കളിപ്പാട്ടങ്ങളുമായി മന്ത്രി മുനീര്‍ കാണാനെത്തി, താങ്ക്‌സ് പറഞ്ഞ് ഷഫീഖ്‌

കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പുകളുമായി തന്നെ കാണാനെത്തിയ മന്ത്രി എം.കെ മുനീറിനോട് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഷെഫീക്ക് പറഞ്ഞു- താങ്ക്‌സ്. ഒരുപാട് സന്തോഷമായി. യാത്ര പറയാന്‍ നേരം കൈകളില്‍നിന്ന് പിടവിടാതിരുന്ന അവന് മന്ത്രിയുടെ ആശ്വാസ വാക്കുകള്‍. കൈവിടില്ലൊരിക്കലും. കൂടെത്തന്നെയുണ്ട്. 
 
മുറിയിലുണ്ടായിരുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും ഒരു നിമിഷ നേരത്തേക്ക് നിശബ്ദരായി. രക്ഷകര്‍ത്താക്കളുടെ ക്രൂരതകള്‍ക്ക് ഇരയായി വെല്ലൂരില്‍ ചികിത്സയില്‍ കഴിയുന്ന ഷെഫീക്കിനെ കാണാന്‍ ഇന്നലെ കാലത്താണ് മന്ത്രി എം.കെ മുനീര്‍ എത്തിയത്. 
 
കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും കൂടെക്കരുതിയിരുന്നു. മുറിഞ്ഞ് മുറിഞ്ഞാണെങ്കിലും ഷെഫീക്ക് തുടര്‍ച്ചയായി സംസാരിച്ചു. ടോയ് 'കാര്‍ ഇഷ്ടമായി', 'മന്ത്രി വന്നതില്‍ സന്തോഷം'. നില്‍ക്കാന്‍ പറ്റുമോയെന്ന് ചോദിച്ചപ്പോള്‍ പറ്റുമെന്ന് അവന്റെ മറുപടി. തുടര്‍ന്ന് അവന്‍ കൈയിലെ മസില്‍ കാണിച്ചുകൊടുത്തു. 
 
ചികിത്സയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് മന്ത്രിയുടെ സഹപാഠി കൂടിയായ പ്രധാന ഡോക്ടര്‍ ജോര്‍ജ്ജ് തര്യന്‍ പറഞ്ഞു. അപസ്മാരബാധ പൂര്‍ണമായും വിട്ടുമാറി. 
മരുന്നിന്റെ അളവ് കുറച്ചുകൊണ്ടുവരികയാണ്. തലച്ചോറിനേറ്റ ക്ഷതം നിമിത്തം കൈ, കാല്‍ എന്നിവയുടെ ചലനത്തിലും കണ്ണിന്റെ കാഴ്ചയിലും ചെറിയ പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നുണ്ട്. 
 
ഒരാഴ്ചകൂടി ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സ തുടരണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം മന്ത്രി അംഗീകരിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും ആസ്പത്രി അധികൃതരെ മന്ത്രി അറിയിച്ചു.

Search site