കസ്റ്റംസ് പരിശോധനയ്ക്കിടെ യാത്രക്കാരന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി

:കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരന്റെ 10 പവന്‍ കസ്റ്റംസ് പരിശോധനയ്ക്കിടെ കാണാതായതായി പരാതി. പെരിന്തല്‍മണ്ണ താമരത്ത് അബൂബക്കര്‍ സിദ്ദീഖാണ് പരാതിക്കാരന്‍. തിങ്കളാഴ്ച സിദ്ദിഖും ഭാര്യയും രണ്ട്മക്കളും ജിദ്ദയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയപ്പോഴാണ് സംഭവം. 
 
 ഇദ്ദേഹവും കുടുംബവും ഹാന്‍ഡ്ബാഗ് സ്‌ക്രീന്‍ചെയ്ത ശേഷം ലഗേജിനായി കാത്തുനില്‍ക്കുമ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സിദ്ദീഖിനെ വിളിപ്പിച്ച് ബാഗ് പരിശോധിച്ചു. 
 
 ഹാന്‍ഡ്ബാഗില്‍ ഒരു റാഡോ വാച്ച്, രണ്ട് സ്വര്‍ണനാണയം, ഭാര്യയുടെ പൊട്ടിയ മഹര്‍മാല, മക്കളുടെ ആഭരണങ്ങള്‍ എന്നിവയടക്കം 10 പവന്‍ എന്നിവയായിരുന്നു. വാച്ചും നാണയവും തിരിച്ചു നല്‍കി. സ്വര്‍ണം തൂക്കിനോക്കി 72 ഗ്രാം ഉണ്ടെന്നുപറഞ്ഞ് ഭാര്യയുടെ കൈയില്‍ കൊടുത്തു. സ്വര്‍ണത്തിന് 4000 രൂപ ഡ്യൂട്ടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. അത്രയും പണം കൈയിലില്ലെന്നും പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയാല്‍ മതിയെന്നും പറഞ്ഞെങ്കെിലും സമ്മതിച്ചില്ലെന്ന് സിദ്ദീഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 
 ഭാര്യയെ അനാവശ്യമായി ദേഹപരിശോധന നടത്തിയതായും സിദ്ദീഖ് ആരോപിച്ചു. ഭാര്യ ആഭരണങ്ങള്‍ സമീപത്തെ കൗണ്ടറില്‍വെച്ച് ലഗേജ് വാങ്ങാനായി പോയ സമയത്തിനിടയ്ക്കാണ് ആഭരണം മോഷണം പോയത്. ഏഴ് പെട്ടികളാണ് ഉണ്ടായിരുന്നത്. ആറെണ്ണെം മാത്രമാണ് കിട്ടിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരും മറ്റൊരാളും മാത്രമായിരുന്നു കൗണ്ടറില്‍ . കൗണ്ടറില്‍നിന്ന് 10 മീറ്റര്‍ ദൂരം മാത്രമാണ് ലഗേജ് സെക്ഷനിലേക്ക്. പക്ഷേ, സി.സി ടി.വി ദൃശ്യങ്ങളില്‍ ഒന്നും വ്യക്തമായില്ലെന്നും സിദ്ദീഖ് പറഞ്ഞു.
 
 എയര്‍പോര്‍ട്ട് മാനേജര്‍ക്ക് പരാതി നല്‍കി. ഉദ്യോഗസ്ഥരുടെ പേര് സഹിതം എഴുതിയ പരാതി മാറ്റി എഴുതാന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സിദ്ദീഖ് പറഞ്ഞു. വിമാനത്താവളത്തിലിറങ്ങിയ മന്ത്രി ഇബ്രാംഹിംകുഞ്ഞിനോട് പ്രശ്‌നത്തെക്കുറിച്ച് പറഞ്ഞു. മന്ത്രി എത്തിയതോടെ ഉദ്യോഗസ്ഥരുടെ അടുത്തുണ്ടായിരുന്ന വ്യക്തി അപ്രത്യക്ഷനായി. ചോദിച്ചപ്പോള്‍ പിരിച്ചുവിട്ട പോര്‍ട്ടറാണെന്നാണ് മറുപടി ലഭിച്ചത്.
 
 സിദ്ദീഖിന്റെ സഹോദരന്‍ താമരത്ത് കുഞ്ഞിമുഹമ്മദ്, പി.എ. അസീസ് പട്ടിക്കാട് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Search site