കലാപകാലത്തെ ഫേസ്ബുക്കും ട്വിറ്ററും

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ നാല്‍പതോളം പേരുടെ കൊലപാതകത്തില്‍ കലാശിച്ച വര്‍ഗീയ കലാപത്തിനൊപ്പം സോഷ്യല്‍ മീഡിയയും വാര്‍ത്തയില്‍ നിറയുന്നുണ്ട്. അഭ്യൂഹങ്ങളും അര്‍ധസത്യങ്ങളും പ്രചരിപ്പിച്ച് കലാപം ആളിക്കത്തിക്കാന്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സാമൂഹ്യ ശൃംഖലാ സൈറ്റുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്. അനന്തമായ ഗുണഫലങ്ങളുള്ള സോഷ്യല്‍ മീഡിയക്ക് അത്രത്തോളം തന്നെ ദോഷങ്ങളുമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇത്.
 
കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യാവുന്ന മറ്റുപകരണങ്ങളും സാര്‍വത്രികമായതോടെ സോഷ്യല്‍ മീഡിയ ചെറുപ്പക്കാരുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായി മാറിയിരിക്കുന്നു. ആവിഷ്‌കാരത്തിനും തുറന്നുപറച്ചിലിനും അതിരറ്റ സ്വാതന്ത്ര്യം നല്‍കുന്ന നവമാധ്യമം പലപ്പോഴും ദുഷ്പ്രവണതകളുടെ ഈറ്റില്ലമായി മാറുന്നു എന്നതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണ് മുസഫര്‍നഗര്‍. നിരവധി പേരുടെ ജീവന്‍ നഷ്ടമായതിനു ശേഷമാണെങ്കിലും കലാപം പടരുന്നത് തടയാതിരിക്കാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിരുന്നു. 
 
കലാപബാധിത പ്രദേശങ്ങളില്‍ പട്ടാളത്തെ വിന്യസിച്ചു, കര്‍ഫ്യൂ പ്രഖ്യാപിച്ചു, ജനങ്ങള്‍ പുറത്തിറങ്ങുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തി. അഭ്യൂഹങ്ങള്‍ പടരാതിരിക്കാന്‍ പത്രങ്ങള്‍ തുടങ്ങിയ ആശയ വിനിമയോപാധികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി.
 
പക്ഷേ, ഈ മുന്‍കരുതലുകളെല്ലാം അട്ടിമറിക്കപ്പെടുകയും വര്‍ഗീയ വിദ്വേഷം ആളിക്കത്തുന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നതുമാണ് പിന്നെ കാണുന്നത്. കാരണം ഒരു വീഡിയോ ആയിരുന്നു. രണ്ടു ചെറുപ്പക്കാരെ ആള്‍ക്കുട്ടം മര്‍ദ്ദിക്കുന്ന രംഗങ്ങളുള്ള വീഡിയോ യൂട്യൂബും ഫേസ്ബുക്കും ട്വിറ്ററുമെല്ലാം വഴി ശരവേഗത്തില്‍ പ്രചരിച്ചു; ഒപ്പം വികാരം കത്തിക്കുന്ന, പ്രതികാരം ഉദ്ദീപിക്കുന്ന കമന്റുകളും. അതോടെ കലാപം ആളിക്കത്തുകയും മനുഷ്യര്‍ കൂട്ടമായി കൊലചെയ്യപ്പെടുകയും ചെയ്തു. 
 
നിവൃത്തിയില്ലാതെ വന്നപ്പോള്‍ വീഡിയോക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഷെയര്‍ ചെയ്തവരെയും പിടികൂടാന്‍ ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കേണ്ടി വന്നു. വീഡിയോ നെറ്റില്‍ കയറ്റുന്നതിന് ചുക്കാന്‍ പിടിച്ചത് ബി.ജെ.പി എം.എല്‍.എ സംഗീത് സോമും മറ്റൊരാളുമാണെന്ന് പോലീസ് കണ്ടെത്തി. കനത്ത നിയന്ത്രണങ്ങളുള്ള ഒരു സാഹചര്യത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണേ്രത വീഡിയോ നെറ്റില്‍ കയറ്റിവിട്ടത്.
 
എങ്ങനെയും വൈരം ആളിക്കത്തിക്കുക എന്നതുമാത്രമാണ് ഈ വീഡിയോക്ക് പിന്നിലെ ലക്ഷ്യമെന്നതിനുള്ള തെളിവ് മറ്റൊന്നുമല്ല; ആ വീഡിയോ വ്യാജമാണ് എന്നതു തന്നെ. മുസഫര്‍നഗറിലെ സംഭവങ്ങളുമായി ഒരു ബന്ധമില്ലാത്ത, ഇന്ത്യയിലേതു പോലുമല്ലാത്ത ഉള്ളടക്കമായിരുന്നു വീഡിയോയിലേത്. അത് ഏതാനും വര്‍ഷങ്ങള്‍ മുമ്പ് പാകിസ്താനില്‍ ചിത്രീകരിക്കപ്പെട്ടതായിരുന്നുവെന്ന് പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ 'ഡി.എന്‍.എ'യിലെഴുതിയ കോളത്തില്‍ പത്ര - ചലച്ചിത്ര പ്രവര്‍ത്തകയും എഴുത്തുകാരിയും ബ്ലോഗറുമായ ഹരിണി കലാമര്‍ പറയുന്നു. 
 
ഇതാദ്യമായല്ല, വ്യാജന്മാരെ ഉപയോഗിച്ച് ഇത്തരം ദുഷ്പ്രചരങ്ങള്‍ നടക്കുന്നത്. അസമില്‍ കഴിഞ്ഞ വര്‍ഷം നടന്ന കലാപം പ്രചരിപ്പിക്കാനും ഇതേ വീഡിയോ ഉപയോഗിച്ചിരുന്നുവത്രേ. 
മുസഫര്‍ നഗറിലേത്, ആരോപിക്കപ്പെടുംപോലെ ഒരു യുവതിയെ ഏതാനും പേര്‍ ശല്യം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍നിന്ന് നീറിപ്പടര്‍ന്ന കലാപമല്ല, കൃത്യമായ തിരക്കഥയോടെ ആസൂത്രണം ചെയ്തതാണെന്ന് ഇതില്‍നിന്നു വ്യക്തമാകുന്നു. 
 
മുസഫര്‍നഗര്‍ കലാപത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പകല്‍പോലെ വ്യക്തമാണെന്ന് ലഖ്‌നൗ യൂണിവേഴ്‌സിറ്റി സോഷ്യോളജി വിഭാഗം തലവന്‍ രാജേഷ് കുമാര്‍ മിശ്രയടക്കം പലരും അഭിപ്രായപ്പെടുന്നുണ്ട്.
 
സ്ഥാപിത താല്‍പര്യങ്ങളിലൂന്നിയ കള്ളപ്രചരണങ്ങള്‍ക്കുവേണ്ടി സോഷ്യല്‍ മീഡിയയെ ദുരുപയോഗം ചെയ്യുന്ന പ്രവണത നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. കേഡര്‍ സ്വഭാവവും വര്‍ഗീയ അജണ്ടകളുമുള്ള സംഘടനകള്‍ ഫേസ്ബുക്കിലേക്കും മറ്റും തങ്ങളുടെ ആളുകളെ കൂട്ടംകൂട്ടമായി കയറ്റി വിടുന്നു. ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തുമെല്ലാം കയറി ചര്‍ച്ചകള്‍ കലക്കിമറിയുന്ന പ്രവണത ഈയിടെയായി മലയാളത്തിലും സജീവമാണ്. നുണകളും അര്‍ധ സത്യങ്ങളുമെല്ലാം പിടിവള്ളിയാക്കി മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരെ സംഘടിത പ്രചരണങ്ങള്‍ നടക്കുന്നു. 
 
സെക്യുലര്‍ മുഖംമൂടിയണിഞ്ഞ് നരേന്ദ്ര മോഡിയുടെ 'വികസനത്തെ മാത്രം' വാഴ്ത്തി പൊതുമണ്ഡലത്തില്‍ ഇടംനേടാന്‍ ശ്രമിക്കുന്നവര്‍ ഇപ്പോള്‍ നിരവധിയുണ്ട് ഓണ്‍ലൈനില്‍. ആരോഗ്യകരമായ ചര്‍ച്ചകളെ വര്‍ഗീയ തലങ്ങളിലേക്ക് വഴിതിരിച്ചുവിട്ട് തങ്ങളുടെ ഫാസിസ്റ്റ് ആശയങ്ങള്‍ മയത്തില്‍ അവതരിപ്പിക്കുക എന്നതാണ് ഇത്തരക്കാരുടെ രീതി. അതിനുവേണ്ടി കള്ള പ്രചരണങ്ങള്‍ നടത്താനും മടിയില്ല. മോഡിയുടെ 'വികസനം മാത്രം' വാഴ്ത്തുന്ന ചിലര്‍ കാനഡയിലെ സോളാര്‍ സംവിധാനങ്ങളുടെ ചിത്രങ്ങള്‍ ഗുജറാത്തിലേതാണെന്ന് പ്രചരിപ്പിച്ച് ആപ്പിലായത് അധികനാള്‍ മുമ്പല്ല. മുസഫര്‍നഗര്‍ കലാപത്തിന്റെ ഒന്നാംദിനം തൊട്ടേ കൃത്യമായ കാര്യകാരണങ്ങള്‍ നിരത്തി ദൃക്‌സാക്ഷികളെന്ന പോലെ കമന്ററി നല്‍കുന്ന നിരവധി പേരെ ഫേസ്ബുക്കിലും ഗൂഗിള്‍ പ്ലസ്സിലുമെല്ലാം കാണാം.
 
അമേരിക്ക കഴിഞ്ഞാല്‍ ഫേസ്ബുക്ക് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത് ഇന്ത്യയിലാണെന്ന് പ്രമുഖ വെബ് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ അലക്‌സയുടെ കണക്കുകള്‍ പറയുന്നു. ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ്, യൂട്യൂബ് എന്നിവയുടെയും സന്ദര്‍ശക നിലവാരത്തില്‍ ഇന്ത്യ അമേരിക്കക്കു പിറകില്‍ രണ്ടാം സ്ഥാനത്തുണ്ട്. സാമ്പത്തിക - വാണിജ്യ - വികസന - ശാസ്ത്ര മേഖലകളിലൊന്നുമില്ലെങ്കിലും സോഷ്യല്‍ മീഡിയയുടെയും ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെയും കാര്യത്തില്‍ ഇന്ത്യക്ക് ലോകാടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനമുള്ളത് അഭിമാനകരമാണോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്. 
 
വിദ്വേഷത്തിന്റെയും കലാപത്തിന്റെയും അഗ്നി ഊതിക്കത്തിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കപ്പെടുന്ന ഈ കാലത്ത് പ്രത്യേകിച്ചും.

Search site