കെനിയയില്‍ ഭീകരാക്രമണം: രണ്ട് ഇന്ത്യക്കാരടക്കം 39 മരണം

കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ ഷോപ്പിങ് മാളില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിലും വെടിവെപ്പിലും രണ്ട് ഇന്ത്യക്കാരടക്കം 39 പേര്‍ കൊല്ലപ്പെട്ടു. ശ്രീധര്‍ നടരാജന്‍ (40), പരാംശു ജെയിന്‍ (8) എന്നിവരാണ് കൊല്ലപ്പെട്ട ഇന്ത്യക്കാര്‍. 150 ഓളമാളുകള്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ട് സ്ത്രീകളും ഒരു പെണ്‍കുട്ടിയും അടക്കം നാല് ഇന്ത്യക്കാരുമുണ്ട്. മഞ്ജുള ശ്രീധര്‍, മുക്ത ജെയിന്‍, പൂര്‍വി ജെയിന്‍, നടരാജന്‍ രാമചന്ദ്രന്‍ എന്നിവരാണ് പരിക്കേറ്റ് ആസ്പത്രിയിലുള്ള ഇന്ത്യക്കാര്‍.
 
നഗരത്തിലെ സുപ്രധാന കച്ചവടകേന്ദ്രമായ വെസ്റ്റ്‌ഗേറ്റ് സെന്‍ററിലായിരുന്നു സംഭവം. ശനിയാഴ്ച ഉച്ചയോടെ കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് മുഖംമൂടിയണിഞ്ഞെത്തിയ തോക്കുധാരികളായ അക്രമികള്‍ കെട്ടിടത്തിനു മുന്നിലേക്ക് ഗ്രനേഡുകള്‍ എറിഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. അക്രമികള്‍ ഏഴ് പേരെ കേന്ദ്രത്തിനുള്ളില്‍ ബന്ദികളാക്കിയതായി പോലീസ് പറഞ്ഞു. കേന്ദ്രം വളഞ്ഞ പോലീസ് ഏറെനേരത്തെ പ്രയത്‌നത്തിനൊടുവില്‍ അക്രമികളിലൊരാളെ പരിക്കുകളോടെ പിടികൂടി. 
 
പരിക്കേറ്റവരെ സാധനങ്ങള്‍ കയറ്റുന്ന ഉന്തുവണ്ടികളിലാണ് പോലീസ് പുറത്തെത്തിച്ചത്. ഒട്ടേറെ പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. സംഭവത്തെ ആദ്യം കൊള്ളയടി ശ്രമമെന്ന് പറഞ്ഞ പോലീസ് പിന്നീട് ഭീകരാക്രമണമെന്ന് തിരുത്തി. ആസൂത്രിതമായ ആക്രമണമായിരുന്നുവെന്നും പോലീസ് അറിയിച്ചു. 
 
സൊമാലിയന്‍ തീവ്രവാദി സംഘമായ അല്‍ ഷബാബ് അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. കേന്ദ്രം ആക്രമിക്കുമെന്ന് ഇവര്‍ ഭീഷണി മുഴക്കിയിരുന്നു. തീവ്രവാദഭീഷണി നേരിടാന്‍ കെനിയ സൊമാലിയയിലേക്ക് സൈന്യത്തെ അയയ്ക്കുന്നതിനെ എതിര്‍ത്താണ് ആക്രമണമെന്ന് കരുതുന്നു. എന്നാല്‍, ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് കെനിയ കച്ചവടകേന്ദ്രങ്ങള്‍ക്കുള്ള സുരക്ഷ ശക്തമാക്കി.

Search site