കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ്: മുഖ്യപ്രതി അബ്ദുല്‍ നൂര്‍ ഇന്ത്യയിലെത്തിയതായി സൂചന

കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി മുഹമ്മദ് അബ്ദുല്‍ നൂര്‍ ഇന്ത്യയിലെത്തിയതായി സൂചന. നിക്ഷേപകരില്‍നിന്ന് വാങ്ങിയ കോടികള്‍ തിരിച്ചുനല്‍കി കേസുകള്‍ അവസാനിപ്പിക്കാനാണ് അബ്ദുല്‍നൂര്‍ നാട്ടിലെത്തിയതെന്നാണ് വിവരം. കുറ്റിപ്പുറം കമ്പാല സ്വദേശിയായ ഇയാള്‍ ജാമ്യത്തിലിറങ്ങി കുടുംബസമേതം വിദേശത്തേക്ക് കടക്കുകയായിരുന്നു. 
 നിക്ഷേപകരില്‍നിന്ന് വാങ്ങിയ പണം അബ്ദുല്‍നൂര്‍ റിയല്‍എസ്റ്റേറ്റ് മേഖലയിലും മുടക്കിയിരുന്നുവെന്ന് പോലീസിന് വിവരംലഭിച്ചിരുന്നു. ബിനാമികളുടെ പേരിലാണ് ഭൂമികള്‍ പലതും വാങ്ങിക്കൂട്ടിയത്. ഇവ തിരികെ വാങ്ങിയശേഷം നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കുന്നതിനാണ് നൂര്‍ എത്തിയതെന്നാണ് സൂചന. എന്നാല്‍, ബിനാമികളുമായുള്ള ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്നാണ് വിവരം. 2008ലാണ് അബ്ദുല്‍നൂര്‍ പിടിയിലാകുന്നത്. അന്നത്തേതിനേക്കള്‍ ഭൂമിവിലയിലുണ്ടായ മാറ്റമാണത്രെ ബിനാമികളുമായി ധാരണയിലെത്താന്‍ കഴിയാത്തതിന്റെ കാരണം. നൂറിന്റെ സാമ്പത്തിക ഉറവിടങ്ങള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കോഴിക്കോട്ടുകാരനായ ബിനാമിയെ ചോദ്യംചെയ്തിരുന്നു. 
 ഇടപാടുകാര്‍ക്ക് അമിതലാഭം വാഗ്ദാനംചെയ്ത് കോടിക്കണക്കിന് രൂപയാണ് നിക്ഷേപമായി സ്വീകരിച്ചിരുന്നത്. കുറ്റിപ്പുറം തിരൂര്‍ റോഡിലുള്ള ഷാന്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. മലപ്പുറത്തെ ഓര്‍ഗനൈസ്ഡ് ക്രൈംവിങ് ഡിവൈ.എസ്.പി മുഹമ്മദ് ഖാസിമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

Search site