ഓണം ആഘോഷിക്കാം; കൈപൊള്ളാതെ

പത്തും ഇരുപതും തൊടുകറികളും രണ്ടോ മൂന്നോ ഒഴിച്ചുകറിയും ഒന്നില്‍ കൂടുതല്‍ പായസവുമായി തൂശനിലയില്‍ ഒരു ഓണ സദ്യ. മറുനാട്ടില്‍ മാവേലിയെ വരവേല്‍ക്കാനായി അപ്പാര്‍ട്ട്മെന്‍റുകള്‍ക്കും റൂമുകള്‍ക്കും അകത്ത് കൊച്ചുപൂക്കളം. നാടിന്‍െറ ഓര്‍മയിലേക്ക് പ്രവാസി മലയാളിയെ തിരിച്ചുകൊണ്ടുപോകുന്ന ദേശീയ ഉല്‍സവം ആഘോഷമാക്കാന്‍ യു.എ.ഇയിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും കടകളും ഒരുങ്ങിക്കഴിഞ്ഞു. പച്ചക്കറി മാര്‍ക്കറ്റുകളിലും ഓണമാഘോഷിക്കാനുള്ള ഇനങ്ങള്‍ നേരത്തെ തന്നെ എത്തിയിട്ടുണ്ട്. കൈപൊള്ളാതെ ഓണമാഘോഷിക്കാന്‍ പ്രവാസികള്‍ക്ക് അവസരമൊരുക്കി വിവിധ വിഭവങ്ങള്‍ നാട്ടില്‍ നിന്നത്തെിക്കഴിഞ്ഞു. നാട്ടില്‍ ഓണ സദ്യ പ്ളാസ്റ്റിക് ഇലയിലേക്ക് മാറിക്കൊണ്ടിരിക്കുന്നതിനിടെ പ്രവാസികള്‍ക്കായി തൂശനില തന്നെ നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത് എത്തിച്ചിട്ടുണ്ട്. ഓണം ലക്ഷ്യംവെച്ച് വിവിധയിനം പച്ചക്കറികളും ഇറക്കിക്കഴിഞ്ഞു. പായസം മിക്സുകള്‍ക്കും വിവിധയിനം പഴങ്ങള്‍ക്കും ഒപ്പം ചിപ്സും ശര്‍ക്കര ഉപ്പേരിയും മറ്റും എത്തിക്കഴിഞ്ഞു. അത്തപ്പൂക്കളം ഒരുക്കാന്‍ പൂക്കളും നാട്ടില്‍ നിന്നത്തെിയിട്ടുണ്ട്.
 ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ചോയ്ത്രം, കാരിഫോര്‍, മദീന, നെസ്റ്റോ,ഫാത്തിമ, ഫ്രഷ് ആന്‍റ് മോര്‍ തുടങ്ങി വിവിധ വന്‍കിട സ്ഥാപനങ്ങളിലും പച്ചക്കറി മാര്‍ക്കറ്റുകളിലും ഓണത്തെ ആഘോഷമാക്കാന്‍ വന്‍തോതില്‍ തന്നെ സാധനങ്ങള്‍ എത്തിയിട്ടുണ്ട്. ഓണത്തിന് രണ്ട് ദിവസം മുമ്പ് കൂടുതലായി സാധനങ്ങള്‍ എത്തും.
 സാമ്പാര്‍, അവിയല്‍ കിറ്റുകളാണ് ഓണവിപണിയിലെ പ്രധാന താരങ്ങള്‍. അര കിലോ, ഒരു കിലോ സാമ്പാര്‍ കിറ്റുകളാണ് വിവിധ സ്ഥാപനങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. നാല് ദിര്‍ഹം മുതല്‍ എട്ട് ദിര്‍ഹം വരെയാണ് ഒരു കിലോ സാമ്പാര്‍ കിറ്റിന്‍െറ വില. അവിയല്‍ കിറ്റും ഇതേനിരക്കില്‍ ലഭ്യമാണ്. നാട്ടില്‍ നിന്ന് തേങ്ങയും തേങ്ങാപ്പീരയും തേങ്ങാപ്പാലും ഓണത്തിന് സ്പെഷലായി എത്തിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമായി വന്‍തോതില്‍ വാഴയിലകളും ഇറക്കുമതി ചെയ്തുകഴിഞ്ഞു. കൂടുതല്‍ ലോഡുകള്‍ അടുത്ത ദിവസം എത്തും. ഒരു ഇലക്ക് 45 ഫില്‍സ് മുതല്‍ 80 ഫില്‍സ് വരെയാണ് വിവിധ സ്ഥാപനങ്ങളില്‍ ഈടാക്കുന്നത്. പൂക്കള്‍ കേരളത്തെ പോലെ തന്നെ അയല്‍സംസ്ഥാനങ്ങളില്‍ നിന്നുമാണ് യു.എ.ഇയിലേക്ക് എത്തുന്നത്. അബൂദബി മിനയിലെ മാര്‍ക്കറ്റില്‍ പൂക്കളുടെ കച്ചവടം തരക്കേടില്ലാതെ നടക്കുന്നുണ്ട്. ഓണത്തിനുള്ള പല വിഭവങ്ങളും കേരളത്തിലേതിനേക്കാള്‍ കുറഞ്ഞ വിലയില്‍ യു.എ.ഇയില്‍ ലഭ്യമാണെന്ന് അബൂദബിയിലെ വ്യാപാരികള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഓണ സദ്യക്കുള്ള മുഴുവന്‍ സാധനങ്ങളും കിറ്റായും നല്‍കുന്നുണ്ട്.
 ഓണം പ്രമാണിച്ച് പത്തോളം ലോഡ് വാഴയില എത്തിക്കഴിഞ്ഞതായി ലുലു അധികൃതര്‍ പറഞ്ഞു. 45 ഫില്‍സിനാണ് ഒരു ഇല വില്‍ക്കുന്നത്. പച്ചക്കറിക്കും കുറഞ്ഞ വിലയാണ് ഈടാക്കുന്നത്. സാമ്പാറിനും അവിയലിനുമുള്ള വിവിധ പച്ചക്കറികള്‍ കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കി ഒരു കിലോ പാക്കറ്റുകളില്‍ നല്‍കുന്നുണ്ടെന്നും ലുലു അധികൃതര്‍ പറഞ്ഞു. പച്ചക്കറിക്ക് പുറമെ വസ്ത്രങ്ങള്‍ക്കും വിവിധ സ്ഥാപനങ്ങള്‍ ഓഫറുകള്‍ നല്‍കിയിട്ടുണ്ട്. രണ്ടെണ്ണമെടുത്താല്‍ ഒന്ന് സൗജന്യം അടക്കം ഓഫറുകളാണ് വിവിധ സ്ഥാപനങ്ങളിലുള്ളത്.
 യു.എ.ഇയിലെ ഏറ്റവും വലിയ പച്ചക്കറി വിപണിയായ ദുബൈയിലെ അല്‍ അവീര്‍ മാര്‍ക്കറ്റില്‍ മലയാളിക്കാവശ്യമായ എല്ലാതരം പച്ചക്കറിയും എത്തിയിട്ടുണ്ട്. ഓണമായതോടെ പ്രതിദിനം ഒരു ദശലക്ഷം ദിര്‍ഹത്തിന്‍്റെ കച്ചവടം വരെ നടക്കുന്നതായി വ്യാപാരികള്‍ പറയുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പച്ചക്കറികള്‍ ഈ മാര്‍ക്കറ്റിലത്തെുന്നുണ്ടെങ്കിലും ഓണത്തിനായി കേരളത്തില്‍ നിന്ന് തന്നെ പ്രത്യേകം പച്ചക്കറികള്‍ ഇവിടെയത്തെിയിട്ടുണ്ട്. യു.എ. ഇയിലെ എല്ലാ ഭാഗത്തേക്കും ഈ മൊത്തവിപണിയില്‍ നിന്നാണ് പച്ചക്കറികളും പഴങ്ങളും കൊണ്ടുപോകുന്നത്.

Search site