കാശുണ്ടെങ്കില്‍ വാങ്ങാന്‍ ഉഗ്രനൊരു സ്‌പോര്‍ട്ട് വരുന്നുണ്ട്

പണ്ട് പല വമ്പന്‍ കമ്പനികളുടെ കാറുകള്‍ പുറത്തിറങ്ങുമ്പോഴും നാം അവയെ കാണണമെങ്കില്‍ ഇന്റര്‍നെറ്റില്‍ നോക്കിനില്‍ക്കണമായിരുന്നു. കാരണം ഇത്തരമൊരെണ്ണം ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങണെമെങ്കില്‍ വര്‍ഷങ്ങള്‍ പിടിക്കുമായിരുന്നു. 
 
എന്നാല്‍ കാലം മാറിയതോടെ കോലവും മാറി. അതായത് യൂറോപ്പില്‍ സാമ്പത്തിക മാന്ദ്യം വന്നപ്പോള്‍ കമ്പനികളുടെ മനസ്സും മാറി എന്നു സാരം. സാമ്പത്തിക മാന്ദ്യകാലത്ത് യൂറോപ്പില്‍ വില്‍പന കുറഞ്ഞപ്പോഴാണ് കാര്‍ നിര്‍മ്മാതാക്കള്‍ പലരും ഇന്ത്യന്‍ വിപണിയിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞത്. അതിന്റെ മാറ്റമാണ് ഇന്നു നാം കാണുന്നത്. 
ഇന്ന് ഏതു കാര്‍ ആഗോള വിപണിയിലിറങ്ങിയാലും മാസങ്ങള്‍ക്കുള്ളില്‍ അവ ഇന്ത്യയിലും ലഭ്യമാകുന്നു. കാരണം വാഹനങ്ങളുടെ ഇന്ത്യയിലെ തട്ടുപൊളിപ്പന്‍ കച്ചവടം തന്നെ. പണം പോയിട്ട് പവര്‍ വരട്ടെ എന്നൊരു ലൈനാണ് ഇക്കാര്യത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും.
 
ഈ സാധ്യത ആഗോളഭീമന്മാരായ ലാന്‍ഡ് റോവര്‍ നേരത്തെ തിരിച്ചറിഞ്ഞതാണ്. അതുകൊണ്ടാണ് അവരുടെ പുതിയ റേഞ്ച് റോവര്‍ സ്‌പോര്‍ട്ടുമായിട്ട് അവര്‍ ഒട്ടും താമസിക്കാതെ ഇന്ത്യയിലേക്ക് വച്ചുപിടിച്ചിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ അവതരിപ്പിച്ച ഈ മോഡല്‍ ഈ ഒക്ടോബര്‍ 17ന് ഇന്ത്യയില്‍ ലഭ്യമാകും.
 
ഈ 2014 മോഡല്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് മോഡലിന് നേരത്തെ ഇറക്കിയ റേഞ്ച് റോവര്‍ സ്‌പോര്ട്ടുമായി സാമ്യങ്ങള്‍ കുറവല്ല. മുന്നില്‍ നിന്നും പിന്നിലോട്ട് ചാഞ്ഞിറങ്ങുന്ന റൂഫും വശങ്ങളിലേക്ക് നീണ്ടുനില്‍ക്കുന്ന ഹെഡ്‌ലാംമ്പ്‌സും അതിനു തെളിവാണ്. 
 
 
 
മുന്‍ മോഡലുകളെ അപേക്ഷിച്ച് 420 കി.ലോഗ്രാം ഭാരം കുറവുണ്ട് പക്ഷെ വേഗം കൂട്ടിയിട്ടുമുണ്ട്. ഈ വാഹനത്തിലെ ഏറ്റവും ആകര്‍ഷകമായ ഘടകം മൂന്നാം നിര സീറ്റുകള്‍ തന്നെ. ആവശ്യമെങ്കില്‍ രണ്ട് കുട്ടികള്‍ക്ക് ഇരിക്കാന്‍ കഴിയുന്ന വിധത്തില്‍ ആണ് ഇതിന്റെ രൂപകല്‍പന. എന്നാല്‍ മടക്കിവെക്കുകയാണെങ്കില്‍ തെല്ലിട നഷ്ടപ്പെടുകയുമില്ല. ബൂട്ട് സ്‌പേസ് ഉണ്ടെന്താനും.
 
പരിഷ്‌കരിച്ച ഒരു ഗ്രില്ലാണ് നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ ഒപ്പം ലഭിക്കുന്ന സ്‌പോര്‍ട്ട് ബോഡി കിറ്റില്‍ റിയര്‍ സ്‌പോയിലറുമടങ്ങുന്നു.
 
ഉള്‍വശത്ത് പഴയ മോഡലിലെ ഏല്ലാ സൗകര്യങ്ങളും അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. വുഡന്‍ പാനലിന്റെ സ്ഥാനം ഈ മോഡലില്‍ കാര്‍ബണ്‍ ഫൈബര്‍ ട്രിം പാനലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
 
ഇന്ത്യയില്‍ ഈ വാഹനം മൂന്ന് വേരിയന്റുകളില്‍ ലഭ്യമാകും. 3.0 ലിറ്റര്‍, 4.4 ലിറ്റര്‍ ഡീസല്‍ വേരിയന്റുകളും ഒരു 5.0 ലിറ്റര്‍ പെട്രോള്‍ വേരിയന്റും. എല്ലാത്തിലും 4 വീല്‍ ഡ്രൈവും സിസ്റ്റവും 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
 
 
ഇതൊക്കെ കൊള്ളാം ഇനി വില എത്രയെന്നറയേണ്ടേ???? ഇന്ത്യയിലിറങ്ങുമ്പോള്‍ ഏകദേശം 1.15 കോടിക്കും 1.40 കോടിക്കും ഇടയിലാകും ഈ കരുത്തന്. വില കേട്ടു നടുങ്ങുവൊന്നും വേണ്ട. ഈ വാഹനത്തിന് കേരളത്തില്‍ തന്നെ ഒത്തിരി ആവശ്യക്കാരുണ്ട്. കാണം വിറ്റ് ഓണം ഉണ്ണണം എന്ന ചൊല്ലൊക്കെ മാറി, ഇപ്പോള്‍ കാണം വിറ്റും കാറു വാങ്ങണെമെന്നാണാശാനേ ചൊല്ല്.

Search site