കോണ്‍ഗ്രസ് വിജയിച്ചതിന് കാരണം ലീഗെന്ന് കുഞ്ഞാലിക്കുട്ടി

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ തങ്ങളുടെ യുഡി‌എഫ് സാന്നിധ്യം കൂടുതല്‍ ഊട്ടി ഉറപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ലീഗ് ആരംഭിച്ചു കഴിഞ്ഞു. അതിന്റെ ഭാഗമായി തന്നെയാണ് കോണ്‍ഗ്രസ് ആരംഭിക്കുന്നതിന് മുമ്പ് മണ്ഡലം കണ്‍‌വെന്‍ഷനുകള്‍ മുസ്ലീം ലീഗ് ആരംഭിച്ചത്. എന്നാല്‍ ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്‌താവന ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചയാകുകയാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ണൂരിലും വടകരയിലും കോണ്‍ഗ്രസാണ് ജയിച്ചതെങ്കിലും ഉയരത്തില്‍ പാറിയത് ലീഗിന്റെ കൊടിയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 
മാങ്ങയുള്ള മാവായതിനാലാണ് ലീഗിനെ മാധ്യമങ്ങള്‍ കല്ലെറിയുന്നത്. വിവാദങ്ങള്‍ കൊണ്ട് മുസ് ലീം ലീഗിനെ തകര്‍ക്കാനാകില്ല. വിവാദങ്ങള്‍ ലീഗിന് ഒരു പ്രശ്‌നമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുക്കത്ത് ലീഗിന്റെ വയനാട് പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം നിശ്ചയിക്കുന്നത് മുസ്ലീം ലീഗാണെന്ന് കെ പി എ മജീദും പറഞ്ഞു. ലീഗിനെ എതിര്‍ക്കുന്നവരെയും സഹായിക്കുന്ന നിലപാടാണ് ലീഗ് സ്വീകരിച്ചിട്ടുള്ളതെന്നും മജീദ് വ്യക്തമാക്കി.

Search site