ഒഎന്‍വി കവിതകളുടെ റഷ്യന്‍ പരിഭാഷ പുറത്തിറങ്ങുന്നു

മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വി ക്ക് റഷ്യയില്‍ നിന്നൊരു ഓണസമ്മാനം. കവിയുടെ തിരഞ്ഞെടുത്ത കവിതകളുടെ റഷ്യന്‍ പരിഭാഷ 'ഒരു സൂര്യന്‍ ഒരാകാശം ഒരു ഭൂമി' എന്ന പേരില്‍ മോസ്‌കോയില്‍ പുറത്തിറങ്ങുന്നു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വേള്‍ഡ് ലിറ്ററേച്ചറാണ് കവിതാസമാഹാരം പുറത്തിറക്കുന്നത്.
 
 റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗി ലെവറോവ് ആമുഖം എഴുതിയ സമാഹാരം 20ന് ഇന്ദിരാഗാന്ധി സ്‌ക്വയറിലുള്ള യൂണിവേഴ്‌സിറ്റി ഹോട്ടലിലെ കണ്‍സര്‍ട്ട് ഹാളില്‍ നടക്കുന്ന ചടങ്ങിലാണ് പുറത്തിറക്കുക. ഒ.എന്‍.വി.ക്കു പുറമേ ഹിന്ദി കവി അശോക് ചക്രാധര്‍, ഉറുദുകവി നവാസ് നിയോബന്ധി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. 
 
 ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ ചീഫ്ഓഫ് മിഷന്‍ സന്ദീപ് ആര്യ മുഖ്യാതിഥിയാകും. മോസ്‌കോയിലെ ഹിന്ദുസ്ഥാനി സമാജ്, ഇന്ത്യന്‍ എംബസിയുടെ സാംസ്‌കാരികവിഭാഗമായ ജവഹര്‍ലാല്‍ നെഹ്രു കള്‍ച്ചറല്‍ സെന്റര്‍, ഓള്‍ മോസ്‌കോ മലയാളി അസോസിയേഷന്‍ (അമ്മ) എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 
 
 റഷ്യന്‍ റൈറ്റേഴ്‌സ് അസോസിയേഷന്റെ ക്ഷണമനുസരിച്ചാണ് ഇക്കുറി ഒ.എന്‍.വി. റഷ്യയിലെത്തുന്നത്.

Search site