കാലീത്തീറ്റ കുംഭകോണം; ലാലു കുറ്റക്കാരനെന്ന് കോടതി

കാലിത്തീറ്റ കുംഭകോണം എന്ന പേരില്‍ അറിയപ്പെടുന്ന ബിഹാര്‍ മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ നടന്ന കോടികളുടെ അഴിമതിക്കേസില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ അധ്യക്ഷനുമായ ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. റാഞ്ചിയിലെ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത് ലാലു ഉള്‍പ്പെടെ കേസിലെ 45 പേരും കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കി. ശിക്ഷ ഒക്ടോബര്‍ മൂന്നിന് വിധിക്കും. 
 
ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നു വിലക്കി കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാതലത്തില്‍ പ്രത്യേക സി.ബി.ഐ കോടതിയുടെ വിധി ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ഭാവി തുലാസിലാക്കി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ലാലുവിന്റെ എംപി സ്ഥാനം നഷ്ടമായേക്കും. 
 
ലാലുവിനു പുറമെ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര, മുന്‍ മന്ത്രിമാര്‍, ഐ.എ.എസ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍ . ഝാര്‍ഖണ്ഡിലെ ചയ്ബാസ ജില്ല ട്രഷറിയില്‍ നിന്നു കാലിത്തീറ്റ വാങ്ങുന്നതിനായി അനധികൃതമായി 37.70 കോടി രൂപ തിരിമറി നടത്തിയെന്നാണ് കേസ്.
 
ലാലുപ്രസാദിനെതിരായ വിചാരണ നടപടികള്‍ ഈ മാസം 17ന് പൂര്‍ത്തിയായിരുന്നു. 56 പ്രതികളുള്ള കേസില്‍ ഏഴു പേര്‍ വിചാരണക്കിടെ മരിക്കുകയും രണ്ടു പേര്‍ മാപ്പുസാക്ഷികളാവുകയും ഒരാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.
 
കേസില്‍ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് ലാലുപ്രസാദ് ആദ്യം ഝാര്‍ഖണ്ഡ് ഹൈക്കോടതിയേയും പിന്നീട് സുപ്രീം കോടതിയേയും സമീപിച്ചിരുന്നു. ഇരു കോടതികളും അദ്ദേഹത്തിന്റെ ആവശ്യം നിരാകരിക്കുകയും സി.ബി.ഐ കോടതിയോട് വിചാരണ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
 
കാലിത്തീറ്റ കുംഭകോണ കേസില്‍ സി.ബി.ഐ പ്രതിചേര്‍ത്തതിനെ തുടര്‍ന്നു 1997ല്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് മുഖ്യമന്ത്രി പദം രാജിവെച്ചിരുന്നു. 2000ല്‍ ബിഹാറിനെ വിഭജിച്ചു ഝാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിച്ചതിനു ശേഷം ആകെയുള്ള 61 കേസുകളില്‍ 54 എണ്ണം ഝാര്‍ഖണ്ഡിലേക്കു മാറ്റിയിരുന്നു. 43 കേസുകളില്‍ വിവിധ സി.ബി.ഐ കോടതികള്‍ ഇതിനോടകം വിധി പ്രസ്താവിച്ചിട്ടുണ്ട്. അഞ്ചു കേസുകളിലാണ് മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവും ജഗന്നാഥ് മിശ്രയും പ്രതികളായിട്ടുള്ളത്.

Search site