ഓണവിപണിയില്‍ സാധനങ്ങള്‍ക്ക് പൊന്നുംവില

ഓണവിപണിയില്‍ സാധനങ്ങള്‍ക്ക് പൊന്നുംവില. വിലയേറെയുണ്ടെങ്കിലും വിപണിയില്‍ തിരക്കിന് കുറവൊന്നുമില്ല. ഓണത്തിന് പുത്തനുടുപ്പുകള്‍ വാങ്ങാന്‍ തിരക്ക് കൂടിവരികയാണ്. പച്ചക്കറിമാര്‍ക്കറ്റിലും തിരക്കുതന്നെ. അടുത്തരണ്ട് ദിവസങ്ങളില്‍ പച്ചക്കറികള്‍ക്ക് ഇനിയും വിലകയറിയേക്കുമെന്നാണ് സൂചന. ഇക്കുറി ഓണസദ്യയൊരുക്കാന്‍ നല്ലൊരുതുക ചെലവാകും.

 നേന്ത്രപ്പഴത്തിന് കിലോയ്ക്ക് മുപ്പത് രൂപമുതല്‍ മേല്‍പ്പോട്ടാണ് വില. നാടനാണെങ്കില്‍ വില 45 രൂപ വരെയുണ്ട്. ചെറുപഴത്തിന് കിലോയ്ക്ക് 40 രൂപയാണ് ഇപ്പോഴുള്ളത്. നേന്ത്രക്കായയ്ക്ക് കിലോയ്ക്ക് 45 രൂപയാണ്. പയറിന് 40 മുതല്‍ 48 രൂപവരെയാണ് വില. വലിയ ഉള്ളിക്ക് 60 ഉം ചെറിയ ഉള്ളിക്ക് 68 ഉം വെണ്ടക്കയ്ക്ക് 32 ഉം തക്കാളിക്ക് 16 ഉം. ഇങ്ങനെ പോകുന്നു പച്ചക്കറികളുടെ വില. ഇതില്‍ മിക്കസാധനങ്ങള്‍ക്കും കഴിഞ്ഞ ദിവസത്തെക്കാള്‍ വിലകൂടിയിട്ടുണ്ട്. പലവ്യഞ്ജനങ്ങള്‍ക്കും തീപിടിച്ചവിലതന്നെ.

 ഓണസദ്യയിലെ പ്രധാന ഇനങ്ങളിലൊന്നായ വറുത്തുപ്പേരിക്കും ശര്‍ക്കരവരട്ടിക്കും ഇത്തവണ വന്‍വിലയാണ്. നേന്ത്രക്കായയുടെ വിലയിലുണ്ടായ കുതിച്ചുകയറ്റമാണ് ഈ ഇനങ്ങളുടെ വിലക്കയറ്റത്തിന് വഴിവെച്ചതെന്ന് പറയുന്നു. കിലോയ്ക്ക് 200 രൂപയാണ് വറുത്തുപ്പേരിക്ക്.

 റെഡിമെയ്ഡ് ഷോപ്പുകളിലും ടെക്സ്റ്റയില്‍സുകളിലും വലിയ തിരക്കുണ്ട്. വഴിയോരങ്ങളിലും വസ്ത്രവിപണി സജീവമാണ്. ഖാദിയുടെ ഷോറൂമുകളിലും തിരക്കുണ്ട്. ഓണം പ്രത്യേക റിബേറ്റും നല്‍കുന്നുണ്ട്. ഓണം സീസണില്‍ വിവിധ ഓഫറുകളുമായി ഗൃഹോപകരണ ഷോറൂമുകളും സജീവം. പൂക്കളം തീര്‍ക്കാന്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പൂക്കള്‍ക്കും ഉയര്‍ന്ന വിലതന്നെയാണ് നല്‍കേണ്ടിവരുന്നത്.

Search site