ്യാഭ്യാസം നേടി നല്ല നിലയിലായി. 
വിദ്യാര്‍ത്ഥികളേ, നിങ്ങള്‍ ഈ അദ്ധ്യാപകന്റെ ജീവിതം മാതൃകയാക്കുക. നല്ല കരിയറിസ്റ്റുകളാകുക. വാക്കുകളില്‍ വിപ്ലവം കുറയ്‌ക്കേണ്ട.
 
:: മൊബൈല്‍ ഓഫ് ചെയ്തുകൊണ്ട് ഞാന്‍ സുഹൃത്തിനോടു പറഞ്ഞു: 'ഉദ്ഘാടനത്തിനും പ്രസംഗിക്കാനും കവിതചൊല്ലാനും ക്ഷണിക്കുന്നവരെക്കൊണ്ടു തോറ്റു. എനിക്കു വേറൊരു പണിയുമില്ലെന്നാ ഇവരുടെ വിചാരം. ഇവര്‍ക്കു വേറെ ആരേം കിട്ടാനില്ലേ?' അപ്പോള്‍ സുഹൃത്തു പൊട്ടിച്ചിരിച്ചുകൊണ്ട്: 'എടാ പൊട്ടാ, ലക്ഷങ്ങള്‍ കൊടുത്താലേ സിനിമാതാരങ്ങളെ കിട്ടൂ. റിമിടോമിയെ വിളിച്ചാല്‍ ഒരുലക്ഷം രൂപകൊടുക്കണം. അന്‍പതിനായിരം രൂപയെങ്കിലും കൊടുക്കാതെ കോട്ടയം നസീറിനെയോ സാജന്‍ പള്ളുരുത്തിയെയോ കിട്ടുകേല. ഇരുപത്തയ്യായിരം രൂപയെങ്കിലും കൊടുക്കാതെ ചെറിയ സീരിയല്‍ നടിയെപ്പോലും കിട്ടുകേല. നീ കവിയല്ല്യോ. നിനക്കു വണ്ടിക്കാശു തന്നാല്‍ പോരായോ. ഏറിയാല്‍ ആയിരം രൂപകൂടി കൂടുതല്‍ തന്നാല്‍ മതി. അതാ നിന്നെ വിളിക്കുന്നെ. അല്ലാതെ ഇയ്യാടെ പവ്വറുകണ്ടിട്ടൊന്നുമല്ല.'
 
:: പ്രിയപ്പെട്ട ജയസൂര്യ, താങ്കള്‍ കലാകാരനാണ്. ജനങ്ങള്‍ താങ്കളുടെ കലാപ്രകടനം രസിക്കും. പക്ഷെ ജനങ്ങള്‍ രാഷ്ട്രീയനേതാക്കളെയും സമുദായനേതാക്കളെയും മതനേതാക്കളെയും മാത്രമേ പിന്തുണയ്ക്കൂ. അവരെ മാത്രമേ അനുസരിക്കൂ. ജനങ്ങള്‍ക്ക് എന്നും എവിടെയും ബാറബാസിനെ മതി. അതിനാല്‍ സൂക്ഷിക്കുക.

Search site