കൊടുംക്രൂരതയ്ക്ക് കൊലമരം

* ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ നാലുപ്രതികള്‍ക്കും വധശിക്ഷ
* മാപ്പര്‍ഹിക്കാത്ത പാതകമെന്ന് കോടതി

സമാനതകളില്ലാത്ത കൊടുംക്രൂരതയ്ക്ക് തൂക്കുമരം. ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ നാല് പ്രതികള്‍ക്ക് അതിവേഗ കോടതി വെള്ളിയാഴ്ച വധശിക്ഷ വിധിച്ചു.

സാകേതിലെ തിങ്ങിനിറഞ്ഞ കോടതിമുറിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30നാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി യോഗേഷ് ഖന്ന ശിക്ഷാവിധി വായിച്ചത്- 'എല്ലാവര്‍ക്കും വധശിക്ഷ'. കിരാതവും ഭയാനകവുമായ ഈ കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു.

ഡിസംബര്‍ 16-ന് തെക്കന്‍ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ വെച്ച് 23-കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കാണ് ഒമ്പതുമാസത്തെ വിചാരണയ്ക്കുശേഷം ശിക്ഷവിധിച്ചത്. മുകേഷ് സിങ്(26), വിനയ് ശര്‍മ(20), പവന്‍ഗുപ്ത(19), അക്ഷയ് ഠാക്കൂര്‍(28) എന്നിവരെയാണ് മരണംവരെ തൂക്കിലേറ്റാന്‍ കോടതി ഉത്തരവിട്ടത്. കേസിലെ മുഖ്യപ്രതിയും മുകേഷിന്റെ ജ്യേഷ്ഠനുമായിരുന്ന രാംസിങ്ങിനെ മാര്‍ച്ച് 11ന് തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പ്രതിക്ക് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കഴിഞ്ഞമാസം മൂന്നുവര്‍ഷത്തെ തടവുശിക്ഷയും വിധിച്ചു.

''മറ്റു കുറ്റകൃത്യങ്ങള്‍ വിശദീകരിക്കുംമുമ്പ്, ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 302-ാം(കൊലപാതകം) വകുപ്പിലേക്ക് നേരിട്ട് കടക്കുകയാണ്. പ്രതികളുടെ മനുഷ്യത്വരഹിതമായ സ്വഭാവമാണിത് കാണിക്കുന്നത്. പ്രതികള്‍ ചെയ്ത കുറ്റകൃത്യത്തിന്റെ കാഠിന്യം സഹിക്കാനാവുന്നതല്ല.''- ജഡ്ജി പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യം പെരുകുന്ന ഇക്കാലത്ത് ഇത്തരം കേസുകളില്‍ കോടതിക്ക് കണ്ണടയ്ക്കാനാവില്ല. മാപ്പര്‍ഹിക്കാത്ത പാതകമാണ് പ്രതികള്‍ ചെയ്തത്. അവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും ഉത്തരവിന്റെ ഒരുഭാഗം വായിച്ചുകൊണ്ട് കോടതി പറഞ്ഞു. വിചാരണക്കോടതി വിധിച്ച വധശിക്ഷ ഇനി ഹൈക്കോടതി ശരിവെക്കണം.

പെണ്‍കുട്ടിയെയും സുഹൃത്തിനെയും പ്രതികള്‍ അതിക്രൂരമായി ഉപദ്രവിച്ചു. ഇരുമ്പുവടികൊണ്ട് പെണ്‍കുട്ടിയുടെ വയറ് കുത്തിക്കീറി ആന്തരികാവയവങ്ങള്‍ പുറത്തെടുത്തു. അതിവേഗത്തില്‍ ഓടുന്ന ബസ്സില്‍നിന്ന് പെണ്‍കുട്ടിയെയും സുഹൃത്തിനെയും പുറത്തേക്ക് തള്ളിയിട്ടു. ഗുരുതരമായി പരിക്കേറ്റ്, അര്‍ധനഗ്‌നാവസ്ഥയില്‍ കൊടുംതണുപ്പിലേക്കാണ് അവരെ വലിച്ചെറിഞ്ഞത്- ജഡ്ജി പറഞ്ഞു.

ക്രൂരമായ കുറ്റകൃത്യം ചെയ്ത പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ദയാന്‍ കൃഷ്ണന്‍ ആവശ്യപ്പെട്ടത്. ഇത്തരം കുറ്റവാളികളെ നന്നാക്കാനാവില്ല. ഇവര്‍ക്ക് വധശിക്ഷ നല്‍കിയില്ലെങ്കില്‍ സാധാരണക്കാര്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടും. സ്ത്രീകളാരും സുരക്ഷിതരല്ലെന്ന് സമൂഹം കരുതും. കഠിനമായ ശിക്ഷ നല്‍കികോടതിയാണ് ആ ധാരണ തിരുത്തേണ്ടതെന്നും ദയാന്‍ കൃഷ്ണന്‍ പറഞ്ഞു.

പ്രതികളുടെ പ്രായം കണക്കിലെടുത്ത് ദയ കാണിക്കണമെന്ന് അവരുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ക്ക് മുമ്പ് കുറ്റകൃത്യ ചരിത്രമില്ലെന്നും നന്നാവാന്‍ അവര്‍ക്ക് അവസരം നല്‍കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി.

ശിക്ഷാവിധി കേട്ട് വിനയ് ശര്‍മ പൊട്ടിക്കരയുമ്പോള്‍ മറ്റുമൂന്ന് പ്രതികളും മാപ്പുനല്‍കണമെന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. തന്റെ മകള്‍ക്ക് അവസാനം നീതി ലഭിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ അമ്മയുടെ പ്രതികരണം. കോടതിമുറിക്കു പുറത്ത് തടിച്ചുകൂടിയ നൂറുകണക്കിനാളുകള്‍ കൈയടിയോടെയാണ് വിധിയെ സ്വീകരിച്ചത്. മധുരവിതരണവും ആഹ്ലാദപ്രകടനങ്ങളും നടന്നു. പ്രതികള്‍ക്ക് വധശിക്ഷയാവശ്യപ്പെട്ട് കോടതിക്കു പുറത്ത് വെള്ളിയാഴ്ചയും പ്രകടനങ്ങള്‍ നടന്നു. പെണ്‍കുട്ടിക്ക് നീതി ലഭിച്ചെന്ന് കേന്ദ്രആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ഷിന്‍ഡെ പറഞ്ഞു.

ഡിസംബര്‍ 16-ന് രാത്രി തെക്കന്‍ഡല്‍ഹിയില്‍ നടന്ന കൂട്ടബലാത്സംഗം രാജ്യവ്യാപകമായി വന്‍പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയാത്ത അധികൃതര്‍ക്കെതിരെ ശബ്ദമുയര്‍ത്തിആയിരങ്ങള്‍ തെരുവിലിറങ്ങി. ചരിത്രത്തിലില്ലാത്തവിധം രാഷ്ട്രപതിഭവനുള്‍പ്പെടെ തന്ത്രപ്രധാനകേന്ദ്രങ്ങള്‍പോലും പ്രക്ഷോഭകര്‍ വളഞ്ഞു. പാര്‍ലമെന്റിലും ഇത് വലിയ വിഷയമായതോടെ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യത്തിന് പുതിയ നിയമനിര്‍മാണത്തിനുവരെ സര്‍ക്കാര്‍ തയ്യാറായി.

കൂട്ടബലാത്സംഗത്തിനും ക്രൂരമായ അക്രമത്തിനും ഇരയായ പെണ്‍കുട്ടിയെ ഡല്‍ഹിയില്‍നിന്ന് സിംഗപ്പൂരിലേക്ക് വിദഗ്ധചികിത്സയ്ക്കായി കൊണ്ടുപോയിരുന്നു. ഡിസംബര്‍ 29-ന് സിംഗപ്പൂരില്‍ വെച്ചാണ് പെണ്‍കുട്ടി മരണത്തിനുകീഴടങ്ങിയത്.

നിര്‍ണായകമായത് മരണമൊഴി


ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ പെണ്‍കുട്ടിയുടെ മൂന്ന് മരണമൊഴികളാണ് കേസില്‍ നിര്‍ണായകമായത്. കൂടാതെ പെണ്‍കുട്ടിയോടൊപ്പം ബസ്സില്‍ ആക്രമിക്കപ്പെട്ട സുഹൃത്തായ യുവാവിന്റെ മൊഴി, ഡി.എന്‍.എ. പരിശോധനാഫലം, ദന്തക്ഷതമേറ്റതിന്റെ പാടുകളുടെ ശാസ്ത്രീയപരിശോധനാഫലം, കുറ്റകൃത്യം നടന്ന ബസ്സിന്റെ സി.സി.ടി.വി. ദൃശ്യം, പ്രതികളുടെ മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ എന്നിവയും കുറ്റവാളികള്‍ക്കെതിരെ തെളിവുകളായി. പെണ്‍കുട്ടിയെ ചികിത്സിച്ച സിംഗപ്പൂരിലെ ഡോക്ടര്‍മാര്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയും മൊഴിനല്‍കിയിരുന്നു.

കൂട്ടബലാത്സംഗം, കൊലപാതകം, ഗൂഢാലോചന, കൊലപാതകശ്രമം, പ്രകൃതിവിരുദ്ധപീഡനം, കൊള്ള, തെളിവുനശിപ്പിക്കല്‍, തെറ്റായും രഹസ്യമായും തടവില്‍വെക്കാനായി തട്ടിക്കൊണ്ടുപോകല്‍, ഗുരുതരമായി പരിക്കേല്‍പ്പിക്കാന്‍ തട്ടിക്കൊണ്ടുപോകല്‍, സ്ത്രീയെ നശിപ്പിക്കാനായി തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ തെളിഞ്ഞിരുന്നു. കവര്‍ച്ചയ്ക്കിടെ കൊലപാതകം എന്ന കുറ്റത്തില്‍ നിന്നുമാത്രമാണ് പ്രതികളെ ഒഴിവാക്കിയത്.

Search site