കാറ്റിലും കടല്‍ക്ഷോഭത്തിലും വള്ളങ്ങള്‍ തകര്‍ന്നു

ശക്തമായ കാറ്റിനെയും മഴയെയും തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ ഫൈബര്‍ വള്ളങ്ങള്‍ തകര്‍ന്നു. ഒരു ഇന്‍ബോര്‍ഡ് വള്ളത്തിന് കേടുപാട് സംഭവിക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ താനൂര്‍ ഒട്ടുംപുറത്താണ് സംഭവം.

 കടലില്‍ കെട്ടിനിര്‍ത്തിയ ചെറു ഫൈബര്‍ വള്ളങ്ങളാണ് പൂര്‍ണ്ണമായി തകര്‍ന്നത്. കടലില്‍ നങ്കൂരമിട്ടിരുന്ന തഹ്‌ലീല്‍ എന്ന ഇന്‍ബോര്‍ഡ് വള്ളം മണല്‍ത്തിട്ടയിലേക്ക് അടിച്ചുകയറി കേടുപാട് സംഭവിച്ചിട്ടുണ്ട്. ഈ വള്ളം കടലിലിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. തമ്മില്‍ കൂട്ടിയിടിച്ച് നിരവധി ചെറുവള്ളങ്ങളും തകര്‍ന്നിട്ടുണ്ട്. താനൂര്‍ ഫറൂഖ് പള്ളിക്ക് സമീപവും സിദ്ദീഖ് പള്ളിക്കുസമീപവുമാണ് വള്ളങ്ങള്‍ക്ക് തകരാറ് സംഭവിച്ചത്. ചീമ്പാളിന്റെ പുരക്കല്‍ കുഞ്ഞാപ്പുവിന്റെ ഫൈബര്‍ വെള്ളം തകരുകയും എന്‍ജിന്‍ കടലിലേക്ക് ഒഴുകിപ്പോകുകയും ചെയ്തു. വലയും നഷ്ടപ്പെട്ടു. ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

 താനൂര്‍ ഒട്ടുംപുറം മമ്മിക്കാനകത്ത് ജാഫറിന്റെ വള്ളത്തിനും നാശനഷ്ടമുണ്ടായിട്ടുണ്ട്. സി.പി.എം താനൂര്‍ ഏരിയാസെക്രട്ടറി എടപ്പയില്‍ ജയന്‍, എം. അനില്‍കുമാര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് അടിയന്തര സഹായം നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

Search site