കലാപം ബാധിച്ചത് 94 ഗ്രാമങ്ങളില്‍; 42,000 പേര്‍ അഭയാര്‍ഥികള്‍

സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം 
മുസഫര്‍ നഗര്‍ കലാപത്തില്‍ 42,000 പേര്‍ അഭയാര്‍ഥികളാക്കപ്പെട്ടതായും കലാപം ആസൂത്രിതമായിരുന്നെന്നും യു.പി സര്‍ക്കാര്‍. മുസഫര്‍ നഗര്‍, ശംലി ജില്ലകളിലെ 94 ഗ്രാമങ്ങളെ ബാധിച്ച കലാപത്തില്‍ 44 പേര്‍ മരിച്ചു. കലാപം നിയന്ത്രിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കലാപബാധിതരുടെ പുനരധിവാസത്തിന് കണക്കെടുപ്പു നടന്നുവരുകയാണെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറഞ്ഞു. കലാപം നേരിടാന്‍ യു.പി സര്‍ക്കാറിന് സൈനിക സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാറിനുവേണ്ടി അറ്റോര്‍ണി ജനറല്‍ വഹന്‍വതി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. കലാപ സാധ്യത സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനങ്ങളുടെ സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനെ ഉണര്‍ത്തിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. 
 എല്ലാ ഗ്രാമങ്ങളിലും അക്രമമുണ്ടായിട്ടില്ല. എന്നാല്‍, അക്രമം ഭയന്ന് പലരും ഗ്രാമം വിട്ടുപോയി. എതിര്‍വിഭാഗം ന്യൂനപക്ഷമായ ഗ്രാമങ്ങള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ് ചെയ്തത്. ഇരുവിഭാഗങ്ങളുടെയും വീടുകളും ആരാധനാലയങ്ങളും തകര്‍ക്കപ്പെട്ടു. കൊല്ലപ്പെട്ടവരിലും ഇരുവിഭാഗത്തില്‍ പെട്ടവരുമുണ്ട്. കലാപം ആസൂത്രിതമാണെന്നും സര്‍ക്കാറുകളുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിച്ച ജസ്റ്റിസുമായ പി. സദാശിവം, രഞ്ജന ദേശായി എന്നിവരടങ്ങിയ ബെഞ്ച് ഇതുവരെയുള്ള കാര്യങ്ങള്‍ വിശദീകരിക്കാന്‍ യു.പി സര്‍ക്കാറിനോടും കേന്ദ്രത്തോടും ആവശ്യപ്പെട്ടതനുസരിച്ചാണ് സത്യവാങ്മൂലം നല്‍കിയത്.
 കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ യു.പി പൊലീസിന്‍െറ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. അഡീഷണല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള 32 അംഗ സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്. മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍െറ നിര്‍ദേശപ്രകാരം തിങ്കളാഴ്ചയാണ് പ്രത്യേക സംഘത്തെ അന്വേഷണത്തെ നിയോഗിച്ചത്.

Search site