ഒത്തുകളി കേസ്; മുംബൈ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ ശ്രീശാന്തിന്റെ പേരില്ല

ഐ.പി.എല്‍ ഒത്തുകളി കേസില്‍ മുംബൈ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ ശ്രീശാന്തിന്റെ പേരില്ല. ഗുരുനാഥ് മെയ്യപ്പന്‍, വിന്ദു ധാരാസിങ്, പാക്കിസ്ഥാന്‍ അംപയെര്‍ അസദ് റൗഫ് എന്നിവരുള്‍പ്പെടെ 21 പേരെയാണ് കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്. 
 
കേസുമായി ബന്ധപ്പെട്ട് ശ്രീശാന്തിന്റെ ലാപ്പ്‌ടോപ്പും മൊബൈല്‍ ഫോണും മുംബൈ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിരുന്നു. ശ്രീശാന്തിനെതിരെ അന്വേഷണം നടത്തിയിരുന്നെങ്കിലും ക്രൈംബ്രാഞ്ചിന് ശ്രീക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
 
മത്സര രഹസ്യങ്ങള്‍ വിന്ദു ധാരാസിങിന് ചോര്‍ത്തി നല്‍കിയതിനും വാതുവെയ്പ്പില്‍ പങ്കെടുത്തതിനുമാണ് മെയ്യപ്പനെ കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്. മെയ്യപ്പനും വിന്ദു ധാരാസിങും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും വാതുവെയ്പ്പ് നടത്തിയതിനുള്ള തെളിവുകളായി കുറ്റപത്രത്തില്‍ നിരത്തിയിട്ടുണ്ട്
 
അതേസമയം ശ്രീശാന്ത് ഒത്തുകളിച്ചിട്ടുണ്ടെന്ന് ആരോപിച്ച് ബി.സി.സി.ഐ ശ്രീശാന്തിനെ ആജിവനാന്തം വിലക്കിയിരിക്കുകയാണ്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്രീശാന്ത് അറിയിച്ചിട്ടുണ്ട്.

Search site