ഓണച്ചിത്രങ്ങള്‍ എത്തിത്തുടങ്ങി!

മലയാളിയുടെ ഓണാഘോഷത്തിന് മാറ്റ് കൂട്ടാന്‍ അഞ്ച് മലയാള ചിത്രങ്ങളെത്തുന്നു. മമ്മൂട്ടിയുടെ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, മൂന്നു സംവിധായകര്‍ ഒരുമിക്കുന്ന 'ഡി കമ്പനി', ദിലീപിന്റെ 'ശൃംഗാരവേലന്‍', ഫഹദ് ഫാസിലിന്റെ 'നോര്‍ത്ത് 24 കാതം', എം.ടി ^ഹരിഹരന്‍ ടീമിന്റെ 'ഏഴാമത്തെ വരവ്' എന്നിവയാണ് ഓണച്ചിത്രങ്ങള്‍.

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്


 നവാഗതനായ ജി. മാര്‍ത്താണ്ടന്‍ സംവിധാനം ചെയ്യുന്ന 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസി'ല്‍ മമ്മൂട്ടി നാടക നടനായാണ് എത്തുന്നത്. ഹണി റോസാണ് നായിക. ബെന്നി പി. നായരമ്പലമാണ് തിരക്കഥ ഒരുക്കുന്നത്. അച്ചപ്പൂ മൂവി മാജിക് നിര്‍മിക്കുന്ന ചിത്രം പ്ലേ ഹൌസ് തിയറ്ററുകളിലെത്തിക്കും. കാമറ: പ്രദീപ് നായര്‍, സംഗീതം: ബിജിബാല്‍. യു സര്‍ട്ടിഫിക്കറ്റാണ് 'ക്ലീറ്റസി'ന്. സെപ്റ്റംബര്‍ 12 മുതല്‍ ചിത്രം തിയറ്ററുകളിലുണ്ട്.
ഡി കമ്പനി
 എം. പത്മകുമാര്‍, വിനോദ് വിജയന്‍, ദീപന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന മൂന്ന് ചെറു ചിത്രങ്ങളുടെ സമാഹാരമാണ് 'ഡി കമ്പനി'. ജയസൂര്യ, അനൂപ് മേനോന്‍, ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, സമുദ്രക്കനി തുടങ്ങിയവര്‍ വിവിധ ചിത്രങ്ങളില്‍ വേഷമിടുന്നു. ജി.എസ്. അനില്‍, അനൂപ് മേനോന്‍, രാജേഷ് രവി എന്നിവരാണ് രചയിതാക്കള്‍. വിനോദ് ഇല്ലമ്പിള്ളി, ഭരണി കെ. ധരന്‍,പപ്പു എന്നിവരാണ് കാമറാമാന്‍മാര്‍. സംഗീതമൊരുക്കുന്നത് രാഹുല്‍ രാജ്, ഗോപീസുന്ദര്‍, രതീഷ് വേഗ എന്നിവരാണ്. യു. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന്. 13നാണ് ചിത്രത്തിന്റെ റിലീസ്.


ശൃംഗാരവേലന്‍


 മായാമോഹിനിക്ക് ശേഷം ദിലീപിനെ നായകനാക്കി ജോസ് തോമസ് ഒരുക്കുന്ന ചിത്രമാണ് 'ശൃംഗാരവേലന്‍'. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ വേദികയാണ് നായിക. ലാല്‍, ബാബുരാജ്, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം 14 ശനിയാഴ്ച റിലീസാകും.


നോര്‍ത്ത് 24 കാതം
 

നവാഗതനായ അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന 'നോര്‍ത്ത് 24 കാതം' 15ന് റിലീസാകും. ഫഹദ് ഫാസില്‍, സ്വാതി റെഡ്ഢി ടീം 'ആമേനി'ന് ശേഷം മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രം കൂടിയാണിത്. നെടുമുടി വേണു, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന്.


ഏഴാമത്തെ വരവ്


 ഇന്ദ്രജിത്ത്, വിനീത്, ഭാവന എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന 'ഏഴാമത്തെ വരവ്' 15ന് റിലീസാകും. എം.ടി വാസുദേവന്‍ നായര്‍ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹരിഹരനാണ്. മാമുക്കോയ,നന്ദു, കവിത തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

Search site