ഒമാനില്‍ ജല മേഖല വ്യവസ്ഥാപിതമാക്കാന്‍ നീക്കം

വൈദ്യതോല്‍പാദനവും പ്രസാരണവും വഴി നേടിയ വിജയത്തിന്റെ അതേ മാര്‍ഗത്തില്‍ വൈദ്യുത മേഖലയും വ്യവസ്ഥാപിതമാക്കാന്‍ ഭരണകൂടം തീരുമാനിച്ചതായി ഇലക്ട്രിസിറ്റി റെഗുലേറ്ററി അഥോറിറ്റി ഡെപ്യൂട്ടി എക്‌സി. ഡയറക്ടര്‍ ഖൈസ് ബിന്‍ സഊദ് ബിന്‍ സഖ്‌വാലി.

ജല മേഖല പുന:ക്രമീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് പബ്‌ളിക് അഥോറിറ്റി ഫോര്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ നേതൃത്വം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ജലാനുബന്ധ സൗകര്യങ്ങള്‍ ഒരു കുടക്കീഴിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ജല മേഖലയിലെ ഡാറ്റാബേസ് സൃഷ്ടിക്കാന്‍ പുതിയ ഡിപാര്‍ട്ട്‌മെന്റ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞതായി 'ഒമാന്‍ ഡെയ്‌ലി ഒബ്‌സര്‍വര്‍' റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

വൈദ്യുത മേഖലയിലെ ഗുണപാഠങ്ങളില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ടാണ് ജലമേഖലയെ പുന:ക്രമീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ആര്‍.ബി.ഐ.എക്‌സ് പോലുള്ള വിപണി തന്ത്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കും.

 വൈദ്യുതോല്‍പാദനത്തിന് ഫോസില്‍ ഇന്ധനാധിഷ്ഠിത രീതി വ്യാപകമായി ഉപയോഗിക്കുന്നുവെന്നതാണ് മറ്റൊരു വെല്ലുവിളി. എന്നാലിത് ദീര്‍ഘകാലത്തേക്ക് ഗുണകരമല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

2012ലെ സ്ഥിതി വിവരക്കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഉല്‍പാദിപ്പിക്കപ്പെട്ട ഊര്‍ജത്തിന്റെ 97.5 ശതമാനവും പ്രകൃതി വാതകത്തില്‍ നിന്നായിരുന്നു. ഡീസലില്‍ നിന്ന് 2.5 ശതമാനം മാത്രമേ വൈദ്യുതി ഉല്‍പാദിപ്പിക്കാനായുള്ളൂ.

വൈദ്യുതോല്‍പാദനത്തിന് ഇന്ധനം ഉപയോഗിക്കുന്നതില്‍ വൈവിധ്യവത്കരണം കൊണ്ടുവരാന്‍ കഴിയുന്നതിലൂടെ പ്രകൃതി വാതക നിക്ഷേപക്കുറവ് പരിഹരിക്കാന്‍ സാധിക്കും. വൈദ്യുതോല്‍പാദനത്തിന് ആണവോര്‍ജം ഉപയോഗിക്കില്ലെന്നതിനാല്‍ സമാന്തരമായ ഏതാനും മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്.

കല്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതോല്‍പാദന നിര്‍ദേശത്തിന് പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്ന് സമാന്തര മേഖലകള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. സാധ്യമായ പരിഹാര മാര്‍ഗങ്ങളിലൊന്ന് വാതക ഇറക്കുമതിയാണ്. മറ്റൊന്ന് പുനരുല്‍പാദക ഊര്‍ജമാണ്.

ഇന്ധന ഉറവിടങ്ങളുടെ വൈവിധ്യവത്കരണത്തിലൂടെ ഭാവി നയങ്ങള്‍ രൂപപ്പെടുത്തുന്നത് പുനരുല്‍പാദക ഊര്‍ജ മേഖലക്ക് വ്യാപകമായ പ്രതീക്ഷ പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Search site