കിക്കോഫ് കിനാവുകണ്ട് മലപ്പുറം

 ''ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസതാരം കിഷാനു ഡേയുടെ നേതൃത്വത്തില്‍ ഈസ്റ്റ് ബംഗാള്‍ ടീം ലൈനപ്പ് ചെയ്യുന്നു. കൂട്ടാളികളായി ബികാസ് പാഞ്ചി, അതനു ഭട്ടാചാര്യ, ഇല്യാസ് പാഷ, തുഷാര്‍ രക്ഷിത് തുടങ്ങിയ മഹാരഥന്‍മാര്‍. അവരെ എതിരിടാന്‍ മോഹന്‍ ബഗാന്റെ കുപ്പായത്തില്‍ ഞാന്‍ ഇറങ്ങുമ്പോള്‍ നെഞ്ചില്‍ കൈവെച്ച് ഇടംവലം ഐ.എം. വിജയനും ചീമ ഒക്കേരിയും. കൊല്‍ക്കത്തയിലെ ആര്‍ത്തിരമ്പുന്ന ജനക്കൂട്ടത്തിന് നടുവില്‍നിന്ന് ബദ്ധവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് മോഹന്‍ ബഗാന്‍ ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്‍മാരായ ആ രാത്രി... ഉത്സവംപോലെ ഉന്മാദികളായി ആഘോഷിച്ച ആരാത്രി ഞങ്ങള്‍ ഉറങ്ങിയിട്ടേയില്ല...ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍കഴിയാത്ത ഒരു രാത്രിയായിരുന്നു അത്. ഇപ്പോഴിതാ കാല്‍പ്പന്തുകളിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന മലപ്പുറത്തിന്റെ മണ്ണിലേക്ക് അതേ ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ വിരുന്നെത്തുന്നു. പടച്ചോനേ...ഈ സ്വപ്നവും പൂവണിയില്ലേ...'' മഴ നനഞ്ഞുകിടക്കുന്ന സ്റ്റേഡിയത്തിന്റെ പടവുകളില്‍ നിന്ന് സംസാരിക്കുമ്പോള്‍ ഷറഫലി ഒരു കിനാവ് കാണുകയായിരുന്നു... മലപ്പുറംജനത ഒന്നാകെ കാണുന്ന ഒരു ബല്യ കിനാവ്.
 
 കേരളത്തിന് അനുവദിച്ച ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിന് വേദിയൊരുക്കാനുള്ള മലപ്പുറത്തിന്റെ കിനാവുകള്‍ പൂവണിയുമോ...ഷറഫലിയുടെ ചോദ്യത്തിനുമുന്നിലേക്ക് ആത്മവിശ്വാസത്തിന്റെ ഗോളുമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ശ്രീകുമാറാണ് ആദ്യമെത്തിയത്. ''മലപ്പുറം ജനത ഒന്നാകെ കാത്തിരിക്കുന്ന ഒരു സ്വപ്നമാണിത്. ജനവരിയില്‍ സ്റ്റേഡിയം ഉദ്ഘാടനം നടത്താനുള്ള തീവ്രശ്രമത്തിലാണ് ഞങ്ങള്‍. മൈതാനത്തിന്റെ ജോലികള്‍ ഒരുമാസത്തിനകം തീരുമെന്നതില്‍ സംശയമില്ല. കളിക്കാരുടെ ഡ്രസ്സിങ്‌റൂമും പവലിയനും ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് അല്പം ആശങ്കയുള്ളത്. എന്നാല്‍ ആവശ്യത്തിനുള്ള ഫണ്ട് ലഭിക്കുമെന്ന് ഉറപ്പായതിനാല്‍ പണിതീര്‍ക്കാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ....ഇവിടെ നമുക്ക് ഒരുമിച്ചുനിന്ന് ഫെഡറേഷന്‍ കപ്പ് നടത്തണം...അല്ലേ സലീമേ...'' ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയുടെ നേര്‍ക്കായിരുന്നു ശ്രീകുമാറിന്റെ പാസ്. 
 
 ''ധൈര്യമായിട്ട് ഞങ്ങള്‍ ഏറ്റെടുക്കും...മലപ്പുറം ജനത ടൂര്‍ണമെന്റ് വലിയ വിജയമാക്കുകയും ചെയ്യും...'' അല്പംപോലും പേടിക്കാതെ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ശ്രീകുമാറിന്റെ പാസ് ഏറ്റെടുത്തപ്പോള്‍ ഷറഫലിക്കും ആവേശം. ''കേരളത്തില്‍ നിന്നുള്ള രണ്ട് ടീമുകള്‍കൂടി വേണം. അങ്ങനെയായാല്‍ ഫെഡറേഷന്‍ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ വിജയങ്ങളിലൊന്നാകും മലപ്പുറം കാത്തുവെച്ചിരിക്കുന്നത്. കേരള ടീമുകളുണ്ടായാല്‍ മലബാര്‍ മുഴുവന്‍ നമ്മുടെ മഞ്ചേരിയിലെത്തും...ഒരു സംശയവും വേണ്ട..'' ഷറഫലിയുടെ വാക്കുകള്‍ക്ക് സെന്‍ട്രല്‍ ഡിഫന്‍സിനേക്കാള്‍ കരുത്തുണ്ടായിരുന്നു. 
 
 സ്വപ്നങ്ങള്‍ക്ക് നിറമേറെയുണ്ടെങ്കിലും സ്റ്റേഡിയം നിര്‍മാണത്തിന്റെ പൂര്‍ത്തീകരണം എന്ന യാഥാര്‍ത്ഥ്യം അല്പം അകലെയല്ലേ? ചാറ്റല്‍മഴ നനഞ്ഞ് മൈതാനത്തിലൂടെ നടക്കുമ്പോള്‍ ഷറഫലിയുടെ ചെറിയ സംശയം അതായിരുന്നു. ''മുഖ്യമന്ത്രിയല്ലേ ഇപ്പോള്‍ സ്‌പോര്‍ട്‌സ് വകുപ്പിന്റെ ചുമതല വഹിക്കുന്നത്. അദ്ദേഹം വിചാരിച്ചാല്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ നടക്കും. അതിനുള്ള ശ്രമങ്ങളിലാണ് ഞങ്ങള്‍. സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുകളാണുള്ളത്. സ്ഥലം എം.എല്‍.എയും തികഞ്ഞ ഉത്സാഹത്തിലാണ്. ഇത് നമുക്ക് നടത്താമെന്നേ...'' കൊച്ചുകൊച്ചു സംശയങ്ങള്‍ മുളയിലേനുള്ളി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് വാചാലനായപ്പോള്‍ ഷറഫലി വീണ്ടും കിനാവിന്റെ ലോകത്തെത്തി...കൊല്‍ക്കത്തയിലെ ആ രാത്രിപോലെ മഞ്ചേരിയില്‍ കാല്‍പ്പന്തുകളിയുടെ ഒരു സമ്മോഹന രാത്രി...ഷറഫലിയുടെ കിനാവുകളിലേക്ക് മഴത്തുള്ളികള്‍ വീണുകൊണ്ടേയിരുന്നു.

Search site