കൈ വേണ്ട; തലകൊണ്ട് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാം

വികലാംഗര്‍ക്കും അനായാസം കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സംവിധാനം വരുന്നു. മൗസിനെ പൂര്‍ണമായും സ്വതന്ത്രമാക്കി തലകൊണ്ട് പ്രവര്‍ത്തിക്കാനുള്ള ഉപകരണം കെ.എസ്.ഇ.ബി. സബ് എന്‍ജിനീയര്‍ കെ.സി.ബൈജുവാണ് രൂപകല്പന ചെയ്തത്. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കണ്‍ട്രോള്‍ ഹെഡ്‌സെറ്റി (ക്യാച്ച്)ന് പേറ്റന്റ് നേടാന്‍ ശ്രമം തുടങ്ങി.

 സാധാരണ ഹെഡ്‌ഫോണുകള്‍ പോലെ തലയില്‍ ധരിക്കാവുന്ന പ്രത്യേക ഹെഡ്‌സെറ്റാണ് ക്യാച്ച്. തലയില്‍ വയ്ക്കാവുന്ന ഹെഡ്‌സെറ്റ് യു.എസ്.ബി. കേബിളുപയോഗിച്ച് കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇതിനായി ക്യാച്ചിനുള്ള പ്രത്യേക സോഫ്റ്റ്‌വെയര്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ആവശ്യമെങ്കില്‍ ക്യാച്ച് പരിഷ്‌കരിച്ച് വയര്‍ലെസ്സായും ഉപയോഗിക്കാനാകുമെന്ന് വിദഗ്ധര്‍ക്കു മുന്നില്‍ പ്രവര്‍ത്തിപ്പിച്ച് കാണിച്ച ബൈജു പറഞ്ഞു.

 ക്യാച്ച് ധരിക്കുന്നയാള്‍ തല വശങ്ങളിലേക്കും മുകളിലേക്കും താഴേയ്ക്കും ചലിപ്പിക്കുന്നതനുസരിച്ച് കമ്പ്യൂട്ടര്‍ മോണിട്ടറിലെ പോയിന്റ് ചലിക്കും. ചലനം സുഗമമാക്കുന്നതിനായി കവിള്‍കൊണ്ട് അനായാസം പ്രവര്‍ത്തിപ്പിക്കാവുന്ന പ്രത്യേകതരം സ്വിച്ചും ക്യാച്ചില്‍ ഘടിപ്പിച്ചിട്ടുണ്ട്. സാധാരണ മൗസുകളിലുള്ള ലെഫ്റ്റ്, റൈറ്റ് ക്ലിക്കുകള്‍ ചെയ്യുന്നതിനായി ചെവിയുടെ ഭാഗത്തെ മസ്സിലുകള്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന കണ്‍ട്രോള്‍ സ്വിച്ചുകളും ഇതിലുണ്ട്.

 കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന മുറിയിലെ വൈദ്യുതിനഷ്ടം ഒഴിവാക്കാന്‍ ക്യാച്ചിന്റെ മുന്‍ഭാഗത്ത് കമ്പ്യൂട്ടറില്‍നിന്നുള്ള കുറഞ്ഞ വൈദ്യുതി മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എല്‍.ഇ.ഡി. ലൈറ്റ് സഹായിക്കും.

 ചാറ്റിങ്ങിനും പാട്ടുകേള്‍ക്കുന്നതിനും സ്റ്റീരിയോ ഹെഡ്‌ഫോണും മൈക്രോഫോണും ക്യാച്ചില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യം വരുന്നപക്ഷം ഒരു മൈക്രോഫോണും ഇതിനോട് ബന്ധപ്പെടുത്തി പ്രവര്‍ത്തിപ്പിക്കാം.പട്ടണക്കാട് മേനാശ്ശേരി വിസ്മയത്തില്‍ കെ.സി.ബൈജു അരൂര്‍ ആര്‍.എ.പി.ഡി.ആര്‍.പി. സെക്ഷനിലാണ് ജോലി നോക്കുന്നത്. ചെറുതും വലുതുമായ 30 ലധികം കണ്ടുപിടിത്തങ്ങള്‍ നടത്തിയിട്ടുണ്ട്.

Search site