കേന്ദ്ര പദ്ധതികളെക്കുറിച്ചുള്ള പൊതുജന സമ്പര്‍ക്ക പരിപാടി മൂന്നിയൂരില്‍

കേന്ദ്ര സര്‍ക്കാരിന്റെ വികസന - ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണത്തിനായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നടത്തുന്ന 'ഭാരത് നിര്‍മാണ്‍' മൂന്നിയൂരിലും. കേരളത്തില്‍ ഇത്തവണ നടത്തുന്ന മൂന്ന് പരിപടികളിലൊന്നാണ് 25 മുതല്‍ 27വരെ താഴെ ചേളാരിയിലെ ലിബര്‍ട്ടി ഹാളില്‍ നടക്കുന്നതെന്ന് അഡ്വ.കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ. പത്രസമ്മേളനത്തില്‍ അറിയിച്ചു.
 
 25 രാവിലെ 10ന് കേന്ദ്ര സഹമന്ത്രി ഇ. അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ഡോ.എം.കെ. മുനീര്‍, മഞ്ഞളാംകുഴി അലി , സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.പി. കുത്സു, കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.എം. അബ്ദുള്‍സലാം എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പാസ്‌പോര്‍ട്ട് അപേക്ഷകളുടെ കാലതാമസം സംബന്ധിച്ച പരാതി സ്വീകരിക്കുന്നതിനായി ഫെസിലിറ്റേഷന്‍ കേന്ദ്രം 25ന് പ്രവര്‍ത്തിക്കുന്നതാണ്. പരപാടി നടക്കുന്ന മൂന്നുദിവസങ്ങളിലും ആധാര്‍ രജിസ്‌ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
 
 26 രാവിലെ 10ന് സൗജന്യ അലോപ്പതി -ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും നേത്ര പരിശോധനയും നടത്തും. വിവിധ ചികിത്സാ വിഭാഗങ്ങളിലെ പതിനഞ്ച് ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് നിര്‍ദേശിക്കുന്ന മരുന്നുകള്‍ സൗജന്യമായി നല്‍കും. കേന്ദ്ര-സംസ്ഥാന വകുപ്പുകളും സ്ഥാപനങ്ങളും പങ്കാളികളാകുന്ന പ്രദര്‍ശനത്തില്‍ 40 സ്റ്റാളുകളാണ് ഉണ്ടാവുക. മൂന്ന് ദിവസമുള്ള പ്രദര്‍ശനം വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമാകും.
 
 പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ഡയറക്റ്ററേറ്റ് ഓഫ് ഫീല്‍ഡ് പബ്ലിസിറ്റി, കേന്ദ്ര പരസ്യ - ദൃശ്യ പ്രചാരണ വിഭാഗം, സോങ് ആന്‍ഡ് ഡ്രാമാ ഡിവിഷന്‍, ആകാശവാണി, ദൂരദര്‍ശന്‍ എന്നിവ സംയുക്തമായാണ് പരിപാടി നടത്തുന്നത്. പത്രസമ്മേളനത്തില്‍ കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ എ.എം.തോമസ്, മലപ്പുറം ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ സി.ഉദയകുമാര്‍ എന്നിവരും സംബന്ധിച്ചു.

Search site