ഏറ്റവും പ്രായമുള്ളയാള്‍ നിര്യാതനായി

ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായമുള്ള സലുസ്റ്റ്യാനോ സാന്‍ഷെസ് ബ്ളാസ്ക്വെ് 112ാം വയസ്സില്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഗിന്നസ് ബുക് ഓഫ് വേള്‍ഡ് റെക്കോഡ്സ് ആണ് ഇദ്ദേഹത്തിന്‍െറ പ്രായം രേഖപ്പെടുത്തിയിട്ടുള്ളത്. പഴയ കാല സംഗീതജ്ഞനാണ് സാന്‍ഷെസ്. സ്പെയിനിലെ എല്‍ തേജാദോ ഡി ബേസാറില്‍ 1901 ജൂണ്‍ എട്ടിനാണ് സാന്‍ഷെസ് ജനിച്ചത്. അവിടെനിന്ന് ക്യൂബയിലേക്കും പിന്നീട് 1920ല്‍ അമേരിക്കയിലേക്കും കുടിയേറി. കെന്‍റക്കിയില്‍ ഖനി തൊഴിലാളിയായിരുന്ന അദ്ദേഹം പിന്നീട് ന്യൂയോര്‍ക്കിലേക്ക് മാറി.
 സാന്‍ഷെസിന് രണ്ട് കുട്ടികളും ഏഴ് പേരക്കുട്ടികളും അവര്‍ക്ക് 15 കുട്ടികളുമുണ്ട്. ഭാര്യ പേള്‍ 1988ല്‍ മരിച്ചു. നിത്യേന പഴം കഴിക്കുന്ന സ്വഭാവമുള്ള ആളായിരുന്നു സാന്‍ഷെസ്. ഇതാണ് തന്‍െറ ദീര്‍ഘായുസ്സിന്‍െറ രഹസ്യമെന്ന നിലപാടായിരുന്നു സാന്‍ഷെസിന്. സാന്‍ഷെസിന്‍െറ മരണത്തോടെ 111 വയസ്സുള്ള ഇറ്റലിക്കാരന്‍ അര്‍തുറോ ലികാത്തയാണ് ഗിന്നസ് കണക്കനുസരിച്ച് ഏറ്റവും പ്രായമുള്ള ആള്‍. ജപ്പാനിലെ മിസാകോ ഒകാവ ആണ് (വയസ്സ് 115) ഏറ്റവും പ്രായമുള്ള സ്ത്രീ. 122ാം വയസ്സുവരെ ഫ്രാന്‍സില്‍ ജീവിച്ച ജീന്‍ ലൂയി കല്‍മെന്‍റ് ആണ് ഇന്നേവരെ ഏറ്റവും കാലം ജീവിച്ച വ്യക്തി.

Search site