ഔഷധ ഗുണം നിറഞ്ഞ മുള്ളാത്ത

ഉഷ്‌ണമേഖലാ രാജ്യങ്ങളിലെങ്ങും കാണുന്ന സസ്യമാണ്‌ മുള്ളാത്ത. നാട്ടില്‍ കാണുന്ന ആത്തചക്കയുടെ ബന്ധുവായ ഇവ അനോനേസി സസ്യകുടുംബത്തില്‍പെടുന്നു. ചെറുസസ്യമായി ശാഖകളോടെ വളരുന്ന മുള്ളത്തയ്‌ക്ക് മുള്ളന്‍ചക്ക, ലക്ഷ്‌മണപ്പഴം തുടങ്ങിയ വിളിപ്പേരുകളുണ്ട്‌. മുള്ളാത്തച്ചക്കയുടെ കാമ്പില്‍ അടങ്ങിയിരിക്കുന്ന അസറ്റോ ജനിനസ്‌ എന്ന ഘടകം അര്‍ബുദരോഗത്തെ നിയന്ത്രിക്കും എന്നു കണ്ടുപിടിച്ചു കഴിഞ്ഞു. കാര്‍ബോഹ്രൈഡേറ്റ്‌, നാരുകള്‍,ജീവകങ്ങളായ സി, ബി-1, ബി-2 എന്നിവയും പഴങ്ങളില്‍ സമൃദ്ധമായുണ്ട്‌. മുള്ളന്‍ച്ചക്കമരങ്ങളുടെ ശാഖകളിലാണ്‌ പൂക്കള്‍ വിരിഞ്ഞ്‌ കായ്‌കള്‍ ഉണ്ടാകുന്നത്‌. പുറം നിറയെ മുള്ളുനിറഞ്ഞ ഇവയ്‌ക്ക് ഒരുകിലോയോളം തൂക്കം ഉണ്ടാകാറുണ്ട്‌. മധുരവും നേരിയ പുളിയും കലര്‍ന്ന രുചിയാണ്‌ പഴക്കാമ്പിന്‌. നേരിട്ടു കഴിക്കുന്നതോടൊപ്പം ഭക്ഷ്യ ഉല്‍പ്പന്നങ്ങളാക്കിയും ഇത്‌ ഉപയോഗിക്കാം. വെള്ളം കെട്ടി നില്‍ക്കാത്ത വളക്കൂറുള്ള മണ്ണാണ്‌ മുള്ളാത്ത കൃഷിക്ക്‌ അനുയോജ്യം. ചെറുകുഴികള്‍ തയ്യാറാക്കി ജൈവവളങ്ങള്‍ ചേര്‍ത്ത്‌ ചെറുതൈകള്‍ മഴക്കാലത്ത്‌ നടണം. കാര്യമായ പരിചരണം ആവശ്യമില്ലാത്ത മുള്ളാത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഫലം തന്നുതുടങ്ങും. 

Search site