കൈവരികളും സൂചനാബോര്‍ഡുകളുമില്ല; ദേശീയപാത അപകട മേഖലയായി

 ദേശീയപാതയില്‍ കൂരിയാട് മുതല്‍ കൊളപ്പുറം വരെയുള്ളഭാഗം അപകടമേഖലയാകുന്നു. കൈവരികളും സുരക്ഷാഭിത്തികളും സൂചനാബോര്‍ഡുകളും ഇല്ലാത്തതാണ് പാതയോരം അപകടമേഖലയാക്കുന്നത്. റോഡിന് ഇരുഭാഗത്തും കുറ്റിക്കാടുകളാണ്. ഇരുവശത്തും മുപ്പതടിയിലേറെ താഴ്ചയുമുണ്ട്. റോഡിന് ഇരുവശത്തും ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിക്കുന്ന തരത്തിലുള്ള കൂറ്റന്‍ പരസ്യബോര്‍ഡുകളുമുണ്ട്. തെരുവുനായ്ക്കളുടെ കടിയേല്‍ക്കാതെയും മൂക്കു പൊത്തിയുമാണ് കാല്‍നടക്കാര്‍ ഇതുവഴിപോകുന്നത്. നിരവധി അപകടങ്ങള്‍ ഈമേഖലയിലുണ്ടായിട്ടുണ്ട്. അപകടത്തില്‍ പാതയ്ക്കിരുവശത്തുമുള്ള തൂണുകളും കലുങ്കുകൈവരികളും തകര്‍ന്നിട്ടുണ്ട്. ഇവയൊന്നും അധികൃതര്‍ പുനഃസ്ഥാപിച്ചിട്ടില്ല. 
 
 പ്രദേശത്ത് സ്​പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. സൂചനാബോര്‍ഡുകളും സുരക്ഷാഭിത്തികളും സ്ഥാപിക്കുകയും പാതയുടെ ഇരുവശത്തുമുള്ള കുറ്റിക്കാടുകള്‍ വെട്ടി നിരീക്ഷണ ക്യാമറകള്‍ വെക്കുകയും വേണമെന്ന് ട്രോമാകെയര്‍ പ്രവര്‍ത്തകരും നാട്ടുകാരും ആവശ്യപ്പെടുന്നു. മേഖലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ പന്ത്രണ്ട് അപകടങ്ങളാണ് ഉണ്ടായത്.

Search site