കരിപ്പൂര്‍ ഹജ്ജ്ക്യാമ്പില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

സംസ്ഥാന ഹജ്ജ്കമ്മിറ്റിക്ക് കീഴില്‍ വിശുദ്ധ ഹജ്ജ്കര്‍മത്തിന് യാത്രയാകുന്ന തീര്‍ഥാടകരെ സ്വീകരിക്കാന്‍ കരിപ്പൂര്‍ ഹജ്ജ്ഹൗസ് ഒരുങ്ങി. അടുത്ത ചൊവ്വാഴ്ച വൈകുന്നേരത്തോടെയെത്തുന്ന തീര്‍ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ് ഹജ്ജ്കമ്മിറ്റി.
 
25ന് രാവിലെ 9.05നാണ് കോഴിക്കോട്ടുനിന്നുള്ള ആദ്യ ഹജ്ജ് വിമാനം പുറപ്പെടുന്നത്. ഈ വിമാനത്തില്‍ പോകേണ്ട തീര്‍ഥാടകരാണ് തലേദിവസം എത്തുക. ക്യാമ്പ് 25ന് രാവിലെ ആറുമണിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. ഒമ്പതിന് ഹജ്ജ് വിമാനം കേന്ദ്രമന്ത്രി ഇ. അഹമ്മദ് ഫ്‌ളാഗ്ഓഫ് ചെയ്യും.
 
സംസ്ഥാന ഹജ്ജ്കമ്മിറ്റിക്കു കീഴീല്‍ 8754 തീര്‍ഥാടകരാണ് ഈവര്‍ഷം കോഴിക്കോട് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് വഴി യാത്രയാകുന്നത്. ഇതില്‍ 8336 പേര്‍ കേരളത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ്. 21 പേര്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ക്വാട്ടയില്‍ ഹജ്ജിന് അവസരം ലഭിച്ചവരാണ്. ലക്ഷദ്വീപില്‍നിന്നുള്ള 311 തീര്‍ഥാടകരും പോണ്ടിച്ചേരിയില്‍നിന്നുള്ള 59 തീര്‍ഥാടകരും കോഴിക്കോട് വിമാനത്താവളം വഴിയാണ് യാത്രയാകുന്നത്. 27 വളണ്ടിയര്‍മാരും തീര്‍ഥാടകര്‍ക്കൊപ്പമുണ്ട്. 25 മുതല്‍ ഒക്ടോബര്‍ ഒമ്പതുവരെയായി 29 ഹജ്ജ് സര്‍വീസുകളാണ് കോഴിക്കോട്ടുനിന്ന് സൗദി എയര്‍ലൈന്‍സ് ചാര്‍ട്ടര്‍ചെയ്തിരിക്കുന്നത്.
 
ദിവസേന രണ്ട് സര്‍വീസുകളാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. ഹജ്ജ് യാത്രക്കാരുടെ യാത്രാരേഖകള്‍ പരിശോധിക്കാനും മറ്റും ചുമതലപ്പെട്ട ഹജ്ജ്‌സെല്‍ പ്രവര്‍ത്തനം ഹജ്ജ്ഹൗസില്‍ തുടങ്ങി. തീര്‍ഥാടകരുടെ പാസ്‌പോര്‍ട്ട്, ധരിക്കാനാവശ്യമായ മാല, വള, ബാഡ്ജുകള്‍, സിം കാര്‍ഡുകള്‍ എന്നിവ വേര്‍തിരിച്ച് ഓരോ തീര്‍ഥാടകനും പ്രത്യേകം കവറിലാക്കി നല്‍കലാണ് ഇവരുടെ പ്രധാന ജോലി. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
തീര്‍ഥാടകരെ മാത്രമേ ഹജ്ജ്ഹൗസില്‍ പ്രവേശിപ്പിക്കൂ. കൂടെവരുന്നവര്‍ക്ക് വിശ്രമിക്കാനും പ്രാര്‍ഥിക്കാനും ഹജ്ജ്ഹൗസിനോട് ചേര്‍ന്ന് പ്രത്യേക പന്തല്‍ സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ നിര്‍മാണ പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്. തീര്‍ഥാടകര്‍ക്കായുള്ള പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കാനും പ്രഭാഷണങ്ങള്‍ക്കുമായി പ്രശസ്തരായ മതപണ്ഡിതന്മാരെയാണ് ഹജ്ജ്കമ്മിറ്റി നിയോഗിച്ചിരിക്കുന്നത്.

Search site