കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്: 13 പ്രതികള്‍ക്കും ജീവപര്യന്തം

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി യുവാക്കളെ കശ്മീരിലേക്ക് റിക്രൂട്ട് ചെയ്ത കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികള്‍ക്ക് കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ വീതം പിഴയും ശിക്ഷവിധിച്ചു. 
 
പ്രതികളില്‍ അബ്ദുല്‍ ജബ്ബാര്‍, സര്‍ഫറാസ് നവാസ്, സാബിര്‍ പി. ബുഹാരി എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചത്. മറ്റു 10 പ്രതികള്‍ക്ക് ജീവപര്യന്തം തടവാണ് വിധിച്ചിരിക്കുന്നത്.
 
പ്രതികള്‍ രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചവരാണെന്നും അവരോട് കരുണ കാട്ടരുതെന്നും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസല്ലെന്നും പരമാവധി ശിക്ഷ നല്‍കരുതെന്നും പ്രതിഭാഗം വാദിച്ചു. ശിക്ഷ വിധിക്കുമ്പോള്‍ വിചാരണ വേളയില്‍ അനുഭവിച്ച ജയില്‍ തടവ് പരിഗണിക്കണമെന്നും ശിക്ഷ ബാംഗ്ലൂര്‍ ജയിലില്‍ അനുഭവിക്കാന്‍ അനുവദിക്കണമെന്നും പ്രതികള്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. 
 
എന്‍.ഐ.എ പ്രത്യേക കോടതി ജസ്റ്റിസ് എസ്. വിജയകുമാറാണ് കേസിലെ പ്രതികളുടെ ശിക്ഷ വിധിച്ചത്.നിര്‍ണായക വിധിയില്‍ ഒപ്പുവച്ചുകൊണ്ട് എന്‍.ഐ.എ പ്രത്യേക കോടതി ജഡ്ജി എസ്. വിജയകുമാര്‍ സര്‍വീസില്‍ നിന്ന് വിടവാങ്ങി.
 
തടിയന്റവിട നസീര്‍ അടക്കം 18 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശിക്ഷയെക്കുറിച്ചുള്ള വാദത്തിനായി കേസ് ഇന്നലെയാണ് പരിഗണിച്ചത്. വിചാരണയില്‍ 186 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചിരുന്നു. തെളിവിലേക്കായി രേഖകളും ഹാജരാക്കിയിരുന്നു.
 
കണ്ണൂര്‍ സ്വദേശി അബ്ദുല്‍ ജലീല്‍, തടിയന്റവിട നസീര്‍, ബാംഗ്ലൂര്‍ സ്‌ഫോടന കേസിലെ പ്രതികളായ കാവാഞ്ചേരി മുട്ടന്നൂര്‍ തായാട്ടിക് അബ്ദുല്‍ ജബ്ബാര്‍, പെരുമ്പാവൂര്‍ സാബിര്‍ പി. ബുഹാരി, പള്ളിക്കര സര്‍ഫറാസ് നവാസ്, അഹമ്മദാബാദ് സ്‌ഫോടന കേസിലെ പ്രതികളായ സത്താര്‍ബായി എന്ന പെരുവള്ളൂര്‍ സൈനുദ്ദീന്‍, അണ്ടത്തോട് ചാത്തിന്റവിട എം.എച്ച്. ഫസല്‍, മഴുവഞ്ചേരി മുതുകുറ്റി മുജീബ്, തയ്യില്‍ ചൂണ്ട്‌വളപ്പ് ഷഫാസ്, കളമശേരി കൂനംതൈ ഫിറോസ്, കൊട്ടാരത്ത് ചൂണ്ടാരക്കണ്ണി മുഹമ്മദ് നവാസ്, വയനാട് പടിഞ്ഞാറെത്തറ പതുങ്ങല്‍ വീട്ടില്‍ ഇബ്രാഹിം മൗലവി, പരപ്പനങ്ങാടി ഉമ്മര്‍ ഫാറൂഖ് എന്നീ പ്രതികളെയാണ് കോടതി ശിക്ഷിച്ചത്.
 
കണ്ണൂര്‍ സിറ്റി സ്വദേശി മുഹമ്മദ് നൈനാന്‍, കലൂര്‍ കുറുകപ്പള്ളി റസാഖ് മന്‍സിലില്‍ ബദറുദ്ദീന്‍, കുന്നത്തുനാട് പി.കെ. അനസ്, പനയപ്പിള്ളി അബ്ദുല്‍ ഹമീദ്,ആനയിടുക്ക് ഷെഫീഖ് എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടിരുന്നു. 
 
പാക്ക് അധീന കശ്മീരിലെ മുസഫറബാദ് സ്വദേശി അബ്ദുള്‍ വാലി, കണ്ണൂര്‍ ഇരക്കാന്‍കണ്ടി കൊച്ചുപീടികയില്‍ മുഹമ്മദ് സാബിര്‍ എന്നിവരെ പിടികിട്ടാപ്പുള്ളികളായി കോടതി പ്രഖ്യാപിച്ചിരുന്നു. ഇവരുടെ വിചാരണ പിന്നീട് നടക്കും. കശ്മീരില്‍ കൊല്ലപ്പെട്ട നാല് യുവാക്കളും ആദ്യ പ്രതിപട്ടികയില്‍ പ്രതികളായിരുന്നുവെങ്കിലും പിന്നീട് ഇവരെ ഒഴിവാക്കിയാണ് വിചാരണ ആരംഭിച്ചത്. 
 
കശ്മീരില്‍ ഇന്ത്യന്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തയ്യില്‍ തൈക്കണ്ടി ഫയാസ്, താഴെത്തെരു മുഴത്തടം അറഫയില്‍ ഫായിസ്, പരപ്പനങ്ങാടി അബ്ദുല്‍ റഹീം, വെണ്ണല മുഹമ്മദ് യാസിന്‍ എന്നിവരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്ത സംഭവമാണ് കേസിനാധാരം.

Search site