കലാപത്തിന്റെ വേദനയില്‍ ആശങ്കയോടെ ഖാദറും കൂട്ടുകാരും

 ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ ജില്ലയിലുണ്ടായ വര്‍ഗീയ കലാപത്തില്‍ മനംനൊന്ത് കഴിയുകയാണിവിടെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍. 43 പേര്‍ കൊല്ലപ്പെട്ടതായും നാല്‍പ്പതിനായിരത്തോളം മുസ്‌ലിംകള്‍ ഗ്രാമങ്ങളില്‍ നിന്നൊഴിഞ്ഞുപോയതായൂം ഭീതിയോടെയാണ് വീടുകളില്‍ കഴിയുന്നതെന്നും നാട്ടില്‍ നിന്ന് വിവരം ലഭിച്ചതായി ഇവര്‍ പറഞ്ഞു. 
 
കലാപ വിവരമറിഞ്ഞ് നിരന്തരം വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടു വരികയാണെന്ന് മുസഫര്‍നഗര്‍ ജില്ലയിലെ ഹാഫിസ് മുഹമ്മദ് അബ്ദുല്‍ഖാദര്‍ പറഞ്ഞു. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയല്‍ പഠിക്കുന്ന ഹാഫിസിനൊപ്പം അലഹബാദിലെ മുഹമ്മദ് നൗശാദ് അന്‍സാരി, മഹാരാജ് ഗംജിലെ ആത്തഹറസാന്‍, അസംഗഡിലെ ശംസാദ് ഗഡ്, സയ്യിദ് പൂര്‍ സക്കറിയയിലെ സലാഹുദ്ദീന്‍ അലി, ഗാസിപൂരിലെ ജിഷാന്‍ അഹമ്മദ് റസാന്‍ ഖാന്‍, ഫൈസാബാദ് ബാരദംഗിയിലെ മുഹമ്മദ് ഹസന്‍, ഗോംഖ്പൂര്‍ ഖലീലാബാദിലെ ഫൈസല്‍ഖാന്‍, ബഹറായി ലിജ് ലൗഖായിലെ ആഷിഖ്, ഖലീലാബാദിലെ അലി അഹമ്മദ്ഖാന്‍, ഗാസിപൂരിലെ മുഹമ്മദ് അസം റസാഖാന്‍, അലഹബാദിലെ അബ്ദുല്‍ ഖാദര്‍, അല്ലിപൂരിലെ മുഹമ്മദ് ഇംഷാന്‍ എന്നിവരുമുണ്ട്. നനഞ്ഞ കണ്ണുകളോടെയാണ് ഇവര്‍ ഓരോരുത്തരും കാര്യങ്ങള്‍ പങ്കുവെച്ചത്.
 
മുസഫര്‍നഗര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കുടുംബങ്ങള്‍ക്ക് വീടുകളിലേക്ക് മടങ്ങിപോവാന്‍ പേടിയാണ്. വീട്ടില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നില്ല. ആഴ്ച്ചകളായി കടകളെല്ലാം അടഞ്ഞു കിടക്കുന്നു. പൊലീസ് പക്ഷപാതപരമായാണ് പെരുമാറുന്നത്. ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചാണ് കലാപം തുടങ്ങിയത്. മുസ്‌ലിം യുവാക്കള്‍ ഹിന്ദുയുവതികളെ സ്‌നേഹിച്ച് ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന പ്രചാരണം മുസഫര്‍ നഗര്‍ ജില്ലയില്‍ കുറച്ചു നാളുകളായുണ്ട്. 
 
ചില സാമൂഹ്യദ്രോഹികള്‍ കലാപത്തിന് തിരികൊളുത്തിയത് ഇത്തരം പ്രചാരണം അഴിച്ചുവിട്ടാണ്. എന്നാല്‍ യാഥാര്‍ഥ്യം തീരെയില്ലാത്ത പ്രചാരണമാണിവ. സ്‌നേഹത്തോടെ കഴിയുന്നിടത്ത് മുതലെടുപ്പ് നടത്തി നേട്ടം കൊയ്യാനുള്ള ചിലരുടെ ശ്രമങ്ങളാണിതിന് പിന്നില്‍. ഗ്രാമങ്ങളിലാണ് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകുന്നത്. ഇടക്കിടെ ഇവിടങ്ങളില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കാറുണ്ട്. 
 
ചിലത് തുടക്കത്തിലെ ഇല്ലാതാകും. മറ്റ് ചിലത് ആളിക്കത്താറുമാണ്. ഈയിടെ അലഹബാദ് ജില്ലയിലെ ധാനി ഗ്രാമത്തില്‍ ആരാധനാലയവുമായി ബന്ധപ്പെട്ട് പ്രശ്‌നം പൊലീസ് ഇടപെട്ട് ശാന്തമാക്കുകയുണ്ടായി. ഗ്രാമത്തില്‍ നേരത്തെയുള്ള കരാര്‍ പ്രകാരം ഒരു ആരാധനാലയവും ഉണ്ടാക്കാന്‍ പാടില്ലെന്നാണ്. ഇതിന് വിപരീതമായി ആദ്യം ക്ഷേത്രം ഉയര്‍ന്നു. തുടര്‍ന്ന് ചെറിയ മുസ്‌ലിം പള്ളിയും സ്ഥാപിച്ചു. ഇതോടെ ഒരു സംഘമാളുകള്‍ പള്ളിയിലേക്കുള്ള വഴികളടച്ചു. രാത്രിയില്‍ കലാപത്തിന് സാധ്യതയുണ്ടെന്ന വിവരം പൊലീസിനെ അറിയിക്കുകയും പൊലീസ് ഉണരുകയും സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ സംഘര്‍ഷം ഇല്ലാതാക്കുകയുമായിരുന്നു. 
 
ഇത്തരത്തില്‍ പൊലീസ് ഇടപെടലിലൂടെ ഒഴിവാക്കാവുന്നതാണ് ഏറെയും. എന്നാല്‍ പൊലീസ് സമയത്തിനുണര്‍ന്ന് പ്രവര്‍ത്തിക്കുകയോ നീതിപൂര്‍വം ഇടപെടുകയോ ചെയ്യുന്നില്ലെന്ന പരാതികളുണ്ട്. ഗ്രാമങ്ങളിലാണ് തങ്ങളുടെ കുടുംബങ്ങള്‍ കഴിയുന്നത്. പുരോഗതിയെന്തെന്ന് തങ്ങള്‍ക്കറിയില്ല. ആരെങ്കിലും പുരോഗതിക്കായി മുന്നിട്ടിറങ്ങിയാല്‍ അവരെ ദ്രോഹിക്കും. പ്രദേശത്ത് സ്‌കൂളോ കോളജുകളോ ആസ്പത്രികളോ ഇല്ല. ഗുരുതരാവസ്ഥയില്‍ ആരെയെങ്കിലും ആസ്പത്രിയിലേക്ക് കൊണ്ടുപോവുകയാണെങ്കില്‍ വഴിയില്‍ മരണം സംഭവിക്കുക സാധാരണയാണ്. 
 
കാരണം ആസ്പത്രിയിലെത്തണമെങ്കില്‍ ചുരുങ്ങിയത് 40 കിലോമീറ്ററെങ്കിലും യാത്രചെയ്യണം. പഠനത്തില്‍ തങ്ങളുടെ ഗ്രാമങ്ങള്‍ വളരെ പിറകിലാണ്. 
സ്‌കൂളിലേക്ക് കിലോമീറ്ററുകള്‍ പോവേണ്ടിവരുന്നതിനാല്‍ മിക്ക കുട്ടികളും പത്ത് വയസ്സ് വരെ മാത്രം പഠനം നടത്തിയ ശേഷം നിര്‍ത്തി മറ്റു ജോലിക്ക് പോകും. സര്‍ക്കാര്‍ സ്‌കൂളുകള്‍ അപൂര്‍വം സ്ഥലങ്ങളില്‍ മാത്രമാണുള്ളത്. സ്വകാര്യ സ്‌കൂളില്‍ പഠിക്കണമെങ്കില്‍ വര്‍ധിച്ച ഫീസ് നല്‍കണം. 
 
ഇത് താങ്ങാന്‍ കഴിയാത്തതാണ്. ആണ്‍കുട്ടികളെ കൂലിത്തൊഴിലിനും അയക്കും. തൊഴിലിന് നിത്യ കൂലിയായി 200 രൂപയാണ് കിട്ടുക. പ്ലസ്ടു വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സൈക്കിളും ലാപ്‌ടോപും സര്‍ക്കാര്‍ ഓഫര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ലാപ്‌ടോപ് പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതിയുണ്ടാകില്ല. സന്ധ്യക്ക് കുറഞ്ഞ സമയം മാത്രമേ വൈദ്യുതിയുണ്ടാവൂ. ഇരുട്ടിലാണ് ഗ്രാമങ്ങള്‍. കേരളത്തിലേത് പോലെ മദ്രസകളില്ല. ഖുര്‍ആന്‍ പഠിപ്പിക്കാന്‍ ഒറ്റപ്പെട്ട ചെറിയ മക്തബുകള്‍ മാത്രമാണുള്ളത്. മുസ്‌ലിം പള്ളികള്‍ അപൂര്‍വമാണ്. ഇവ വിപുലീകരിക്കാന്‍ കഴിയുന്നില്ല. മൈക്ക് ഉപയോഗിക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ട്. റോഡുകള്‍ വളരെ മോശമാണ്. ഗ്രാമങ്ങളിലാണ് ഈ സ്ഥിതിയേറെയും. പാവപ്പെട്ടവരാണ് ഏറെ. ഭൂരിഭാഗം വീടുകളിലും കക്കൂസ് പോലുമില്ല. വയലുകളെയാണ് ആശ്രയിക്കുന്നത്. 
 
കേരളത്തിലെ പുരോഗതിയിലും മതമൈത്രിയിയും തങ്ങള്‍ക്ക് വിസ്മയം തോന്നുന്നു. യുപിയില്‍ നിന്ന് തങ്ങളെ പോലെ ഒട്ടേറെ പേര്‍ കേരളത്തില്‍ വന്ന് പഠിക്കണമെന്നാഗ്രഹിക്കുന്നുണ്ട്. ഏകസ്വരത്തില്‍ ഈ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പഠനം കഴിഞ്ഞാല്‍ തങ്ങളുടെ ഗ്രാമങ്ങളില്‍ മുസ്‌ലിംലീഗിനെ ശക്തമാക്കാന്‍ രംഗത്തിറങ്ങുമെന്നും അവര്‍ പറഞ്ഞു. ഉന്നത പഠനത്തിനുള്‍പ്പെടെ ദാറുല്‍ഹുദയില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനവും താമസവും ഭക്ഷണവും സൗജന്യമാണെന്ന് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ നദ്‌വി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ പഠിക്കുന്നുണ്ട്. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാചെലവും ദാറുല്‍ ഹുദ നല്‍കുന്നു.

Search site